Web Desk

ന്യൂഡൽഹി

June 18, 2020, 4:12 pm

കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ആദ്യമായി മൊബൈൽ ലാബ്

Janayugom Online

കോവിഡ് പരിശോധനയ്ക്ക് ആദ്യമായി രാജ്യത്ത് മൊബൈൽ ലാബ് ഒരുക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. രാജ്യത്തെ ഗ്രാമീണ മേഖലകൾക്ക് വേണ്ടിയാണ് ഇതുപയോഗിക്കുക. ആരോഗ്യസേവനങ്ങൾ ലഭ്യമാകാന്‍ ബുദ്ധിമുട്ടുള്ള കേന്ദ്രങ്ങളിലും ഇതിന്റെ സേവനം ലഭ്യമാകും.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആരോഗ്യസേവനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ആന്ധ്രാപ്രദേശ് മെഡ് ടെക് സോണും ചേർന്ന് ഇത്തരമൊരു മൊബൈൽ ലാബ് വികസിപ്പിച്ചിട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സേവന രംഗത്ത് സ്വയം പര്യാപ്തത കൈവരുത്തിക എന്നതാണ് ഉദ്ദേശ്യം.

നിത്യവും 25 ആർടി-പിസിആർ പരിശോധനകൾ നടത്താൻ ഇതിലൂടെ സാധിക്കും. ഇതിന് പുറമെ പ്രതിദിനം 300 എലീസ പരിശോധനയും സാധ്യമാണ്. ഇതിന് പുറമെ ടിബി, എച്ച്ഐവി പരിശോധനകളും സിജിഎച്ച്എസ് നിരക്കിൽ ഇതിൽ നടത്താനാകും.

ഫെബ്രുവരിയിൽ കോവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങിയപ്പോൾ രാജ്യത്ത് ഒരൊറ്റ ലാബ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യമെമ്പാടുമായി 953 പരിശോധനാകേന്ദ്രങ്ങൾ സജ്ജമാക്കാനായി. ഇതിൽ 699 ഉം സർക്കാർ ഉടമസ്ഥതയിലുള്ളതാണ്.

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 12,881 പുതിയ കേസുകളുണ്ടായി. ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സഖ്യയാണിത്.

eng­lish summary:Harsh Vard­han Launch­es Indi­a’s First Mobile Lab For COVID-19 Testing
you may also like this video: