ഹര്‍ത്താലില്‍ എസ്‌ഐയുടെ കൈയ്യൊടിച്ചവന്‍ പൊലീസ് കുപ്പായം കാത്തിരിക്കുന്നയാള്‍

Web Desk

പൊന്നാനി

Posted on January 06, 2019, 10:04 am

ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച്‌ നടന്ന ഹര്‍ത്താലില്‍ പൊലീസിനു നേരെയുണ്ടായ അക്രമത്തില്‍ പിടിയിലായ പ്രതി പൊലീസ് കുപ്പായം കാത്തിരിക്കുന്നയാള്‍. ആശ്രിത നിയമനത്തില്‍  പൊലീസ് കുപ്പായം അണിയാന്‍ കാത്തിരിക്കുന്ന കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുണ്‍കുമാറാ (22) ണ് അറസ്റ്റിലായത്. അക്രമികളെ നേരിടാനെത്തിയ പൊന്നാനി എസ്ഐ കെ നൗഫലിന്റെ കൈയൊടിച്ച കേസിലാണ് അരുണ്‍ കുമാര്‍ അറസ്റ്റിലായത്. പൊന്നാനി സിഐ സണ്ണി ചാക്കോയാണ് എസ്ഐയുടെ കൈയ്യൊടിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്തത്.

ആശ്രിതനിയമനത്തിനായി നടപടിക്രമങ്ങൾ നടക്കുന്നതിനിടയിലാണ് പ്രതിയാകുന്നത്. ജനുവരി 3 ന് ശബരിമല കര്‍മ സമിതിയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

അരുൺകുമാർ അക്രമത്തിനു മുതിരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. എവി ഹൈസ്കൂളിനു സമീപം പൊലീസിനു നേരെ നടന്ന ഏറ്റുമുട്ടലിനിടെ അരുൺകുമാർ കല്ലെടുക്കുന്നതിന്റെയും വടികൊണ്ട് അക്രമിക്കാനെത്തുന്നതിന്റെയും ദൃശ്യങ്ങൾ സഹിതമുള്ള തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അക്രമത്തിനു നേതൃത്വം നൽകിയ ആർഎസ്എസ് താലൂക്ക് കാര്യവാഹ് മാറ‍ഞ്ചേരി മുക്കാല അരിയല്ലി സുനിൽകുമാറിനെയും പൊലീസ് അറസ്റ്റുചെയ്തു.

കേസില്‍ പ്രതിയായ അരുണിന്റെ അച്ഛന്‍ പൊലീസ് സര്‍വീസിലിരിക്കെ ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം പൊലീസിലേക്ക് നേരിട്ട് അരുണിന് നിയമനം ലഭിക്കുമായിരുന്നു.