Web Desk

ന്യൂഡല്‍ഹി

October 28, 2020, 1:19 pm

ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

Janayugom Online

അമേരിക്കന്‍ കമ്പനി ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ഹീറോ ഹോണ്ടയുമായി കൈകോര്‍ത്ത് പ്രീമിയം ബൈക്കുകള്‍ വില്‍ക്കാനാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹീറോ ഹോണ്ട ഹാര്‍ലി ഡേവിഡ്സണിന്റെ വില്‍പനയും സര്‍വീസും നടത്തും. ഹാര്‍ലി ഡേവിഡ്സണിന്റെ പ്രത്യേക ഡീലര്‍മാര്‍ മുഖാന്തരവും ഹീറോയുടെ ഡീലര്‍ഷിപ്പ് വഴിയുമാണ് വില്‍പന.

ബൈക്കുകളുടെ സ്പെയർ പാർട്സുകളും അക്സസറികളും റൈഡിങ്ങ് ഗിയറുകളും വില്‍പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ലൈസന്‍സിംഗ് കരാറിന്റെ അടിസ്ഥാനത്തില്‍, ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡ് പേരിലായിരിക്കും മോട്ടോര്‍സൈക്കിളുകളുടെ നിർമ്മാണവും വില്പനയുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. 

ഒരു മാസം മുന്‍പാണ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ വില്‍പനയും നിര്‍മാണവും രാജ്യത്ത് അവസാനിപ്പിച്ചത്. ഈ തീരുമാനത്തിന് ശേഷം ഇന്ത്യയിലെ 70 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇന്ത്യൻ വിപണിയില്‍ നിന്നുള്ള വിടവാങ്ങൽ കമ്പനിയുടെ ആഗോള പുന:സംഘടന പദ്ധതിയുടെ ഭാഗമാണെന്ന് ഹാർലി ഡേവിഡ്സൺ പ്രസിഡന്റും ചെയർമാനും സിഇഒയുമായ യോചെൻ സൈറ്റ്സ് പറഞ്ഞിരുന്നു. ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയും ശൃംഖലയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനവും ഉപയോഗിച്ച് ഹാർലി ഡേവിഡ്സൺ ബ്രാൻഡിനെ ആകർഷിക്കുന്നതിനാണ് പുതിയ മാറ്റം. ഹാർലി-ഡേവിഡ്‌സന്റെ ഉൽ‌പാദന കേന്ദ്രം ഹരിയാനയിലാണ്.

ENGLISH SUMMARY:Harley David­son returns to India
You may also like this video