Thursday
12 Dec 2019

മറന്നുവോ നമ്മള്‍?

By: Web Desk | Monday 12 August 2019 1:54 AM IST


U Suresh

യു സുരേഷ്

ന്ന് 2019, ഓഗസ്റ്റ് 12. ഇന്ത്യ എന്ന രാഷ്ട്രത്തെ ശാസ്ത്രാഭിമുഖ്യമുള്ള ഒന്നാക്കി വളര്‍ത്തിയെടുക്കുന്നതിനു നേതൃത്വം വഹിച്ച മഹാനായ ഡോ. വിക്രം സാരാഭായിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരശീല വീഴുകയാണ്. രാജ്യം ഈ മഹാനെ വേണ്ടവിധം ആദരിച്ചോ? അദ്ദേഹം വളര്‍ത്തിയെടുത്ത ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എങ്കിലും യഥോചിതം അദ്ദേഹത്തെ ഓര്‍മ്മിച്ചു? കേരളത്തിന് വിശേഷിച്ചും തിരുവനന്തപുരത്തിന് അഭിമാനം നല്‍കുന്ന ബഹിരാകാശ കേന്ദ്രത്തിനു കാരണക്കാരനായ കേരളത്തിന്റെ മരുമകനോട,് അദ്ദേഹത്തിന്റെ ഓര്‍മകളോട് നമ്മള്‍ എങ്കിലും നീതി പുലര്‍ത്തിയോ?
അതിനുള്ള ഉത്തരം ഇല്ല എന്നതാവുമ്പോള്‍ അതിനു ചില കാരണങ്ങള്‍ കൂടി ഉണ്ടെന്നു തോന്നിപ്പോവുക സ്വാഭാവികം. ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും അടക്കമുള്ള ദേശീയ നേതാക്കളുമായി ഉറ്റബന്ധം ഉണ്ടായിരുന്ന സാരാഭായ് കുടുംബത്തിന്റെ ഭാഗമായിരുന്നു വിക്രം എന്നത് വസ്തുത ഇന്നത്തെ ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് അത്ര ഹിതകരമല്ല.. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുമാണ് വിക്രംസാരാഭായ് ഇന്ത്യന്‍ മനസുകളിലേക്ക് ഒരുകാലത്ത് നടന്നുകയറിയത് എന്നതും തീര്‍ച്ചയായും അവഗണനയ്ക്ക് വിശേഷിച്ചും അര്‍ഹമായ ഒന്നായിരുന്നിരിക്കാം. എന്നാല്‍ നമ്മള്‍ മലയാളികളോ? നമുക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന, ചരിത്രത്തോടുള്ള മുഖംതിരിക്കല്‍ തന്നെയാവും അതിനു കാരണമായിട്ടുണ്ടാവുക. ആകെയുള്ള ഒരു ആശ്വാസം, അടുത്തമാസം ഏഴാം തീയതി ചന്ദ്രനിലിറങ്ങുന്ന ചന്ദ്രയാന്‍-2 നെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കുന്ന ലാന്‍ഡറിന് വിക്രം സാരാഭായിയുടെ പേരാണ് നല്‍കിയിരിക്കുന്നത് എന്നാണ്. പതിനാല് ഭൗമദിനങ്ങള്‍ക്ക് സമമായ ഒരു ചന്ദ്രദിനമാകും ‘വിക്രം’ പ്രവര്‍ത്തിക്കുക.

ജീവചരിത്രം തുടങ്ങുന്നു- ഇങ്ങനെ

വിക്രം സാരാഭായിയുടെ ജീവചരിത്രം, വിക്രം സാരാഭായി എ ലൈഫ് എന്ന പുസ്തകം എഴുതിയ അമൃതഷാ 1971 ല്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. തന്റെ പുസ്തകം അവര്‍ ഇങ്ങനെയാണ് ആരംഭിക്കുന്നത്. ‘വിക്രം സാരാഭായ് മരിക്കുമ്പോള്‍ എനിക്ക് ഒമ്പത് വയസാണ്. ഡിസംബര്‍ 31ന്, ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് വീട്ടില്‍ പത്രം വന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. പത്രം എടുത്തു നോക്കിയപ്പോള്‍ അമ്മയ്ക്കുണ്ടായ വല്ലാത്ത കിതപ്പ് എനിക്കു കേള്‍ക്കാമായിരുന്നു.’
എന്താണ്? പത്രത്തലക്കെട്ടിലേക്ക് എന്റെ കണ്ണു പായിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. വല്ലാത്ത വ്യഥയോടെ അമ്മ പറഞ്ഞു. ഒരു വലിയ ശാസ്ത്രജ്ഞന്‍ മരണമടഞ്ഞു. അന്നോളം അമ്മയില്‍ കാണാത്ത ഒരുതരം ആദരവോടെ പത്രത്തിലെ വാര്‍ത്തകളും അതിലെ ചിത്രങ്ങളും എന്നെ കാണിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുടുംബത്തെക്കുറിച്ച് അങ്ങനെ പലതും.

ദേശീയ പ്രസ്ഥാനം

ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ അഹമ്മദാബാദിലെ കേന്ദ്രമായിരുന്നു ദി റിട്രീറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഭവനം. അംബാലാല്‍ സാരാഭായിയുടെയും സരളാദേവിയുടെയും മകനായി അഹമ്മദാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വീട്ടിലെ മറ്റംഗങ്ങളെല്ലാം ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായപ്പോള്‍, സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ എങ്ങനെയാണ് കരുത്തുറ്റ ഒന്നാക്കി മാറ്റേണ്ടത് എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ മഥിച്ചിരുന്നത്. ഗാന്ധിജിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഫ്രഞ്ച് ടെലിവിഷനു വേണ്ടി തയാറാക്കിയ ഒരു ഡോക്യുമെന്ററിയില്‍ ഗാന്ധിജിയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുമുണ്ട്. സബര്‍മതി ആശ്രമത്തിലെ ഭജനകള്‍ തന്നെ സ്വാധീനിച്ചിരുന്നു എന്നും കേവലം ഒരു ചെറിയ കുട്ടിയായ തന്നോട് പോലും ഗാന്ധിജി പല വിഷയങ്ങളെക്കുറിച്ചും ദീര്‍ഘസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നും അദ്ദേഹം ഡോക്യുമെന്ററിയിലെ അഭിമുഖ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നു. ദണ്ഡി മാര്‍ച്ചിന് സബര്‍മതി ആശ്രമത്തില്‍ നിന്നും ഗാന്ധിജി യാത്ര ആരംഭിക്കുന്നതിനു സാക്ഷിയായും വിക്രം എന്ന പത്തു വയസുകാരന്‍ ഉണ്ടായിരുന്നു.
ശാസ്ത്രജ്ഞനാകുന്നത്

സമൂഹത്തിനുവേണ്ടി

സ്വാതന്ത്ര്യസമരത്തിലേക്ക് പ്രതിഭാധനരായ ഇന്ത്യന്‍ യുവാക്കള്‍ നടന്നടുത്തിരുന്ന കാലത്ത് മറ്റൊരു വലിയ ലക്ഷ്യമായിരുന്നു വിക്രം സാരാഭായ് താലോലിച്ചിരുന്നത്. ഒരു ശാസ്ത്രജ്ഞനാവുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ എപ്രകാരം ആവണം വളര്‍ത്തിയെടുക്കേണ്ടത് എന്ന് സ്വപ്‌നം കണ്ടിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നവഭാരതനിര്‍മാണ മോഹങ്ങള്‍ക്കൊപ്പമായിരുന്നു സാരാഭായിയുടെയും അതുപോലെ ഹോമിഭാഭയുടേയും ആശകള്‍ ചിറകുവച്ചത്. രവീന്ദ്രനാഥ ടാഗോറിന്റെ ശുപാര്‍ശയോടെയാണ് സാരാഭായ് കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് കോളജിലേക്കെത്തുന്നത്. വിക്രം സാരാഭായ് കേംബ്രിഡ്ജിലുണ്ടായിരുന്ന നാളുകളില്‍ അവിടെ ഇന്ദിരാഗാന്ധിയും ഫിറോസും പിന്നീട് കമ്മ്യൂണിസ്റ്റ് നേതാക്കളായി മാറിയ പലരും വി കെ കൃഷ്ണമേനോന്‍ നേതൃത്വം നല്‍കിവന്ന ‘ഇന്ത്യാ ലീഗി’ന്റെ പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ തന്റെ നിയോഗം മറ്റൊന്നാണെന്നു നിശ്ചയിച്ചുറപ്പിച്ചിരുന്ന വിക്രമിനെ ഇതൊന്നും അലട്ടിയതേയില്ല. അവിടെനിന്നും ബിരുദം നേടി അദ്ദേഹം അക്കാലത്തു നോബല്‍ സമ്മാനാര്‍ഹനായി മാറിയിരുന്ന ഡോ. സി വി രാമന്റെ കീഴില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്നു.
കോസ്മിക് രശ്മികളെക്കുറിച്ചായിരുന്നു വിക്രം ഗവേഷണം നിര്‍വഹിച്ചത്. സമാനമായ വിഷയത്തില്‍ ആണവോര്‍ജ്ജം സംബന്ധിച്ചുള്ള ഗവേഷണങ്ങളുമായി ഹോമിഭാഭയും അവിടെ ഉണ്ടായിരുന്നു. ഇരുവരും തങ്ങള്‍ ഒരു ദിശയില്‍ ചിന്തിക്കുന്നവരാണെന്ന് തിരിച്ചറിയുന്നതും ഇതേ കാലയളവിലാണ്. ബാംഗ്ലൂര്‍ കാലത്താണ് വിക്രം മൃണാളിനിയെ കാണുന്നതും അവരെ പിന്നീട് വിവാഹം കഴിക്കുന്നതും അങ്ങനെ കേരളത്തിന്റെ മരുമകനായി മാറുന്നതും. മലയാളിയും ഗാന്ധിജിയുടെ ഉറച്ച അനുയായിയും ഭരണഘടനാ നിര്‍മാണസഭ മുതല്‍ ലോക്‌സഭാംഗം വരെ ആവുകയും ചെയ്ത അമ്മു സ്വാമിനാഥന്റെ മകളായിരുന്നു മൃണാളിനി.

സ്വാതന്ത്ര്യാനന്തരം- നെഹ്‌റുവിന്റെ സ്വാധീനം

സ്വാതന്ത്ര്യാനന്തരം തന്റെ ഇന്ത്യന്‍ സ്വപ്‌നങ്ങളെക്കുറിച്ച് നെഹ്‌റു നടത്തിയ പ്രസംഗം ആവേശപൂര്‍വം കേട്ടിരുന്നവരില്‍ വിക്രമും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു ”സുഖവിശ്രമങ്ങളോടെയല്ല നിരന്തരമായ പരിശ്രമത്തോടെ മാത്രമേ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുവാനാവുകയുള്ളു. അപ്രകാരം മാത്രമേ നാം ഇന്നോളം എടുത്തിട്ടുള്ള പ്രതിജ്ഞകളും ഇന്ന് കൈക്കൊള്ളാന്‍ പോകുന്ന പ്രതിജ്ഞയും സാക്ഷാത്കരിക്കുവാന്‍ സാധിക്കുകയുള്ളു. ഇന്ത്യയെ സേവിക്കുക എന്നാല്‍ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകളെ സേവിക്കുക എന്നാണര്‍ഥം.”
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെമ്പാടും ഒരു വികാരമായി നെഹ്‌റു മാറി. നാടിനുവേണ്ടി തനിക്കെന്തു ചെയ്യാനാവും എന്ന് സര്‍വരും സ്വയം ചോദ്യം ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച നാളുകളായിരുന്നു അത്. ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടത് ഇന്ത്യയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നൊരു ധാരണ നെഹ്‌റുവിന് ഉണ്ടായിരുന്നു. ശാസ്ത്രത്തിന്റെ വഴിയിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാവണം വികസനം എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. നെഹ്‌റു അക്കാലത്ത് കൈക്കൊണ്ട നിലപാടുകളാണ് അന്ന് ദുര്‍ബലരും ഇന്ന് ഭരണം കൈയാളുന്നവരുമായ ശക്തികളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മതാധിഷ്ഠിതമായി ഇന്ത്യയെ വളര്‍ത്തിയെടുക്കുവാനുള്ള ശ്രമത്തെയാണ് നെഹ്‌റു ശാസ്ത്രീയത കൊണ്ട് നേരിട്ടത്.

ഗവേഷണവഴിയില്‍

അഹമ്മദാബാദില്‍ വിക്രം സാരാഭായ് വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. അഹമ്മദാബാദ് ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി റിസര്‍ച്ച് അസോസിയേഷന്‍, ഫിസിക്കല്‍ റിസര്‍ച്ച് അസോസിയേഷന്‍, ഫിസിക്കല്‍ റിസര്‍ച്ച് ലാബറട്ടറി എന്നിവയായിരുന്നു അവയില്‍ പ്രധാനം. ടാറ്റാ ഗ്രൂപ്പിന്റെ സഹായത്തോടെ ഹോമിഭാഭ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ആരംഭിച്ചു. പില്‍ക്കാലത്ത് ഇന്ത്യയിലെ രണ്ടു പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായി ഇവ രണ്ടും മാറുകയും ചെയ്തു. 1958 ല്‍ ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് യൂണിയന്‍സ് തീരുമാനമനുസരിച്ച് ബഹിരാകാശ ഗവേഷണത്തിനായി ഒരു കമ്മിറ്റി (കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച്) രൂപീകരിക്കപ്പെട്ടു. പിന്നീട് ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ നടന്ന ഉദ്യമങ്ങളെ നമുക്ക് ഇപ്രകാരം അടയാളപ്പെടുത്താം.
$ 1960 ല്‍ ഫ്രാന്‍സിലെ ‘നൈസില്‍’ നടന്ന ബഹിരാകാശ ശാസ്ത്ര സിംബോസിയത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി ഡോ. വിക്രം സാരാഭായ് പങ്കെടുക്കുന്നു.
$ 1961 ല്‍ ബഹിരാകാശ ഗവേഷണമെന്ന ആശയവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഗവേഷണപഠനങ്ങള്‍ക്കുള്ള കേന്ദ്രമായി ഫിസിക്കല്‍ റിസര്‍ച്ച് ലാബിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്‍കോസ്പാര്‍ (ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പെയ്‌സ് റിസര്‍ച്ച്) എന്നൊരു സ്ഥാപനം തന്നെ ഉണ്ടാകുന്നത്.
$ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി അന്ന് ബലൂണുകളെയാണ് ആശ്രയിച്ചിരുന്നത്. നാല്‍പത് കിലോമീറ്റര്‍ വരെയുള്ള പഠനങ്ങള്‍ക്കുമാത്രമേ അതുവഴി സാധിക്കുകയുള്ളൂ എന്നതിനാല്‍ കൂടുതല്‍ അകലെ 200 കിലോമീറ്റര്‍ വരെയുള്ള പഠനങ്ങള്‍ക്കായി സൗണ്ടിംഗ് റോക്കറ്റുകള്‍ ഉപയോഗിക്കാം എന്ന് നിശ്ചയിക്കുന്നു. ഭൂമിയുടെ കാന്തിക രേഖയോടടുത്തുളള സ്ഥലങ്ങളിലെ കാലാവസ്ഥാ പഠനമായിരുന്നു മുഖ്യ ഉദ്ദേശം. അങ്ങനെയാണ് ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രം (ടിഇആര്‍എല്‍എസ്- തുമ്പ ഇക്യുറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍) തിരുവനന്തപുരത്ത് ആരംഭിക്കുന്നത്.
തുമ്പ- 1963, നവംബര്‍ 21ന് വൈകുന്നേരം തുമ്പയില്‍ നിന്ന് ആദ്യത്ത റോക്കറ്റ് ഉയര്‍ന്നു പൊങ്ങി. അമേരിക്കന്‍ നിര്‍മിതമായ റോക്കറ്റായിരുന്നു അത് (നൈക്ക്-അപ്പാച്ചെ റോക്കറ്റ്)
1963, ജനുവരി 21 ന് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ലക്ഷ്മി എന്‍ മേനോനാണ് തുമ്പയില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാരംഭിക്കുവാനുള്ള തീരുമാനം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്ത് ഒരു പള്ളിയും, നിരവധി മത്സ്യത്തൊഴിലാളികളുടെ കുടിലുകളും ഉണ്ടായിരുന്നു. അന്നത്തെ രാഷ്ട്രീയ നേതൃത്വവും സാരാഭായിയും ജില്ലാകളക്ടര്‍ കെ മാധവന്‍ നായരും നിരന്തരമായി നടത്തിയ കൂടിയാലോചനകള്‍ക്കൊടുവില്‍ പള്ളിമന്ദിരം ശാസ്ത്ര സ്ഥാപനത്തിനു കൈമാറാന്‍ തീരുമാനിക്കുന്നു. പള്ളിത്തുറയില്‍ വിശ്വാസികള്‍ക്കായി മറ്റൊരു പള്ളി നിര്‍മ്മിക്കുകയും ചെയ്യുന്നു. അന്ന് ബിഷപ്പായിരുന്ന ഡോ. പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേരയുടെ പുരോഗമനാത്മകമായ ഈ നിലപാട് ഇന്ത്യയാകെ പ്രശംസിക്കപ്പെട്ടു. മതസഹിഷ്ണുതയുടെ ഉദാത്തമായ ഉദാഹരണമായി ഇന്നും പള്ളി നിലനില്‍ക്കുന്നു- മ്യൂസിയമായി. തുടര്‍ന്ന് െഎക്യരാഷ്ട്ര സംഘടനയുടെ സഹായത്തോടെ കേന്ദ്രം വളരുകയും ചെയ്തു.
ഇന്ന് ചന്ദ്രയാന്‍-2 ല്‍ എത്തിനില്‍ക്കുന്ന ബഹിരാകാശ ശാസ്ത്ര ഗവേഷണ സംരംഭങ്ങളുടെ തുടക്കക്കാരന്റെ നാമധേയത്തിലാണ് തിരുവനന്തപുരത്തെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തന്റെ ജീവിതകാലം മുഴുവനും നിരന്തരം തിരുവനന്തപുരം കേന്ദ്രത്തില്‍ എത്തുകയും ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സാരാഭായ് എന്ന മഹാനെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഡോ. അബ്ദുള്‍കലാം ഉള്‍പ്പെടെയുള്ളവര്‍ ഏറെ ആദരവോടെയാണ് വിശേഷിപ്പിക്കാറുള്ളത്. തന്റെ തിരക്കിട്ടപരിപാടികള്‍ക്കിടയില്‍ തിരുവനന്തപുരത്തെത്തിയ ഒരു സന്ദര്‍ഭത്തില്‍ കോവളത്തുവച്ച് 1971 ഡിസംബര്‍ 30 ന് അദ്ദേഹം അന്ത്യശ്വാസം വലിക്കുകയും ചെയ്തു. ഭാരതമാകെ ഞെട്ടലോടുകൂടിയായിരുന്നു ആ വാര്‍ത്ത കേട്ടത്.

വൈവിധ്യം

ഒരു ശാസ്ത്രജ്ഞനെന്ന നിലയിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ മികവുറ്റ സംഭാവനകളില്‍ ഒന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്ന ആശയം. ആദ്യത്തെ ഐഐഎം അഹമ്മദാബാദില്‍ തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ‘സാമൂഹ്യ പുരോഗതിക്കു ശാസ്ത്രം ആവശ്യമാണ്. അതുപോലെ മാനേജ്‌മെന്റ് സങ്കേതങ്ങളും അനിവാര്യമാണ്. ‘സാരാഭായ്’ എന്ന ഒരു വലിയ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ടാവണം അദ്ദേഹത്തില്‍ ഇത്തരം ചിന്തകള്‍ ഉണ്ടായത്. താന്‍ നേതൃത്വം വഹിച്ചിരുന്ന ‘സാരാഭായ് കെമിക്കല്‍സ്’ എന്ന മരുന്നു നിര്‍മ്മാണ കമ്പനിയിലൂടെ വലിയ തോതില്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍മ്മിക്കുന്നതിന് അദ്ദേഹം തയ്യാറായി. രാജ്യത്തിന്റെ പൊതുവായ അനാരോഗ്യാവസ്ഥയെ നേരിടാന്‍ ആന്റിബയോട്ടിക്കുകള്‍ വലിയ തോതില്‍ വേണ്ടതുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നു. 1966 ല്‍ ഹോമിഭാഭാ ഒരു പ്ലെയിനപകടത്തില്‍ മരണമടഞ്ഞു. തുടര്‍ന്ന് അദ്ദേഹം നേതൃത്വം വഹിച്ചിരുന്ന ആണവോര്‍ജ്ജ വകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിച്ചു. ആണവശക്തി സമാധാന ആവശ്യങ്ങള്‍ക്കായിട്ടാവും ഉപയോഗിക്കുക എന്ന അക്കാലത്തെ പ്രഖ്യാപനം വലിയ മാധ്യമ ശ്രദ്ധപിടിച്ചു പറ്റി.

മറന്നു തുടങ്ങുമ്പോള്‍

ആദ്യമേ സൂചിപ്പിച്ചതു പോലെ ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി വളര്‍ത്തിയെടുക്കുന്നതിന് സ്ഥിരോത്സാഹം ചെയ്ത മഹദ് വ്യക്തികളെ നമ്മള്‍ മെല്ലെ മറക്കുകയാണ്. അവരെ വിസ്മൃതിയിലാക്കുന്നത് ബോധപൂര്‍വമാവാം എന്നതാണ് ഇന്നത്തെ സങ്കീര്‍ണമായ വിഷയം. നെഹ്‌റുവോ, സാരാഭായിയോ എന്നതല്ല വിഷയം മറിച്ച് ചരിത്രത്തെ തമസ്‌ക്കരിക്കുന്നതിനും, പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ടി നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇവയെല്ലാം എന്നതാണ് പ്രധാനം. തുമ്പയിലെ കേന്ദ്രത്തിന് വിക്രം സാരാഭായിയുടെ പേരു നല്‍കി കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയെ ആദരിച്ചു. 1974 ല്‍ ചന്ദ്രനിലെ ഒരു ചെറുഗര്‍ത്തത്തിന് വിക്രം സാരാഭായിയുടെ പേരു നല്‍കി ഇന്റര്‍നാഷണല്‍ ആസ്‌ട്രോണോമിക്കല്‍ യൂണിയനും തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു. ഇവയൊക്കെ സ്വാഗതാര്‍ഹങ്ങളുമാണ്. എന്നാല്‍ ലോകം ആദരിക്കുന്ന ഇന്ത്യ ഹൃദയത്തിലേറ്റേണ്ട ഒരു മഹാന്റെ ജന്മശതാബ്ദിയാണ് ഏതൊക്കെയോ കാരണങ്ങളാല്‍ ശ്രദ്ധിക്കപ്പെടാതെ പോയത് എന്നത് വേദനയോടെയല്ലാതെ പറയുകവയ്യ.