ബിജെപി വിജയം വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയതിനാല്‍: ഹാര്‍ദിക് പട്ടേല്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിക്കുണ്ടായ വിജയം വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയതിനാലാണെന്ന ആരോപണം ആവര്‍ത്തിച്ച് പട്ടേല്‍ വിഭാഗം സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. സൂററ്റ്, രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിലാണ് തിരിമറി നടന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താതെ ബിജെപിക്ക് ജയിക്കാനാവില്ലെന്ന് ഹാര്‍ദിക് നേരത്തേയും പറഞ്ഞിരുന്നു.
അതിസുരക്ഷയുള്ള എടിഎം യന്ത്രങ്ങള്‍ ഹാക്കിംഗിലൂടെ തകര്‍ക്കാമെങ്കില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അങ്ങനെ വോട്ടിങ് യന്ത്രത്തില്‍ തിരിമറി കാട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയെ അഭിനന്ദിക്കുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള സാഹചര്യം നേരത്തെ തന്നെ സൃഷ്ടിച്ചിരുന്നു, ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
വോട്ടിങ് യന്ത്രത്തില്‍ നടത്തിയ തിരിമറി മറച്ചുവയ്ക്കുന്നതിനാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തെ കുറിച്ച് ബിജെപി പറയുന്നത്. വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകള്‍ കോണ്‍ഗ്രസും ഗൗരവമായി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിയ അന്തരം വരുത്തിയാല്‍ മത്സരം കടുത്തതായിരുന്നെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാവും. ഇതിലൂടെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് മറച്ചുവയ്ക്കുകയും ചെയ്യാം. ഈ രീതിയാണ് ബിജെപി അവലംബിച്ചതെന്നും പട്ടേല്‍ പറഞ്ഞു.
ഗുജറാത്ത് ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍ കുമാര്‍ ജ്യോതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുന്നതല്ല. വിവിപാറ്റ് മെഷീനുകള്‍ നിങ്ങള്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് ഉറപ്പിക്കുന്നതിന് തെളിവുകളും തരുന്നുണ്ട്. അതുകൊണ്ട് തന്നെ മെഷീനില്‍ കൃത്രിമം കാണിച്ചുവെന്ന പരാതി ശരിയല്ലെന്നും അചല്‍കുമാര്‍ ജ്യോതി പറഞ്ഞു. മെഷീനുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വോട്ടുകള്‍ ബിജെപിക്ക് മാത്രമാണ് വീഴുന്നതെന്നും പരാതികളുണ്ടായിരുന്നു. ആറു ബൂത്തുകളില്‍ ചില കാരണങ്ങള്‍ കൊണ്ട് റീപോളിങ്ങും നടന്നിരുന്നു.
എന്നാല്‍ വോട്ടിങ് മെഷീനുകള്‍ പറയുന്നത്ര 100 ശതമാനം സുരക്ഷിതമല്ലെന്നും ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും ഇവിഎം നിര്‍മാതാക്കളായ മൈക്രോചിപ്പ് ഇങ്ക് യുഎസ്എ വ്യക്തമാക്കുന്നു. സോഴ്സ് കോഡിന്റെ സുരക്ഷ കമ്പനി ഉറപ്പ് പറയുന്നുണ്ടെങ്കിലും അതിന്റെ അര്‍ത്ഥം മെഷീന് ഹാക്ക് ചെയ്യാന്‍ കഴിയില്ല എന്നതല്ലെന്ന് മൈക്രോചിപ്പ് ഇങ്ക് വ്യക്തമാക്കി.