Web Desk

ന്യൂഡൽഹി

January 29, 2020, 9:54 pm

വിദ്വേഷ പരാമർശം: കേന്ദ്രമന്ത്രിക്കെതിരെയും എംപിക്കെതിരെയും നടപടി

Janayugom Online

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരേയും പാർലമെന്റ് അംഗം പർവേഷ് വർമക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇവർ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി. ഇരുവരേയും ബിജെപിയുടെ താര പ്രചാരക പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും ബിജെപി നേതൃത്വത്തോട് കമ്മിഷൻ ആവശ്യപ്പെട്ടു. ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരം ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള അനുരാഗ് താക്കൂറിന്റെ പ്രസംഗം വിവാദമായിരുന്നു. സിഎഎക്കെതിരായി പ്രതിഷേധം നടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു താക്കൂറിന്റെ ആഹ്വാനം. ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരായ പരാമർശത്തിന്റെ പേരിലാണ് പർവേഷ് വർമക്കെതിരായ നടപടി. പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും ബലാത്സംഗവും ചെയ്യുമെന്നായിരുന്നു പർവേഷ് വർമ ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ പറഞ്ഞത്. നേരത്തെ മറ്റൊരു ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തിരുന്നു.

ന്യൂനപക്ഷ കമ്മിഷൻ പരാതി നൽകി
ന്യൂഡൽഹി: പ്രകോപനപരമായ പ്രസ്താവനകൾ അനുദിനം ആവർത്തിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ ഡൽഹി ന്യൂനപക്ഷ കമ്മിഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രി അനുരാഗ് താക്കൂർ, എം പിയായ പർവേഷ് വർമ, കപിൽ മിശ്ര എന്നിവർ നടത്തിയ വിവാദ പ്രസ്താവനകൾക്കെതിരെയാണ് ന്യൂനപക്ഷ കമ്മിഷൻ പരാതി നൽകിയിരിക്കുന്നത്.
ബിജെപി നേതാക്കളുടെ നിരുത്തരവാദപരവും അടിസ്ഥാനമില്ലാത്തതുമായ പ്രസ്താവനകൾ സാമൂഹികാന്തരീക്ഷത്തെ ദുഷിപ്പിക്കുമെന്നും വർഗ്ഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കുമെന്നും ഇവർ പരത്തുന്ന അസത്യങ്ങൾ രാജ്യത്ത് കലാപങ്ങൾക്ക് കാരണമാകുമെന്നും ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ സഫറുൾ ഇസ്‌ലാം പരാതിയിൽ പറയുന്നു.

Eng­lish sum­ma­ry: Hate­ful remark: Action against Union Min­is­ter and MP