Web Desk

ലഖ്നൗ

October 12, 2020, 10:51 pm

ഹത്രാസ്: വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം

Janayugom Online
ഹത്രാസ് കുടുംബത്തെ പൊലീസ് സുരക്ഷയിൽ കോടതിയിൽ എത്തിച്ചപ്പോൾ

ഹത്രാസ് സംഭവത്തിൽ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം. അലഹബാദ് ഹൈക്കോടതിയിൽ മൊഴി നല്‍കുമ്പോഴാണ് കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. യുപിയിൽ നീതിപൂർവ്വമായ വിചാരണ നടക്കുമോ എന്ന കാര്യത്തിൽ സംശയമുള്ളതായി കുടുംബം കോടതിയെ അറിയിച്ചു. 

ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, രാജന്‍ റോയ് എന്നിവരടങ്ങുന്ന ലഖ്നൗ ബെഞ്ചിന് മുമ്പാകെയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മൂന്ന് സഹോദരങ്ങളും മൊഴി നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജി, ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. 

തങ്ങളുടെ സമ്മതമില്ലാതെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതെന്നാണ് കുടുംബം കോടതിയില്‍ മൊഴി നല്‍കിയത്. ക്രമസമാധാനനില പരിഗണിച്ചാണ് മൃതദേഹം രാത്രിയില്‍ സംസ്കരിച്ചതെന്നും ഇത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞു. 

കേസ് സുപ്രീം കോടതിയിലേക്ക് പോകുന്നുണ്ടോ എന്ന് പരിഗണിയ്ക്കാതെ തന്നെ വിചാരണ കഴിയുന്നതുവരെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകയായ സീമ കുശ്‌വാഹയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരായത്. കേസ് അടുത്തമാസം രണ്ടിന് വീണ്ടും പരിഗണിക്കും. കനത്ത സുരക്ഷയിലാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഇന്നലെ ഹൈക്കോടതിയില്‍ എത്തിച്ചത്. 

സെപ്റ്റംബര്‍ 14നാണ് ഉയര്‍ന്ന ജാതിയിലുള്ള നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തെ തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ച് മാറ്റുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഒക്ടോബര്‍ ഒന്നിന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത് എന്നാണ് കോടതി സംഭവത്തെ വിശേഷിപ്പിച്ചിരുന്നത്. 

ENGLISH SUMMARY:Hathras: Fam­i­ly wants tri­al to be shift­ed out of UP
You may also like this video