October 1, 2022 Saturday

ഹത്രാസ് — ഇന്ത്യൻ ഫാസിസത്തിന്റെ നേർചിത്രം

കെ പ്രകാശ് ബാബു
October 11, 2020 1:30 am

ത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനു വിധേയയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന്റെ ദുരവസ്ഥ ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണ്. 19 വയസുള്ള ആ പെൺകുട്ടിയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ പോലും സ്വന്തം അച്ഛനെയും അമ്മയേയും കൂടപ്പിറപ്പുകളെയും അനുവദിക്കാതെ അവരെയെല്ലാം വീടിനുള്ളിൽ പൂട്ടിയിട്ടിട്ട് പൊലീസുകാർ വീടിനടുത്തുള്ള വയലിൽ ചിതയൊരുക്കി അർധരാത്രി കഴിഞ്ഞ് 2.30 ന് ദഹിപ്പിച്ചു കളഞ്ഞു. നേരം വെളുക്കുന്നതിനു മുൻപ് ആ കൗമാരക്കാരിയുടെ ശരീരം ഒരു പിടി ചാരമായി. അതിനു ശേഷമേ യുപി പൊലീസ് കുടുംബാംഗങ്ങളെ പൂട്ടിയിട്ട മുറി തുറക്കുക പോലും ചെയ്തുള്ളു.

ഹത്രാസിലെ ദളിത് പെൺകുട്ടിയെ കൂട്ടബലാൽക്കാരം ചെയ്തത് ഒരു സവർണ മതവിഭാഗത്തിലെ നാല് അംഗങ്ങളാണ് എന്നാണ് മനസിലാക്കുന്നത്. സവർണ വിഭാഗക്കാർക്ക് വലിയ ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിലാണ് ഈ ദളിത് പെൺകുട്ടിയുടെ കുടുംബവും താമസിക്കുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ തന്നെ ഷാൾ കഴുത്തിൽ കൂടിയിട്ട് വലിച്ചിഴച്ചു കൊണ്ടുപോയാണ് ആ കശ്മലന്മാർ അവളെ കടിച്ചു തിന്നത്. ആദ്യം അഡ്മിറ്റുചെയ്ത ആശുപത്രി അധികൃതരോട് അവൾ ദൈന്യതയോടെ തന്നെ ബലാൽക്കാരം ചെയ്ത വിവരം പറയുകയും ആശുപത്രിക്കാർ ആ വിവരം മെഡിക്കൽ രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവും നട്ടെല്ലിലും കഴുത്തിലും ക്ഷതവുമേറ്റ ആ കുട്ടിയെ കൂടുതൽ ചികിത്സക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവൾ ആ കിരാതന്മാരുടെ ലോകത്തോടു വിട പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാ­ത്സംഗം നടന്നതായി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് അറിയുന്നത്. ഹത്രാസിൽ നടന്ന ഈ ഹീനസംഭവം പുറത്തറിഞ്ഞ ഉടൻ തന്നെ ഡൽഹിയിൽ നിന്നും തിരിച്ച രാഹുൽ ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും ഹത്രാസിലേക്കുള്ള യാത്രാമധ്യേ നോയിഡയുടെ അതിർത്തിയിൽ വച്ച് യുപി പൊലീസ് തടഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ അവർ ഒട്ടും കൂസാതെ ഹത്രാസിലേക്ക് കാൽനടയായി യാത്ര തിരിച്ചു. രാഹുൽഗാന്ധിയെ പിടിച്ചുതള്ളുകയും ഒരു പുരുഷ പൊലീസ് പ്രിയങ്കയെ ഉടുപ്പിൽ പിടിച്ചു വലിക്കുകയും ചെയ്തിട്ടും അവർ ഹത്രാസിലെത്തി ആ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടാണ് തിരിച്ചു പോയത്. അതിനുശേഷം സിപിഐ — സിപിഐ(എം) നേതാക്കളായ ആനിരാജ, ബൃന്ദാകാരാട്ട്, ജനറൽ സെക്രട്ടറിമാരായ ഡി രാജ, സീതാറാം യെച്ചൂരി തുടങ്ങിയവരും ഹത്രാസിൽ എത്തി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. ഇടതു എംപിമാർ ഹത്രാസ് സന്ദർശിക്കാനും തീരുമാനിച്ചു. ഈ എല്ലാ ദേശീയ നേതാക്കൾക്കും ഉപരിയായി ഹത്രാസ് സംഭവത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും സന്ദർഭത്തിനനുസരിച്ച് ഉയർന്ന രണ്ടു ദേശീയ നേതാക്കളായി ജനങ്ങൾ വിലയിരുത്തും.

ഹത്രാസ് സംഭവത്തിന്റെ ഭീകരത വർധിപ്പിക്കുന്നത് ഭരണകൂടം നടത്തിയ ഹീനമായ നീക്കങ്ങളുടെ കൂടി ഫലമായിട്ടാണ്. ബലാൽക്കാരമായി പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച യുപി പൊലീസ് അവിടെയെത്തിയ രാഷ്ട്രീയ‑മാധ്യമ പ്രവർത്തകരുടെ പേരിൽ കള്ളപ്പണ ഇടപാടിനും രാജ്യദ്രോഹത്തിനും മതസ്പർദ്ധ വളർത്തിയതിനും കേസെടുക്കുകയാണ് ചെയ്തത്. ഹത്രാസിലെ ഇരയുടെ വീടിന് ആറു കിലോമീറ്റര്‍ അകലെ ഒരു ബിജെപി നേതാവായ രാജ്‌വീർ സിംഗിന്റെ വസതിയിൽ കൂടിയ സവർണ കൂട്ടായ്മ പൊലീസിന്റെയും പ്രതികളുടെയും ക്രൂരതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നതായാണ് മാധ്യമ വാർത്തകൾ. ആധുനിക ഫാസിസത്തിന്റെ ഇന്ത്യൻ മുഖങ്ങളായ നരേന്ദ്രമോഡിയുടെയും യോഗി ആദിത്യനാഥിന്റെയും ഭരണത്തിൻ കീഴിൽ സവർണ ഫാസിസ്റ്റുകൾ അരങ്ങു തകർക്കുകയാണ്. യുപിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സംഘപരിവാറിന്റെ തണലിൽ സവർണ ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഹത്രാസ് സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഡിജിപി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. സുപ്രീംകോടതി പെൺകുട്ടിയുടെ മരണവും മൃതദേഹം ബലാൽക്കാരമായി സംസ്കരിച്ച സംഭവവും മനഃസാക്ഷിയെ ഞെട്ടിച്ച ഭയാനകവും അസാധാരണവുമായ ഒന്ന് എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ യുപിയിലെ ഐടി മന്ത്രി അജിത് സിംഗ് ഇത് ഒരു ചെറിയ സംഭവമാണെന്നാണ് അഭിപ്രായപ്പെട്ടത്. പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാക്കുന്നത് ഇന്ന് ഉത്തരേന്ത്യയിൽ ഒരു തുടർക്കഥയാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണസിയിൽ പ്രയാഗ്രാജിലെ ബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിലെ പ്രതികളിലൊരാൾ വാരണസിയിലെ ബിജെപിയുടെ യുവജന നേതാവ് ശ്യാംപ്രകാശ് ദ്വിവേദിയാണ്. അയാളെ പൊലീസ് അറസ്റ്റു ചെയ്യാൻ ആദ്യം തയ്യാറായില്ല.

യുപിയിലെ പ്രതിപക്ഷ കക്ഷികൾ അയാളുടെ ചിത്രം സഹിതം പോസ്റ്റർ പതിച്ചതിനു ശേഷമാണ് ഇക്കഴിഞ്ഞ ദിവസം അയാളെ പൊലീസ് അറസ്റ്റു ചെയ്തത്. ഹത്രാസിലെ പെൺകുട്ടിയുടെ ദാരുണാന്ത്യത്തി­ന്റെ തൊട്ടടുത്ത ദിവസമാണ് ലഖ്നൗവിലെ ബൽറാംപൂരിൽ 22 കാരിയായ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയും ചെയ്തത്. അന്നുതന്നെയാണ് യുപിയിലെ ബുലന്ദുഷഹറിൽ 14 വയസുകാരിയും അസംഗഢ് ജില്ലയിലെ ജിയാൻപൂർ ഗ്രാമത്തിൽ കേവലം എട്ട് വയസുള്ള ബാലികയും ക്രൂരമായി ബലാ­ത്സം­ഗം ചെയ്യപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവങ്ങളുടെ ചർച്ച നടക്കുന്നതിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം കിഴക്കൻ യുപിയിലെ ഭാദോഹിയിൽ 14 വയസുള്ള പട്ടിക ജാതിയിൽപ്പെട്ട പെൺകുട്ടിയെ ബലാത്സംഗത്തിനു ശേഷം ഇഷ്ടി­­ക കൊണ്ട് തലയ്ക്കിടിച്ചു കൊന്നത്. യുപിയിൽ തന്നെ കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിൽ പോയ യുവതിയായ അമ്മയെ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചുകൊണ്ട് ബലാൽസംഗത്തിനു വിധേയമാക്കിയ സംഭവവും വെള്ളിയാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലാണെങ്കിൽ കൂട്ടബലാത്സംഗത്തി­നിരയായ 33 കാരിയായ ദളിത് യുവതിയും ബിഹാറിലെ ഗയ ജില്ലയിൽ കൂട്ടബലാത്സംഗത്തിനു വിധേയയായ ദളിത് പെൺകുട്ടിയും സ്വയം ജീവനൊടുക്കിയ വാർത്തയും ഇതിനുശേഷവും നമ്മൾ കേൾക്കേണ്ടി വരുന്നു. ഭോപ്പാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ട് വയലിൽ ഉപേക്ഷിച്ചിട്ടു പോവുകയാണ് ചെയ്തതെങ്കിൽ രാജസ്ഥാനിലെ ജയ്പൂരിലെ ബാരൻ ജില്ലയിൽ അന്നു തന്നെ 15 ഉം 13 ഉം വയസു പ്രായമുള്ള സഹോദരിമാരെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം തുടർച്ചയായി പീഡിപ്പിച്ചു കൊണ്ടിരുന്ന വാർത്തകളാണ് പുറത്തു വന്നത്.

ഇന്ത്യയിൽ സവർണ ഫാസിസം മോഡി — യോഗി ഭരണത്തിൻ കീഴിൽ അഴിഞ്ഞാടുമ്പോൾ ബിജെപിയുടെ പൂർവരൂപമായ ജനതാപാർട്ടി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ, മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ, യുപിയിലും ബീഹാറിലും നടന്ന ക്രൂരമായ പട്ടികജാതി — ദളിത് പീഡനങ്ങൾ ഓർത്തു പോകുന്നു. ബൽച്ചി, ബരാഹിയ, പാന്ത് നഗർ, ആഗ്രാ സംഭവങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചീഞ്ഞു നാറിയ വ്രണങ്ങളായിരുന്നു. അന്ന് ആ വിഷയങ്ങൾ പാർലമെന്റിലുന്നയിക്കാനും ഇന്ത്യയുടെ രാഷ്ട്രീയ മനഃസാക്ഷിയെ തൊട്ടുണർത്തിയതും എം എൻ ഗോവിന്ദൻ നായർ എന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു. 1978 ജൂൺ നാലിന് അയ്യങ്കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിൽ നിന്നും എം എൻ ആരംഭിച്ച ഐതിഹാസിക സമരയാത്ര കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ, യുപി സംസ്ഥാനങ്ങൾ പിന്നിട്ട് ഡൽഹിയിൽ എത്തി. സമര സന്ദേശ യാത്രയ്ക്ക് മുൻപ് തന്റെ സമരത്തിന്റെ സാഹചര്യവും ഉദ്ദേശവും വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ എം എൻ ജൂലൈ 20 ന് ഡൽഹി ബോട്ട്ക്ലബ്ബ് മൈതാനത്ത് തന്റെ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. പാർലമെന്റ് ഇളകി മറിഞ്ഞത് എം എന്റെ പാർട്ടിയുടെ സഭയിലെ അംഗബലം കൊണ്ടല്ല. ഭരണകൂടത്തിന്റെ തണലിൽ രാജ്യമാകെ നടക്കുന്ന പട്ടികജാതി-ദളിത് വേട്ടയുടെ പശ്ചാത്തലത്തിലാണ്.

ലോക്‌സഭാ സ്പീക്കർ കെ എസ് ഹെഗ്ഡെ, ”എം എൻ നിരാഹാരം അനുഷ്ഠിച്ച് കിടക്കുമ്പോൾ പാർലമെന്റ് സമ്മേളനവുമായി സുഗമമായി മുന്നോട്ടു പോകാമെന്ന് കരുതുന്ന കേന്ദ്ര സർക്കാരിന്റെ ഔചിത്യമില്ലായ്മ” പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒടുവിൽ പാന്ത്നഗറിലെ കാർഷിക സർവകലാശാലയിലെ പൊലീസ് വെടിവയ്പ്പിനെക്കുറിച്ചും ആഗ്രയിലെ പൊലീസ് അതിക്രമങ്ങളും അന്വേഷിക്കാൻ ഉത്തർപ്രദേശ് ഗവൺമെന്റ് ഉത്തരവിടുകയും വി സി യെ മാറ്റുകയും ചെയ്തു. പട്ടിജാതി-ദളിത് വിഭാഗങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശം നൽകുകയും ചെയ്തതായി പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചു. തുടർന്ന് എം എൻ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ ഇന്നു നടക്കുന്ന ഈ കൊടുംക്രൂരതകൾ 1978 ലെ കൊടുംക്രൂരതകളെയും എം എന്റെ ഭാരതപര്യടനത്തെയും തുടർന്നുള്ള നിരാഹാര സമരത്തെയും ഓർമ്മകളിൽ കൊണ്ടുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.