കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം; ഹർസിമ്രത്ത് ബാദൽ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു

Web Desk

ന്യൂഡൽഹി:

Posted on September 17, 2020, 8:26 pm

വിവാദമായ കർഷക ഓർഡിനൻസുകള്‍ ലോക്‌സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ നിന്നുള്ള മന്ത്രിയായ ഹർസിമ്രത് കൗർ 2014 മുതൽ മോഡി സർക്കാരിന്റെ ഭക്ഷ്യവിതരണ വകുപ്പ് സഹമന്ത്രിയായിരുന്നു. ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിർക്കുമെന്ന് അകാലിദൾ നേതാവ് സുഖ്ബിർ ബാദൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മന്ത്രിയുടെ രാജി ഉണ്ടായിരിക്കുന്നത്.

ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. കിസാൻസഭ അടക്കമുള്ള ഇരുനൂറോളം കർഷകസംഘടനകൾ ഉള്‍ക്കൊള്ളുന്ന അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയും ദേശവ്യാപക സമരം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾ അവഗണിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

ബിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് അകാലിദൾ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ ആദ്യം പിന്തുണച്ച അകാലിദൾ പഞ്ചാബിൽ സമരം ശക്തമായ പശ്ചാത്തലത്തിലാണ് കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതുവരെ ബില്ലുമായി മുന്നോട്ടുപോകരുതെന്ന് ബിജെപിയോട് അഭ്യർത്ഥിച്ചത്. ബിൽ സംബന്ധിച്ച് പാർലമെന്റിൽ സംസാരിക്കവെ ബില്ലുകൾ പാസാക്കിയാൽ മന്ത്രിസഭയിലെ തന്റെ പാർട്ടി അംഗം ഹർസിമ്രത്ത് ബാദൽ രാജിവെക്കുമെന്ന് അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ പ്രഖ്യാപിച്ചു. എന്നാൽ ഈ പ്രഖ്യാപനം നടത്തുമ്പോൾ സ്പീക്കർ ഓം ബിർള സുഖ്ബീർ ബാദലിന്റെ മൈക്രോഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. നടപടിയുമായി ബിജെപി മുന്നോട്ടുപോയതോടെ ഹർസിമ്രത് കൗർ സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് രാജി സമർപ്പിക്കുകയുമായിരുന്നു.

എന്നാൽ കർഷകർക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച വിപ്ലവകാരികളാണ് തങ്ങൾ എന്നാണ് ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിങ് തോമർ അഭിപ്രായപ്പെട്ടത്. കാർഷിക ഉൽപാദന വിപണി സമിതി (എപിഎംസി) സംസ്ഥാനങ്ങളിൽ തുടരുമെന്നും തോമർ പറഞ്ഞു. കർഷകരുടെ ഉൽപന്നങ്ങളുടെ വിൽപനയും വാങ്ങലും സംബന്ധിച്ച തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം കർഷകർക്കും വ്യാപാരികൾക്കും ഉറപ്പാക്കുന്ന സ്ഥിതി സൃഷ്ടിക്കുന്നതിന് ബിൽ വ്യവസ്ഥ ചെയ്യുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഈ ബിൽ നിയമാമാകുന്നതിലൂടെ മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) സംവിധാനങ്ങൾ ഉൾപ്പെടെ നിർത്തലാക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് കർഷകർ ഭയപ്പെടുന്നത്. ബില്ലിൽ ലോക്‌സഭയിൽ വോട്ടിംഗ് നടക്കാനിരിക്കെ മന്ത്രി രാജിവെച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുകയാണ്.

നേരത്തെ, ലുധിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി രവനീത് സിങ് ബിട്ടു ബില്ലുകളെ എതിർക്കുകയും ‘കറുത്ത നിയമങ്ങൾ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കൃഷി ഒരു സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്രം എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും ചോദിച്ച രവനീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ ഹർസിമ്രത്ത് കൗർ ബാദലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പഞ്ചാബിലും ഹരിയാനയിലും ഇത് നടപ്പാക്കരുതെന്നും മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷണം നടത്താമെന്നും ബിട്ടു സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടാകാത്ത പക്ഷം കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും സുഖ്ബീർ സിങ്ങും എൻഡിഎയുമായുള്ള സഖ്യമുപേക്ഷിക്കാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ മോഡി സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങൾ മനസ്സിലാക്കാതെയാണ് ബാദൽ അധികാരത്തിൽ തുടരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഹരിയാനയിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജനനായക് ജന്ത പാർട്ടിയും (ജെജെപി) ബില്ലിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY: har­sim­rat badal resigns from union cab­i­net in protest against farm bills

YOU MAY ALSO LIKE THIS VIDEO