Web Desk

ലണ്ടൻ

January 19, 2020, 12:22 pm

ഹാരിയും മേഗനും ഇനി മുതൽ രാജകീയ പദവികൾ ഉപയോഗിക്കില്ല, വീട് നവീകരിക്കാൻ പൊതുഖജനാവിൽ നിന്ന് ചെലവിട്ട 24 ലക്ഷം പൗണ്ട് തിരിച്ചടയ്ക്കും

Janayugom Online

ഹാരിയും മേഗനും ഇനി മുതൽ പേരിനൊപ്പം രാജകീയ പദവികൾ ഉപയോഗിക്കില്ല. വീട് നവീകരിക്കാൻ വേണ്ടി പൊതുഖജനാവിൽ നിന്ന് ചെലവിട്ട 24 ലക്ഷം പൗണ്ട് തിരിച്ചടയ്ക്കാനും ഇരുവരും തീരുമാനിച്ചു. രാജകീയ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ നടപടികൾ.
ദമ്പതിമാർക്ക് തുടർന്നും രാജകുടുംബത്തിന്റെ പിന്തുണയുണ്ടാകുമെന്ന് രാജ്ഞി വ്യക്തമാക്കി. സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതം തുടങ്ങാൻ ഇരുവർക്കും സാധിക്കട്ടെയെന്നും അവർ ആശംസകൾ നേർന്നു. മേഗന്‍ എത്ര വേഗമാണ് തന്റെ കുടുംബത്തിന്റെ ഭാഗമായതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും രാജ്ഞി പറഞ്ഞു. മേഗനെ കുറിച്ചുയർന്ന വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു രാജ്ഞിയുടെ പ്രസ്താവന.

സസെക്സ് പ്രഭു-പ്രഭ്വി എന്ന നിലയിലുള്ള ഇവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമ്പോൾ ബദൽ സംവിധാനങ്ങൾ നിലവിൽ വരുമെന്നും രാജ്ഞി അറിയിച്ചു. എന്നാൽ അത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഹാരി പുതിയ സൈനിക നിയമനങ്ങൾ നടത്തില്ലെന്നും അവർ അറിയിച്ചു. സർക്കാർ ഖജനാവിൽ നിന്ന് രാജകുടുംബത്തിന് പ്രതിവർഷം നൽകുന്ന 822ലക്ഷം പൗണ്ടിന്റെ പങ്ക് പറ്റില്ലെന്നും ഹാരിയും മേഗനും അറിയിച്ചിട്ടുണ്ട്. അതേസമയം 2014ൽ ഹാരി രൂപീകരിച്ച ഭിന്നശേഷിക്കാരായ മുൻസൈനികരുടെ ഇൻവിക്റ്റസ് ഗെയിംസ് പോലുള്ള വിവിധ ജീവകാരുണ്യ സംഘടനകളുടെ രക്ഷാധികാര സ്ഥാനത്ത് ഇവർ തുടരും. സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടി രാജകീയ ചുമതലകളിൽ നിന്ന് ഒഴിയുന്നതായി ഈ മാസം എട്ടിനാണ് ഇവർ പ്രഖ്യാപനം നടത്തിയത്. ഇതിനായി ഇവർ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. കുടുംബാംഗങ്ങളുമായി മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇവർ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. ബ്രിട്ടനിലും വടക്കേ അമേരിക്കയിലുമായി തുടരുമെന്ന് ദമ്പതിമാർ അറിയിച്ചിട്ടുണ്ട്.

ഹാരിയും മേഗനും ആർച്ചിയും തങ്ങളുടെ കുടുംബത്തിലെ ഏറ്റവും സ്നേഹമുള്ള അംഗങ്ങളായി തുടരുമെന്ന് രാജ്ഞി അറിയിച്ചിട്ടുണ്ട്. രാജ്ഞിയുടെ പ്രഖ്യാപനത്തോടെ ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കും ഊഹാപോഹങ്ങൾക്കും അറുതി ആയിരിക്കുകയാണ്. ഇവർക്ക് ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്താനും രാജ്ഞി അനുമതി നൽകിയിട്ടുണ്ട്.

Har­ry and Meghan to drop HRH titles and repay £2.4m