6 October 2024, Sunday
KSFE Galaxy Chits Banner 2

ഹരിയാന തെരഞ്ഞെടുപ്പും രാഷ്ട്രീയ സഖ്യങ്ങളും

കല്യാണി ശങ്കർ
September 10, 2024 4:30 am

തീയതി കുറിക്കപ്പെട്ട മഹാരാഷ്ട്ര, ഝാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ ഈ സംസ്ഥാനങ്ങളുടെ ഭാവി രൂപപ്പെടുത്തുകയും ദേശീയ രാഷ്ട്രീയ ഭൂപ്രകൃതിയെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരാണ് വിജയിക്കുക? ഭരണകക്ഷിയായ ബിജെപി ഭരണം നിലനിർത്തുമോ, അതോ ഉയിർത്തെഴുന്നേൽക്കുന്ന കോൺഗ്രസിന് വിജയസാധ്യതയുണ്ടോ?
ആകെ 90 സീറ്റുകളുള്ള ഹരിയാന വൈവിധ്യമാർന്ന ബഹുകോണ മത്സരത്തിനൊരുങ്ങുകയാണ്. ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. എഎപി, സമാജ്‌വാദി പാർട്ടി, സിപിഐ, സിപിഐ(എം), ഹരിയാന ലോക്‌ഹിത് പാർട്ടി എന്നിവയും രംഗത്തുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിധ്യവും കൂടുതല്‍ ചലനാത്മകതയും നൽകുന്നു.
ബിജെപി, ജെജെപി, ആസാദ് സമാജ് പാർട്ടി (കാൻഷി റാം) സഖ്യം തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ദുഷ്യന്ത് ചൗട്ടാലയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍, ഐഎൻഎൽഡിയും ബി എസ്‌പിയും അഭയ് സിങ് ചൗട്ടാലയെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു.
ബിജെപിയും കോൺഗ്രസും മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിങ് ഹൂഡയാണ് കോൺഗ്രസിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി നയാബ് സിങ് സൈനിയാണ് ബിജെപിയെ നയിക്കുന്നത്.
ഇരുപാർട്ടികളും ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ബിജെപിയുടെ കാര്യത്തിൽ മന്ത്രി രഞ്ജിത് സിങ് ചൗട്ടാലയും എംഎൽഎ ലക്ഷ്മൺ ദാസ് നാപയും ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി വിട്ടു. മറ്റ് പ്രമുഖരും ജില്ലാ നേതാക്കളും പരിഗണന നല്‍കിയില്ലെന്നാരോപിച്ച് രാജിവച്ചു.


നമ്മള്‍ അതിജീവിക്കും


10 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ആം ആദ്മി പാർട്ടിയുമായും (എഎപി), സമാജ്‌വാദി പാർട്ടിയുമായും സഖ്യത്തിനായി തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നുണ്ട്. എഎപിക്ക് ഏതാനും സീറ്റുകൾ വിട്ടുനൽകാമെന്നാണ് ഹൂഡ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഡൽഹി മുഖ്യമന്ത്രിയായ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മദ്യ കുംഭകോണത്തിൽ പങ്കുണ്ടെന്ന് കേസുള്ളതായി ചില നേതാക്കള്‍ ആരോപണം ഉന്നയി‌ക്കുകയും ചെയ്യുന്നു.
ഹരിയാന തെരഞ്ഞെടുപ്പ് നിർണായകമാണ് ബിജെപിക്ക്. മൂന്നാമതും അധികാരം പിടിക്കാൻ ആ പാര്‍ട്ടി ആഗ്രഹിക്കുന്നു. എന്നാല്‍ അധികാരം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മറ്റ് പ്രാദേശിക പാർട്ടികള്‍ അധികാരം പങ്കിടാൻ മത്സരിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകൾ മാത്രമാണ് അവര്‍ നേടിയത്. അഞ്ച് സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി. ലോക്‌സഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ജെഡിയുവിന്റെയും തെലുങ്കുദേശത്തിന്റെയും സഹായത്തോടെ സർക്കാർ രൂപീകരിക്കേണ്ടി വന്നതിലെ ഒരു ഘടകം ഇതാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് ബിജെപി സംസ്ഥാനത്ത് ശക്തിപ്രാപിച്ചത്. 2019ൽ 40 സീറ്റുകളുമായി അവര്‍ സർക്കാർ രൂപീകരിച്ചു. ഭൂരിപക്ഷത്തിന് ആറ് സീറ്റ് കുറവായിരുന്നെങ്കിലും 10 സീറ്റുകളുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി) ബിജെപിയെ പിന്തുണച്ചു. എന്നാൽ ബിജെപിയുമായുള്ള സഖ്യം അടുത്തിടെ ജെജെപി അവസാനിപ്പിച്ചു.
ബിജെപിയുടെ വോട്ട് വിഹിതം 2019ലെ 58.2ൽ നിന്ന് 24ൽ 46.11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കർഷകരുടെ വിരോധമാണ് പ്രധാന കാരണം. 2024ൽ ഇന്ത്യ സഖ്യം ബിജെപിയുടെ വോട്ട് വിഹിതം മറികടന്നു. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബിജെപി, മാർച്ചിൽ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സൈനിയെ നിയമിച്ചു. പുതിയ മുഖ്യമന്ത്രി ചില ക്ഷേമപദ്ധതികൾ അവതരിപ്പിച്ചു, സർക്കാർ സര്‍വീസിലെ ഒഴിവുകൾ നികത്തുമെന്ന് വാഗ്ദാനം ചെയ്തു. ജാട്ട് പ്രശ്നം പരിഹരിച്ച് അവരുടെ വോട്ട് പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. എന്നാൽ ജാട്ട് പിന്തുണ ബിജെപിക്കില്ല. മാത്രമല്ല, ഹ്രസ്വമായ ആറ് മാസത്തെ കാലാവധി സെയ്‌നിയുടെ സ്വാധീനത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.


തെരഞ്ഞെടുപ്പുഫലം സൃഷ്ടിക്കുന്ന പ്രതികരണം


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഇരട്ടിയാക്കിയതോടെ കോൺഗ്രസ് ആവേശത്തിലാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, വിവാദമായ അഗ്നിവീർ പദ്ധതി എന്നിവയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വയോജനങ്ങൾക്ക് 6,000 രൂപ പെൻഷൻ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ ക്ഷേമപദ്ധതികൾ ഉൾപ്പെടുന്ന പ്രകടനപത്രികയാണ് തയ്യാറാക്കുന്നത്. 4,52,000 കന്നി വോട്ടർമാരും 4.09 ദശലക്ഷം യുവ വോട്ടർമാരുമാണ് പാർട്ടിയുടെ ലക്ഷ്യം.
പ്രതിപക്ഷ വോട്ടുകൾ ഒന്നിപ്പിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അതേസമയം തന്ത്രപരമായി ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഹരിയാനയുടെ അതിർത്തി പ്രദേശങ്ങളിൽ എഎപിക്ക് സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ സഖ്യം തകരാതിരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നു. ഏറ്റവും പുതിയ സൂചനകൾ പ്രകാരം അഞ്ച് സീറ്റുകളിൽ മത്സരിക്കാൻ എഎപി സമ്മതിച്ചിട്ടുണ്ടെങ്കിലും ധാരണയായിട്ടില്ല.
കോൺഗ്രസിലും ഭിന്നതയുണ്ട്. വിഭാഗീയതയാണ് പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. ഹൂഡയുടെയും കുമാരി സെൽജയുടെയും നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നു. പാർട്ടി ഇരു വിഭാഗങ്ങളെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ മുൻ മുഖ്യമന്ത്രി എന്ന നിലയിൽ ഹൂഡയ്ക്കാണ് കൂടുതൽ സ്വാധീനം.
കടുത്ത വെല്ലുവിളിയാണ് ഹരിയാനയിൽ ബിജെപി നേരിടുന്നത്. അവര്‍ക്ക് സീറ്റുകൾ കുറയുമെന്ന് സർവേകൾ സൂചിപ്പിക്കുന്നു. ശക്തമായ നേതൃത്വത്തിന്റെ അഭാവവും പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ശക്തമായ മറുപടി നല്‍കാനാകാത്തതുമാണ് ബിജെപിയുടെ ദൗർബല്യങ്ങൾ. പാർട്ടിയുടെ പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ ഒരു റാലിയിലും സംസാരിച്ചിട്ടില്ല. സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വിമതശല്യവും നേരിടുന്നു. രണ്‍ജിത്തിനെപ്പോലുള്ള സ്വാധീനമുള്ള ചിലര്‍ പാർട്ടിവിട്ടു. ഇത്തരം സ്ഥാനമോഹികൾ പാർട്ടിയുടെ സാധ്യതകൾ കുറയ്ക്കും.
ആഭ്യന്തര കലഹങ്ങൾ ഒഴിവാക്കി സംഘടനയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടിവരും. ഇന്ത്യ സഖ്യത്തിന്റെ ഐക്യവും അത്യന്താപേക്ഷിതമാണ്. ഭാഗ്യമുണ്ടെങ്കിൽ, ബിജെപിക്ക് മാന്യമായ എണ്ണം സീറ്റുകൾ നേടിക്കൊണ്ട് കേടുപാടുകൾ കുറയ്ക്കാം. അതൊഴിവാക്കാന്‍ ശക്തമായ പ്രതിപക്ഷമായ കോൺഗ്രസിനെ നയിക്കുന്നവര്‍ ഭിന്നത ഒഴിവാക്കി എല്ലാവരെയും ഒപ്പം കൊണ്ടുപോകണം.

(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.