Monday
25 Mar 2019

ഹര്‍ത്താല്‍ ഹരമാക്കുന്നവരും ചരിത്രമെഴുതിയ വനിതാമതിലും

By: Web Desk | Thursday 3 January 2019 10:24 PM IST


2018 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2019 ജനുവരി മൂന്നുവരെ, മുന്ന് മാസത്തിനുള്ളില്‍ അയ്യപ്പനെ രക്ഷിക്കുവാന്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും ഏഴു ഹര്‍ത്താലുകള്‍. യുഡിഎഫ് ഉചിതമായ നാമമാണ് അവരുടെ പ്രക്ഷോഭത്തിന് നല്‍കിയത്- കരിദിനം. കാരണം കടുത്ത കരിദിനങ്ങളിലൂടെയാണ് കോണ്‍ഗ്രസും അവര്‍ നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും കുറച്ചുകാലമായി കടന്നുപോകുന്നത്.

മഹാത്മാഗാന്ധിയെക്കുറിച്ച് നിമിഷം തോറും വാചാലരാകുന്ന കോണ്‍ഗ്രസുകാര്‍ 1931 ഡിസംബര്‍ 31ന് ‘യങ് ഇന്ത്യ’യില്‍ എഴുതിയ വരികള്‍, ഈശ്വരനുവേണ്ടിയും വിശ്വാസികള്‍ക്കുവേണ്ടിയും കലാപമുണ്ടാക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുമ്പോള്‍, സംഘപരിവാറിന്റെ ബി ടീമായി കൊടിപിടിക്കാതെ അവര്‍ക്കൊപ്പം കലാപത്തിലും സമരത്തിലും പങ്കാളിയാവുമ്പോള്‍ ഒരു തവണയെങ്കിലും വായിക്കേണ്ടതാണ്. ഗാന്ധിജി ഇങ്ങനെ എഴുതി: ”ഈശ്വരന്‍ സര്‍വോപരി സത്യമാണ്. കുറച്ചുകൂടി കടന്നു ചിന്തിക്കുകയാണെങ്കില്‍, സത്യമാണ് ഈശ്വരന്‍ എന്നു പറയേണ്ടിവരും. സത്യം ഈശ്വരനാണെന്ന പ്രസ്താവം നിരീശ്വരന്‍മാര്‍ക്കുപോലും അനിഷ്ടമാകാനിടയില്ല. ഓരോ മനുഷ്യവ്യക്തിയുടെയും ഉള്ളിലുള്ള ശബ്ദമാണ് സത്യം. അതു പലര്‍ക്കും പലമാതിരിയായി പ്രത്യക്ഷപ്പെടുന്നത് മാനസിക വികാസത്തിന്റെ വ്യത്യാസം നിമിത്തമാണ്”. ഭദ്രമായ മനസുള്ളവര്‍ക്ക് മാത്രമേ സത്യത്തിന്റെ ശബ്ദം കേള്‍ക്കുവാനാവൂ എന്നും ഗാന്ധിജി ഓര്‍മിപ്പിച്ചു. ഭദ്രമായ മനസുണ്ടാവാന്‍ സംഘകുടുംബവും കോണ്‍ഗ്രസും ഈ നവോത്ഥാന കാലത്തുയര്‍ത്തുന്ന നീചവും അധമവുമായ, കാലം തള്ളിക്കളഞ്ഞ അനാചാരത്തിലും അന്ധവിശ്വാസത്തിലും അധിഷ്ഠിതമായ വ്രതനിഷ്ഠകളല്ല, അദ്ദേഹം അനുഷ്ഠിക്കുവാന്‍ പറഞ്ഞ മൂന്ന് വ്രതങ്ങള്‍ ഇവയാണ്. അഹിംസ, അസ്‌തേയം, ഇന്ദ്രിയ നിഗ്രഹം. ഗാന്ധിജിയെ എന്നേ മറന്നുപോയ കോണ്‍ഗ്രസുകാര്‍ക്കും അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ച് ആനന്ദനൃത്തമാടുകയും ലഡുവിതരണം നടത്തുകയും ചെയ്ത സംഘപരിവാറിനും ഗാന്ധിജിയുടെ വരികള്‍ അപ്രസക്തവും അനാവശ്യവുമാകുന്നതില്‍ അദ്ഭുതമില്ല.

പവിത്രമായ അയ്യപ്പ സന്നിധാനത്തെയും പൂങ്കാവനത്തെയും കലാപഭൂമിയാക്കിയവര്‍ ഇപ്പോള്‍ കേരളത്തെയാകെ കലാപഭൂമിയാക്കുകയാണ്. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടു യുവതികള്‍ അയ്യപ്പ ദര്‍ശനം നടത്തിയത് മഹാപാതകമെന്ന് ആക്രോശിച്ചുകൊണ്ടാണ് രണ്ട് ദിവസമായി അക്രമപരമ്പര അരങ്ങേറുന്നത്. ഉന്നതമായ ജനാധിപത്യ വ്യവസ്ഥയിലെ നാലാം നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ ഭീഷണിയിലൂടെയും ഗുണ്ടായിസത്തിലൂടെയും അമര്‍ച്ച ചെയ്യുവാന്‍ നീച യത്‌നങ്ങള്‍ നിരന്തരം തുടരുന്നു. കലാലയങ്ങളിലേക്കും പള്ളിക്കൂടങ്ങളിലേക്കും കല്ലെറിയുന്നു. സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും അടിച്ചുതകര്‍ക്കുന്നു. സിപിഐ യുടെയും സിപിഐഎമ്മിന്റെയും ഓഫീസുകള്‍ ആക്രമിക്കുന്നു. പതാകകള്‍, ബോര്‍ഡുകള്‍ എന്നിവ അഗ്നിക്കിരയാക്കുന്നു. പൊതുനിരത്തുകളില്‍ തീയിടലും കുപ്പിയേറും പടക്കമെറിയലും നടത്തുന്നു. വനിതാമതിലില്‍ പങ്കെടുത്ത സ്ത്രീകളെ അതിക്രമിക്കുന്നു. ഈവിധം വ്യാപകമായി അക്രമപരമ്പരകള്‍ അതിഗൂഢ അജണ്ടയായി ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദുമന്ദഹാസത്തില്‍ പൊതിഞ്ഞ കനത്ത മൗനം കൊണ്ട് പിന്തുണയ്ക്കുകയാണ്.
കനകദുര്‍ഗയും ബിന്ദുവും കലാപകാരികള്‍ക്ക് ആകസ്മിക പ്രതീകമാണ്. ഹര്‍ത്താലുകളും കരിദിനവും അക്രമപരമ്പരകളും യഥാര്‍ഥഭക്തര്‍ക്കും ജനങ്ങള്‍ക്കും രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രിം കോടതിക്കും എതിരായിട്ടാണ്. ജനങ്ങളുടെ മൗലികാവകാശങ്ങളെയും ആരാധനാസ്വാതന്ത്ര്യത്തെയും സ്ത്രീ-പുരുഷ സമത്വത്തെയും നവോത്ഥാന മൂല്യങ്ങളെയും നിയമനീതിന്യായ വ്യവസ്ഥയെയും അക്രമത്തിലൂടെയും കലാപങ്ങളിലൂടെയും ഇക്കൂട്ടര്‍ വെല്ലുവിളിക്കുകയാണ്. പാവനമായ ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ കാറ്റില്‍ പറത്തുകയാണ്.

1991 വരെ പ്രായഭേദമന്യേ സ്ത്രീപ്രവേശമുണ്ടായിരുന്ന ശബരിമലയില്‍ നിന്ന് അയ്യപ്പന്‍ ഇറങ്ങിപ്പോയതേയില്ല. നടയടയ്ക്കലും ശുദ്ധികലശവുമുണ്ടായില്ല. സുപ്രിം കോടതി വിധി വന്നപ്പോള്‍ ആദ്യം ചരിത്രവിധിയെന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്ത ബിജെപിയും കോണ്‍ഗ്രസും പിന്നാലെ ഉള്‍വിളി ഉണ്ടായതുപോലെ ആചാരാനുഷ്ഠാനങ്ങളുടെ ലംഘനമാവും യുവതീപ്രവേശനം എന്ന് പ്രഖ്യാപിച്ച് സമരാഭാസങ്ങളില്‍ ഏര്‍പ്പെട്ടു. അത് കലാപമായി വളര്‍ത്താന്‍ പരിശ്രമിച്ചു.

ഇപ്പോള്‍ സുപ്രിം കോടതി വിധി മാനിക്കാതെ യുവതീപ്രവേശനത്തിന്റെ പേരില്‍ അയ്യപ്പനട അടച്ചിടുന്നു. പുണ്യാഹം നടത്തുന്നു. ശുദ്ധികലശം നടത്തുന്നു. മലയരന്‍മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ശബരിമല പിടിച്ചെടുത്ത ബ്രാഹ്മണ പൗരോഹിത്യം അയിത്തോച്ചാടനം നടന്ന കേരളത്തില്‍ അനാചാരങ്ങളെ തിരിച്ചു കൊണ്ടുവരികയാണ്. തന്ത്രിമാരും മേല്‍ശാന്തിമാരും ശബരിമലയുടെയും അയ്യപ്പന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരുടെ കൈകളിലെ രാഷ്ട്രീയ പാവകളായി മാറി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരം അരക്കോടിയിലേറെ വനിതകള്‍ അണിനിരന്ന മതില്‍ ജനങ്ങളില്‍ നിന്നും യഥാര്‍ഥഭക്തരില്‍ നിന്നും ഒറ്റപ്പെട്ട ബിജെപിയെയും കോണ്‍ഗ്രസിനെയും ആശങ്കയുടെയും ഞെട്ടലിന്റെയും നടുക്കടലിലാഴ്ത്തി. ആ ഞെട്ടലില്‍ നിന്ന് വിമുക്തി നേടുവാന്‍ അക്രമപരമ്പരകള്‍ക്ക് തിരികൊളുത്തുകയാണ്. സുപ്രിം കോടതി വിധി വന്ന് ആദ്യ മൂന്ന് നാല് ദിനങ്ങളില്‍ ഭക്തിയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ നാമജപഘോഷയാത്രയില്‍ അണിനിരന്ന വനിതകള്‍ അവരുടെ രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ് കയ്യൊഴിഞ്ഞു. സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും അവര്‍ തീര്‍ത്തും ഒറ്റപ്പെടുത്തി.

വനിതാമതില്‍ ഒറ്റവരി മതില്‍ മാത്രമായിരുന്നില്ല. മഹാഭൂരിപക്ഷമിടങ്ങളില്‍ വനിതാ സാഗരമായി. യഥാര്‍ഥ ഭക്തര്‍ ആര്‍ക്കൊപ്പമെന്ന് നവവത്സരദിനത്തില്‍ തെളിഞ്ഞു. വര്‍ഗീയമതില്‍ എന്നാക്ഷേപിച്ചവര്‍ക്കും മതില്‍ പൊളിക്കുമെന്ന് പ്രവചിച്ചവര്‍ക്കും കനത്ത പ്രഹരമായി പുതുചരിത്രമെഴുതിയ വനിതാമതില്‍. ഒരു മതത്തില്‍ പിറന്നവര്‍ മാത്രമല്ല, സര്‍വമതത്തിലും പിറന്നവര്‍ അണിചേര്‍ന്നു; കന്യാസ്ത്രീകളും പര്‍ദ്ദയണിഞ്ഞ വനിതകളും മതിലില്‍ കണ്ണികളായപ്പോള്‍, ബിഷപ്പുമാരും ഇമാംമാരും പിന്തുണയുമായെത്തിയപ്പോള്‍ വര്‍ഗീയ മതില്‍ എന്ന നുണപ്രചാരണം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. കുപ്രചരണക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഇളിഭ്യരായി.
കേരള ജനതയുടെ വികാര-വിചാര-വിവേകങ്ങള്‍ തെളിയിച്ച വനിതാമതിലിന്റെ പശ്ചാത്തലത്തിലെങ്കിലും ഹര്‍ത്താര്‍ ഹരമാക്കിയവരും കരിദിനക്കാരും കലാപകാരികളും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ നന്ന്. അല്ലെങ്കില്‍ ഇക്കൂട്ടര്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടും.