20 April 2024, Saturday

Related news

April 13, 2022
January 24, 2022
January 14, 2022
January 12, 2022
January 2, 2022
January 2, 2022
January 1, 2022
January 1, 2022

മതവിദ്വേഷ പ്രഭാഷകർക്ക് കടിഞ്ഞാണിടണം

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
January 2, 2022 5:07 am

കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന ഹിന്ദുമത സമ്മേളനത്തിൽ മതവിദ്വേഷം ചൊരിയുന്ന പ്രസംഗങ്ങളുടെ ഘോഷയാത്ര നടന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഒരു നാട്ടുകാരൻ പൊലീസിൽ പരാതി കൊടുത്തപ്പോൾ മാത്രമാണ് ജിതേന്ദ്ര നാരായണൻ ത്യാഗിയെന്ന പുതിയ പേരുള്ള വാസിം റിസ്‌വിയേയും പേരറിയാത്ത മറ്റുള്ള ഏതാനും ആളുകളെയും പ്രതികളാക്കി മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്.

ഉത്തർപ്രദേശിലെ സുന്നി വഖഫ് ബോർഡ് മുൻചെയർമാനാണ് അടുത്തകാലത്ത് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത വാസിം റിസ്‌വി. ഹിന്ദുമതത്തിൽ ചേർന്ന റിസ്‌വി പുതുതായി സ്വീകരിച്ച പേരാണ് ജിതേന്ദ്ര നാരായണൻ ത്യാഗി. ഹരിദ്വാറിൽ നടന്ന ”ഹിന്ദു ധർമ സൻസദ്” മുസ്‌ലിം മതവിദ്വേഷം പടർത്തുന്നതിനുവേണ്ടി സംഘടിപ്പിച്ച സമ്മേളനമായിരുന്നു. ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാൻ പോകുന്നു എന്ന ഒരു കിംവദന്തി പരത്തി ഹിന്ദുത്വവികാരം ആളിക്കത്തിക്കാനും മുസ്‌ലിമിന്റെ വംശഹത്യ നടത്താനും ആഹ്വാനം ചെയ്യുന്നതായിരുന്നു അവിടെ ഒത്തുകൂടിയ ഹിന്ദുത്വ തീവ്രവാദികളുടെ പ്രസംഗങ്ങൾ. ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമാകാതിരിക്കണമെങ്കിൽ മുസ്‌ലിം വംശഹത്യ മാത്രമാണ് പോംവഴിയെന്നതായിരുന്നു അവരുടെ കണ്ടുപിടുത്തം. പക്ഷെ ഇതൊന്നും ഉത്തരാഖണ്ഡിലെ പൊലീസ് അറിഞ്ഞതുമില്ല, കേട്ടതുമില്ല.

 


ഇതുകൂടി വായിക്കൂ : രാഷ്ട്രനിലനില്പിനെ വെല്ലുവിളിക്കുന്ന വര്‍ഗീയ രാഷ്ട്രീയം


 

ഹിന്ദു ധർമ സൻസദിൽ പങ്കെടുത്ത് പ്രസംഗിച്ച തീവ്ര ഹിന്ദുത്വ നേതാവ് പൂജ ശകുൻ പാണ്ഡെ എന്ന ”സ്വാധി അന്നപൂർണ മാ” ഹിന്ദുക്കൾ പുസ്തകം ഉപേക്ഷിക്കാനും മുസ്‌ലിങ്ങൾക്കെതിരെ ആയുധമെടുക്കാനുമാണ് ആഹ്വാനം ചെയ്തത്. മറ്റൊരു ഹിന്ദു തീവ്രവാദിയായ ധർമദാസ് മഹാരാജ സദസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ഒരു പുതിയ കണ്ടുപിടിത്തമായി വെളിപ്പെടുത്തിയത്, ”ഇന്ത്യയിൽ 500 പാകിസ്ഥാനുകൾ” ഉണ്ടെന്നാണ്. അവിടെ ഹിന്ദു മതാചാരങ്ങൾ നടത്താൻ കഴിയുന്നില്ലായെന്നും ധർമദാസ് തട്ടിവിട്ടു. അദ്ദേഹം ഹിന്ദുമത ഭ്രാന്തന്മാരോട് നടത്തിയ മറ്റൊരാഹ്വാനം ”മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങി”നെ വധിക്കണമെന്നാണ്. സൻസദിന്റെ സംഘാടകനായ ”യതി നരസിംഹാനന്ദ” ഹിന്ദു യുവാക്കളോട് ആഹ്വാനം ചെയ്തത്, ”തമിഴ് പുലി നേതാവ് വേലുപിള്ള പ്രഭാകരനെപ്പോലെയും സിഖ് ഭീകരവാദി ”ഭിന്ദ്രൻ വാലെ‘യെ പോലെയുമാകാനാണെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ടു ചെയ്തു. ഉത്തർപ്രദേശിലും ഡൽഹിയിലുമായി നിരവധി കേസുകളുള്ള ഒരു ക്രിമിനലാണ് സമ്മേളനത്തിന്റെ സംഘാടകനായ യതി നരസിംഹാനന്ദ. സമ്മേളനത്തിന് അനുവാദം നല്കുന്നതിനും ഇത്തരം വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിലും പൊലീസിന് ഒരു തടസവുമില്ല.

ഒരു പരാതി ലഭിച്ചപ്പോൾ മാത്രമാണ് ഉത്തരാഖണ്ഡ് പൊലീസ് വിദ്വേഷ പ്രസംഗങ്ങൾ നടന്ന സമ്മേളനം കഴിഞ്ഞ് നാലാം ദിവസം ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്. അതും പുതുതായി മതപരിവർത്തനം ചെയ്ത് ഹിന്ദുവായ വാസിം റിസ്‌വിയുടെ മാത്രം പേരു പറഞ്ഞുകൊണ്ടും മറ്റുള്ള ആരുടെയും പേരിന്റെ പരാമർശം പോലുമില്ലാതെയും. നിരവധി ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താക്കളാണ് ഹരിദ്വാറിലെ മതസമ്മേളനത്തിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത്. പലരുടെയും പ്രസംഗങ്ങളുടെ വീഡിയോ ക്ലിപ്പിങ്സ് വരെ ലഭിച്ചിട്ടും ഒരു മതേതര രാജ്യത്തെ പൊലീസ് നിയമലംഘനത്തിന് കൂട്ടുനിൽക്കുകയാണ്. ഇത് എഴുതുന്നതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മതവിദ്വേഷം ചൊരിയുന്നതും മതസ്പര്‍ധ വളർത്തുന്നതുമായ പ്രവൃത്തി ചെയ്തിട്ടും നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിനുള്ള കരിനിയമം (യുഎപിഎ) നിലവിൽ ഉണ്ടായിട്ടും ഹിന്ദുത്വ തീവ്രവാദികളുടെ പേരിൽ അവയൊന്നും ചുമത്താതെയും അറസ്റ്റു ചെയ്യാതെയും പൊലീസ് മൃതപ്രായരായി ഇരിക്കുകയാണ്.

 


ഇതുകൂടി വായിക്കൂ : കവിതയും സിനിമയും നൃത്തവും സഹിക്കാത്ത മതം


 

ഇന്ത്യൻ സിനിമകളിലെ കൊമേഡിയൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹാസ്യകലാകാരൻ മുനവർ ഫറൂഖിയുടെ ഫലിതങ്ങൾ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന കുറ്റം കണ്ടുപിടിച്ച് ഒരു മാസത്തോളം തടവിലാക്കാൻ നമ്മുടെ രാജ്യത്തെ പൊലീസിന് ഒരു മടിയുമുണ്ടായില്ല. സുപ്രീം കോടതി നല്കിയ ജാമ്യം റദ്ദു ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. സാഹിത്യ കലാ സാംസ്കാരിക രംഗത്തെയും മനുഷ്യാവകാശ പ്രവർത്തന രംഗത്തെയും എത്ര മഹനീയ വ്യക്തിത്വങ്ങളാണ് യുഎപിഎ ചുമത്തപ്പെട്ട് ഇപ്പോൾ ജയിലുകളിൽ കഴിയുന്നത്.

ഹരിയാനയിലെ അംബാലയിൽ കന്റോൺമെന്റ് മേഖലയിലെ ഹോളി റെഡീമർ ചർച്ചിന്റെ മുമ്പിൽ സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്റെ പൂർണകായ പ്രതിമ തച്ചു തകർത്തത് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് പിറ്റേന്ന് വെളുപ്പിനാണ്. പ്രതിമ തകർത്തവർ ആരുടേയോ നിർദേശങ്ങൾ ഫോണിൽക്കൂടി സ്വീകരിക്കുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പള്ളി വികാരി വെളുപ്പെടുത്തിയിട്ടും പൊലീസിന് ആരെയും അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല. മുൻപൊരു സന്ദർഭത്തിലും ഉണ്ടാകാത്ത നിലയിൽ ഈ വർഷം ക്രിസ്മസ് ആഘോഷങ്ങൾ ഇന്ത്യയിൽ പല സ്ഥലങ്ങളിലും തടസപ്പെട്ടു. ഗുജറാത്ത്, കർണാടക, യുപി, അസം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷത്തിനെതിരായി ഭീഷണികളും ആക്രോശങ്ങളും ആക്രമണങ്ങളും ഉണ്ടായി. മുസ്‌ലിം, ക്രിസ്ത്യൻ മത ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ വ്യാപകമായിട്ടുണ്ടാകുന്ന ഇത്തരം നീച പ്രവൃത്തികൾക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുന്നതിന് പകരം ഭരണാധികാരികൾ അക്രമികൾക്ക് തണലാകുന്നത് രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ഭീഷണിയായി മാറും. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയെ പരസ്യമായി അധിക്ഷേപിക്കുകയും അദ്ദേഹത്തെ വെടിവച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സെയെ സ്തുതിക്കുകയും ചെയ്ത കാളീചരൺ മഹാരാജ് എന്ന സന്യാസി രൂപത്തിൽ നടക്കുന്ന ഹിന്ദു തീവ്രവാദിയെ അറസ്റ്റ് ചെയ്തത് മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ് എന്നതുതന്നെ ഇത്തരം ക്രിമിനലുകൾക്ക് ഭരണകൂടം നല്കുന്ന സംരക്ഷണത്തിന്റെ തെളിവാണ്.

 


ഇതുകൂടി വായിക്കൂ : എഫ്‌സിആര്‍എ നിഷേധത്തിന്റെ പിന്നിലെ ഭരണകൂട രാഷ്ട്രീയം


 

ലോകാരാധ്യയായ മദർ തെരേസ കല്‍ക്കട്ടയിൽ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റീസിന് വിദേശ സംഭാവന കിട്ടുന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദമെന്ന് കണ്ടെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി സാമാന്യബുദ്ധിയ്ക്ക് നിരക്കുന്നതല്ല. വിദേശ രാജ്യങ്ങളിൽ നിന്നും മിഷനറീസ് ഓഫ് ചാരിറ്റീസിൽ ലഭിക്കുന്ന സംഭാവന മുഴുവൻ ഇന്ത്യയിലെ ആതുരസേവനം, വിദ്യാഭ്യാസം, കുഷ്ഠരോഗ ചികിത്സ, സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലേക്ക് യാതൊരാക്ഷേപത്തിനും ഇടമില്ലാതെ ചെലവഴിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏവർക്കും അറിവുള്ളതാണ്. കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർ ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ നല്കിയിട്ടുള്ള സംഭാവനകൾ നമ്മുടെ നാടിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇന്നും അത് തുടരുന്നു. അതിനെയെല്ലാം മതാന്ധത ബാധിച്ച ഹിന്ദുത്വ വർഗീയതയുടെ അളവുകോൽ ഉപയോഗിച്ച് അളക്കാൻ കേന്ദ്രഭരണാധികാരികൾ ശ്രമിച്ചാൽ നിരാലംബരാകുന്നത് നമ്മുടെ രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളായിരിക്കും. ജനങ്ങളുടെ മനസിൽ ആശങ്ക ജനിപ്പിക്കലല്ല അധികാരികളുടെ കടമ. അവിചാരിതമായിട്ടെങ്കിലും ഉണ്ടാകുന്ന ഭയാശങ്കകൾ ദൂരീകരിക്കലാണ്. ഇന്ത്യയുടെ അടിസ്ഥാന സവിശേഷതകളായ ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കാൻ ഭരണാധികാരികൾ കൂടി കൂട്ടുനിന്നാൽ തകരുന്നത് ഒരു രാജ്യത്തിന്റെ ആത്മാവായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.