Janayugom Online
SDPI hartal in Kerala- Janayugam

ഹര്‍ത്താല്‍ പിന്‍വലിച്ചു

Web Desk
Posted on July 16, 2018, 6:54 pm

എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചതായി അറിയിച്ചു. കസ്റ്റഡിയലെടുത്ത നേതാക്കളെ വിട്ടയച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. എന്നാല്‍, പൊലീസ് വേട്ടയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.

അഭിമന്യു വധക്കേസില്‍ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ സംസ്ഥാന നേതാക്കളെ വിട്ടയച്ചു

അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ സംസ്ഥാന നേതാക്കളെ വിട്ടയച്ചു. വൈകുന്നേരം 5.15 ഓടെയാണ് ഇവരെ വിട്ടയച്ചത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. റോയ് അറക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി തുടങ്ങി ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു സംഭവം. സംസ്ഥാനജില്ലാ പ്രസിഡന്റുമാരുടെ വാഹനങ്ങള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലിയുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും സൂചനയുണ്ട്. എന്നാല്‍, വിട്ടയച്ച നേതാക്കള്‍ പുറത്തുവന്ന് ഹൈക്കോടതി മാര്‍ച്ചില്‍ തങ്ങള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് വിളിച്ചതെന്നും പങ്കില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു എന്ന് പറഞ്ഞു. അന്വേഷണ സംഘത്തലവനായ എസിപി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്.