6 November 2025, Thursday

ഹരിയാന എഡിജിപിയുടെ ആത്മഹ ത്യ : ഡിജിപി അവധിയില്‍ പ്രവേശിച്ചു

പ്രതിഷേധത്തെ തുടര്‍ന്ന് മോഡിയുടെ റാലി റദ്ദാക്കി
Janayugom Webdesk
ചണ്ഡീഗഢ്
October 14, 2025 8:46 pm

ദളിത് പീഡനത്തെത്തുടര്‍ന്ന് എഡിജിപി വൈ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമ്മര്‍ദത്തിലായ നയാബ്സിങ് സൈനി സര്‍ക്കാര്‍ സംസ്ഥാന ഡിജിപിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ദളിത് സംഘടനകളും പ്രക്ഷോഭവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാര്‍ ഡിജിപി ശത്രുജിത് കപൂറിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്.

ഇതിനിടെ നയാബ് സിങ് സൈനി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലി റദ്ദാക്കി. ഈമാസം 17 ന് സോണിപ്പത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. പുരണ്‍ കുമാറിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്ന കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് മോഡിയുടെ റാലി റദ്ദാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.

പുരണ്‍കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ദളിത് മഹാപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമപരമായി ശിക്ഷിക്കാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും മഹാപഞ്ചായത്ത് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കേസില്‍ ആരോപണ വിധേയനായ റോഹ്തക് എസ് പി നരേന്ദ്ര ബിര്‍ജാനിയെ വിവാദത്തിന് പിന്നാലെ സ്ഥലം മാറ്റിയിരുന്നു. മരിച്ച പുരണ്‍കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന കുടുംബത്തിന്റെ ആവശ്യം ഇപ്പോഴും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. ഇതിനിടെ ദളിത് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ എന്‍ഡിഎ സഖ്യകക്ഷികളും ബിജെപിക്കെതിരെ രംഗത്ത് വന്നു.

ബിഹാറിലെ ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി, കേന്ദ്രമന്ത്രി രാംദാസ് അത് വലെയുടെ റിപ്പ്ലബിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവയാണ് ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. പുരണ്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ പേരുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.