Web Desk

ന്യൂഡല്‍ഹി

December 18, 2020, 4:19 pm

ഹത്രാസ് കേസ്: ആദിത്യനാഥിന്റെ പൊലീസിന് തിരിച്ചടിയായി സിബിഐ കുറ്റപത്രം

Janayugom Online

ഹത്രാസ് കേസില്‍ ആദിത്യനാഥ് പൊലീസിന് തിരിച്ചടിയായി സിബിഐ കുറ്റപത്രം. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന യുപി സ‍ര്‍ക്കാരിന്റെ നിലപാടിനെ വിരുദ്ധമാണ് സിബിഐയുടെ കണ്ടെത്തല്‍. അന്വേഷണം പൂ‍ര്‍ത്തിയാക്കി വിചാരണ കോടതിയില്‍ സമ‍ര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൂട്ടബലാത്സം​ഗം നടന്ന കാര്യം സിബിഐ സ്ഥിരീകരിച്ചത്.

കേസിലെ നാല് പ്രതികള്‍ക്കെതിരെയും ബലാത്സംഗത്തിനും കൊലപാതകത്തിനുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമ‍ര്‍പ്പിച്ചിരിക്കുന്നത്. കേസിലെ നാല് പ്രതികളും ഒരുപോലെ കുറ്റം ചെയ്തുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. യു പി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കേസില്‍ രണ്ടുമാസം കൊണ്ടാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ അധിക്രമത്തില്‍ വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് യു പി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ അറസ്റ്റിലായ സന്ദീപ്, ലവ് കുശ്, രവി, രാമു എന്നിവര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതിന് വ്യക്തമായ തെളിവുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പെണ്‍കുട്ടി കൊല്ലപ്പെട്ടത് കൂട്ടബലാത്സംഗത്തിന് ഇരയായി തന്നെയാണെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.

ഫോറന്‍സിക് പരിശോധനകളിലടക്കം എല്ലാ തെളിവുകളും പ്രതികള്‍ക്ക് എതിരാണെന്നും പെണ്‍കുട്ടിയെ ബോധപൂര്‍വ്വം ആക്രമണത്തിന് ഇരയാക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവം മേല്‍ജാതി-കീഴ് ജാതി തര്‍ക്കമാണെന്ന കഥകളെല്ലാം സിബിഐ തള്ളി. സെപ്റ്റംബര്‍ 14നാണ് ഹാഥ്റസിലെ ഫൂല്‍ഗഡി ഗ്രാമത്തില്‍ പെണ്‍കൂട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി 28ന് ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ച്‌ മരിക്കുകയും ചെയ്തു. മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ രാത്രി പൊലീസ് സംസ്കരിക്കുകയും ഗ്രാമം പൊലീസ് വളയുകയും ചെയ്തത് വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കി. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഓരോ നീക്കങ്ങളും പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിരാണെന്ന് വിലയിരുത്തപ്പെട്ടു. സംഭവം യു പി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.

സ്വമേധയാ കേസെടുത്ത അലഹാബാദ് ഹൈക്കോടതി യു പി സര്‍ക്കാരിനെയും ആദിത്യനാഥിന്റെ പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ കുടുംബത്തിന് കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പൊലീസ് വാദം തള്ളിയ ഡോക്ടറെ നേരത്തെ യുപി സ‍ര്‍ക്കാര്‍ പുറത്താക്കിയിരുന്നു. അലിഗഡ് മെഡിക്കല്‍ കോളജിലെ താല്‍കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിഖനെയാണ് പുറത്താക്കിയത്. ബലാത്സംഗം നടന്നോ എന്ന് പരിശോധിക്കാന്‍ 11 ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ സാമ്പിള്‍ ശേഖരിച്ചതെന്ന ഡോക്ടറുടെ വെളിപ്പെുത്തല്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Hathras case; Sab­o­tage to UP govt and police

You May Like thid video also