ഹര്‍ത്താലിലും കോണ്‍ഗ്രസ് ഗ്രൂപ്പുപോര്

Web Desk
Posted on October 05, 2017, 11:18 pm

കെപിസിസി നേതൃത്വവും എ ഗ്രൂപ്പും
ക്കമാന്‍ഡിന് പരാതി നല്‍കി

മനോജ് മാധവന്‍

തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരിലും കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുപോര്. കെപിസിസിയുമായി ആലോചിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ച യുഡിഎഫ് ഹര്‍ത്താലിനെതിരെ കെപിസിസി നേതൃത്വവും എ ഗ്രൂപ്പും ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഹര്‍ത്താല്‍ ആഹ്വാനം പുനഃപരിശോധിക്കണമെന്ന് ചെന്നിത്തലയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഹര്‍ത്താല്‍ കെപിസിസി പ്രസിഡന്റിന്റെയോ, നിര്‍വ്വാഹസമിതിയുടെയോ അനുമതി കൂടാതെയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിനു മുന്‍പ് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, കെ മുരളീധരന്‍ തുടങ്ങി മറ്റ് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്താനും ചെന്നിത്തല തയ്യാറായില്ല. ഇതാണ് എ ഗ്രൂപ്പിനെയും കെപിസിസി പ്രസിഡന്റ് എം എം ഹസനെയും ചൊടിപ്പിക്കാന്‍ ഇടയാക്കിയതും എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തുറന്ന പോരിന് വഴിവച്ചതും.
ഐ ഗ്രൂപ്പ് ഹര്‍ത്താലെന്ന വിശേഷണമാണ് എ ഗ്രൂപ്പ് നേതാക്കള്‍ ചെന്നിത്തലയുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് നല്‍കിയത്. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ഹര്‍ത്താലിനെതിരെ ഉപവാസ സമരംവരെ നടത്തിയ എം എം ഹസന്‍ കെപിസിസി പ്രസിഡന്റുമായിരിക്കെയാണ് കോണ്‍ഗ്രസിനെ നാണക്കേടിലാക്കിയ പ്രഖ്യാപനം ചെന്നിത്തല നടത്തിയത്.

വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് ഹര്‍ത്താലെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപനം യുഡിഎഫിനെ തിരിഞ്ഞുകുത്തുമെന്നും ഉറപ്പാണ്. ജനജീവിതം സ്തംഭിപ്പിക്കുന്ന സമരമുറകളോട് ജനത്തിനുള്ള സമീപനം മനസിലാക്കാതെയാണ് പ്രതിപക്ഷനേതാവ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് ലീഗ് സംസ്ഥാന നേതൃത്വവും വിലയിരുത്തി. പ്രതീക്ഷിക്കുന്ന വോട്ടുകള്‍ കൂടി ലഭിക്കാതെവന്നാല്‍ അതിന് ഉത്തരവാദി ചെന്നിത്തലയും കോണ്‍ഗ്രസ് ഐ ഗ്രൂപ്പുമായിരിക്കുമെന്നും ലീഗ് നേതാക്കള്‍ കെപിസിസി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ കെപിസിസി പ്രസിഡന്റും മുന്നണി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ യുഡിഎഫ് കണ്‍വീനറുമാണ് പ്രഖ്യാപിക്കേണ്ടത്. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കളെല്ലാം മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ്. ബന്ധപ്പെട്ട ഘടകങ്ങളുമായി യാതൊരുവിധ കൂടിയാലോചനയുമില്ലാതെ ഐ ഗ്രൂപ്പ് നേതാക്കളുമായി മാത്രം ആശയവിനിമയം നടത്തിയാണ് മലപ്പുറം പ്രസ്‌ക്ലബ്ബില്‍ 13ന് യുഡിഎഫ് ഹര്‍ത്താലെന്ന ചെന്നിത്തലയുടെ ആദ്യ പ്രഖ്യാപനം വന്നത്. ഇതിനുശേഷമാണ് കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ഹര്‍ത്താല്‍ വിവരം അറിയുന്നതുപോലും. ഇതോടെ കേരളത്തില്‍ ഉടനീളമുള്ള ഫുട്‌ബോള്‍ ആരാധകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങളും കാണികളും ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്റെ ഭാഗമായി കേരളത്തില്‍ എത്തുന്നതുപോലും മനസിലാക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ചെന്നിത്തലയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ആദ്യ മണിക്കൂറില്‍ പ്രതിഷേധ ട്രോളുകളുടെ പ്രളയം തന്നെയുണ്ടായി.

വേങ്ങര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗ്രൂപ്പ് പോരിന്റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിലെ തിരിച്ചടി മണത്ത മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം, ഹര്‍ത്താല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഒരു ദിവസം മുന്‍പേ 12ന് യുഡിഎഫ് ഹര്‍ത്താലെന്ന ചെന്നിത്തലയുടെ രണ്ടാമത്തെ പ്രഖ്യാപനം നടത്തിയതിലും കെപിസിസിയുമായി കൂടിയാലോചന നടത്തിയില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം നേതാക്കള്‍ അറിയിച്ചു. ഇതോടെ 16ന് യുഡിഎഫ് ഹര്‍ത്താല്‍ ഉറപ്പിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം രാത്രിവൈകിയെത്തി. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിന് നല്‍കിയ കത്തില്‍ കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഗ്രൂപ്പ് പോരുകള്‍ സമവായത്തിലെത്തിക്കാന്‍ ഇന്നലെ ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ വേങ്ങര തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരവും നടക്കുന്നതിനാല്‍ കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇന്നും നാളെയുമായി എ, ഐ ഗ്രൂപ്പ് പ്രതിനിധികള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് സംഘടനാ പരാതികള്‍ ബോധ്യപ്പെടുത്തും. ഇന്ന് ഡല്‍ഹിയിലെത്തുന്ന കെ മുരളീധരന്‍ ഹര്‍ത്താല്‍ വിഷയവും ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്ന് അറിയുന്നു.