20 April 2024, Saturday

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

സമരൈക്യം: ഹര്‍ത്താല്‍ പൂര്‍ണം; ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
September 27, 2021 10:46 pm

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ജനകീയപ്രതിരോധം പടുത്തുയര്‍ത്തി കേരളത്തിൽ ഹര്‍ത്താല്‍ പൂര്‍ണം. രാജ്യത്തെ കർഷകര്‍ക്ക് പിന്തുണയുമായി ഭാരത് ബന്ദിന്റെ ഭാഗമായി 12 മണിക്കൂര്‍ ഹര്‍ത്താലില്‍ കേരളവും സമരൈക്യം പ്രകടമാക്കി. കട കമ്പോളങ്ങളും ഓഫീസുകളും അടച്ചിട്ട് ജനങ്ങള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചില സ്വകാര്യ വാഹനങ്ങളൊഴികെ ഓട്ടോ, ടാക്സി വാഹനങ്ങളും പൊതുഗതാഗതവുമുണ്ടായിരുന്നില്ല. സമാധാനപരമായിരുന്നു ഹര്‍ത്താല്‍.

കർഷകർക്കൊപ്പം തൊഴിലാളികളും ജീവനക്കാരുമടങ്ങുന്ന ജനവിഭാഗങ്ങള്‍ അണിചേർന്നപ്പോൾ അവശ്യ സർവീസുകളൊഴികെ സമസ്ത മേഖലകളും നിശ്ചലമായി. സ്വമേധയാ പിന്തുണ നൽകി ജനങ്ങൾ പൂർണമായും ഹർത്താലിനോട് സഹകരിച്ചു. സർക്കാർ ഓഫീസുകളിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഹാജരായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഹർത്താൽ തടസമായില്ല. റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജനങ്ങള്‍ക്ക് പൊലീസും സന്നദ്ധ സംഘടനകളും യാത്രാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രാദേശിക മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായി.

കര്‍ഷകസമരത്തിന് ഐക്യദാർഢ്യവുമായി എൽഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ യുഡിഎഫും പിന്തുണച്ചു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കര്‍ഷക, തൊഴിലാളി, വര്‍ഗ, ബഹുജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ കർഷക ധര്‍ണകളും സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാര്‍ഢ്യ കൂട്ടായ്മകളും സംഘടിപ്പിച്ചു. അഞ്ചു ലക്ഷത്തിലേറെ കർഷകര്‍ കോവിഡ് മാനദണ്ഡം പാലിച്ച് ധര്‍ണകളില്‍ പങ്കെടുത്തു. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും തെരുവുകളിലും ജോലിസ്ഥലങ്ങളിലും പ്രകടനങ്ങളും ധർണകളും സംഘടിപ്പിച്ചു. രാവിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു.

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ അഖിലേന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സംയുക്തകര്‍ഷക സമിതി ചെയര്‍മാനും കിസാന്‍സഭ ദേശീയ സെക്രട്ടറിയുമായ സത്യന്‍മൊകേരി അധ്യക്ഷനായി. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തി. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍നായര്‍ പ്രസംഗിച്ചു.

 


ഇതുകൂടി വായിക്കൂ; ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനവുമായി രാജ്യസഭാധ്യക്ഷന്‍


 

സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജിപിഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. തൃശൂരില്‍ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും കോഴിക്കോട് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, കൊല്ലത്ത് എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ജെ ഉദയഭാനു എന്നിവരും പ്രതിഷേധ കൂട്ടായ്മകള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹർത്താൽ വമ്പിച്ച വിജയമാക്കിയ തൊഴിലാളികളെയും, കർഷകരെയും, ബഹുജനങ്ങളെയും സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയർമാൻ ആർ ചന്ദ്രശേഖരൻ, സെക്രട്ടറി എളമരം കരീം എംപി, കൺവീനർ കെ പി രാജേന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു.

Eng­lish Sum­ma­ry: Har­tal com­plete; Protest ral­lies in thou­sands of centers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.