സൂക്ഷിക്കുക! വെറുംവയറ്റിലെ കാപ്പികുടിക്ക് വലിയ വിലനൽകേണ്ടി വരും

Web Desk
Posted on December 09, 2017, 2:49 pm

വെറുംവയറ്റിലെ കാപ്പികുടിശീലം മാറ്റിയില്ലെങ്കിൽ ആരോഗ്യം നശിക്കുമെന്ന പുതിയ മുന്നറിയിപ്പു നൽകുകയാണ് ഗവേഷകർ. കാപ്പി കുടിക്കരുതെന്നല്ല, മറിച്ച് ഒഴിഞ്ഞ വയറിൽ കാപ്പി കുടിക്കരുതെന്നാണ് ഇവർ പറയുന്നത്. ഇത് വയറിൽ ആസിഡ് ഉൽപ്പാദനം കൂട്ടുമത്രേ. ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് ഉൽപ്പാദനം കൂടുമെന്നാണ് ഗവേഷകർ പറയുന്നത്.

നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥ സെൻസിറ്റീവ് ആണെങ്കിൽ സ്റ്റൊമക് ലൈനിങിന് കേടുവരുത്തി ദഹനം നടക്കാത്ത അവസ്ഥ സംജാതമാക്കുകയും നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും. ഒഴി‍ഞ്ഞ വയറിലെ കാപ്പികുടി ശീലം ഹൃദയമിടിപ്പ് കൂട്ടുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉത്കണ്ഠാരോഗങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

മലശോധന സുഗമമാക്കുന്നതിനു വേണ്ടിയാണ് കാലി വയറിൽ കാപ്പി കുടിക്കുന്നതെങ്കിൽ ഈ ശീലം മാറ്റി പകരം വെള്ളം കുടിക്കുന്നതാകും ആരോഗ്യത്തിനു നല്ലത്. ഇനി അതല്ല രാവിലെ കാപ്പി കുടിച്ചേ മതിയാകൂ എന്നാണെങ്കിൽ അതിനു മുന്നേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് വയറിലെ ആസിഡ് നില കുറയ്ക്കും.