ഹത്രാസ്; പ്രതി​കളി​ലൊരാൾ പ്രായപൂർത്തി​യായി​ട്ടി​ല്ലെന്ന് സിബിഐ

Web Desk

ലഖ്നൗ

Posted on October 20, 2020, 3:22 pm

ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ഹത്രാസ് കേസി​ലെ പ്രതി​കളി​ലൊരാൾക്ക് പ്രായപൂർത്തി​യായി​ട്ടി​ല്ലെന്ന് സി​ബി​ഐ. പ്രതിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് സിബിഐ അധികൃതർ വെളിപ്പെടുത്തി. മാർക്ക് ലിസ്റ്റ് അനുസരിച്ച് 2002ലാണ് പ്രതി ജനിച്ചത്. പ്രതിയുടെ അമ്മയും മകന്‍ പ്രായപൂർത്തിയായിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തർപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം വ്യക്തമായിരുന്നില്ല. നാലുപ്രതികളെയും സിബിഐ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിർണായക വിവരങ്ങൾ പലതും ലഭിച്ചെന്നാണ് വിവരം. പൊലീസിന്റെ അന്വേഷണത്തിൽ ഒട്ടനവധി വീഴ്ചകൾ ഉണ്ടെന്നാണ് സിബിഐ നൽകുന്ന സൂചന. പെൺകുട്ടിയെ ചികിത്സിച്ച ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ ഡോക്ടറിൽ നിന്നും പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും സിബിഐ സംഘം വിവരങ്ങൾ തേടിയിരുന്നു.

കഴിഞ്ഞമാസം പതിനാലിനായിരുന്നു പത്തൊൻപതുകാരിയായ ദളിത് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായത്. മാരകമായി പരിക്കേറ്റ പെൺകുട്ടി ദിവസങ്ങൾക്കുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. പ്രതികൾ ഉയർന്ന ജാതിക്കാരായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതി സ്വീകരിക്കാനോ പ്രതികളെ കസ്റ്റഡിയിലെടുക്കാനാേ ഉത്തർപ്രദേശ് പൊലീസ് തുടക്കത്തിൽ തയ്യാറായില്ല. മൃതദേഹം പൊലീസ് ബലംപ്രയാേഗിച്ച് കത്തിച്ചതും മാധ്യമങ്ങൾ ഉൾപ്പടെയുളളവരെ പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് കടത്തിവിടാത്തതും ഏറെ വിവാദമായിരുന്നു.

Eng­lish sum­ma­ry: Hathras case followup

You may also like this video: