Friday
18 Oct 2019

‘ഹവ്വ’ നീ

By: Web Desk | Sunday 26 May 2019 7:23 AM IST


രാജേഷ് തെക്കിനിയേടത്ത്

ഞാന്‍
ഒരു പെണ്‍കവിത വായിക്കുകയായിരുന്നു
അപ്പോഴെല്ലാം ‘ഹവ്വ’
ഞാന്‍ നിന്നെ പഠിക്കുകയായിരുന്നു
അല്ല, നിന്നെ അറിയുകയായിരുന്നു.

വഴിയറിയാത്ത ഒരു വട്ടംചുറ്റല്‍
തീര്‍ത്ത് ഞാന്‍ തിരിച്ചെത്തി
എന്നെ കാത്തുനിന്ന നിന്റെ കണ്ണുകളില്‍
നീല നിറവും ചുണ്ടുകളില്‍ മുളം തണ്ടിന്‍
മധുവൂറും സ്വരവുമായിരുന്നു.

ഇടക്കെപ്പോഴോ നീ ഇല്ലാതായി
ഭൂമിയില്ലാതായി
ആകാശവും
മിഴികള്‍ നനച്ച് മഴപെയ്യും വരെ ഞാന്‍ ആത്മാവ് തേടുന്ന
ബോധവൃക്ഷത്തണലിലായിരുന്നു.
എന്റെ മനസ്സിലേ
ഇരുണ്ട കോണുകളില്‍ വെളിച്ചം
നിറയുവോളം നീ തനിച്ചായിരുന്നു.

അതിനിടയില്‍
നീയൊരു രാക്ഷസിയായി
അല്ലന്നു വാദിക്കുന്നവര്‍ക്കുവേണ്ടി
അവതാരങ്ങളില്ലാത്ത പുതിയ കാലത്ത്
ഞാനായിരുന്നു നിനക്ക് ശാപമോക്ഷം തന്നത്.
ഇപ്പോള്‍
നീയൊരു മനുഷ്യ സ്ത്രീ
വരു, എന്റെ കൂടെ വരു
എന്റെ അരികില്‍ തന്നെയിരിക്കൂ
വാല്മീകിയും വ്യാസനും
അറിയാത്തെ അശുദ്ധിയുടെ
പുതിയ കവിത പിറക്കട്ടെ.

ആ ഒരു നില്പില്‍,
കാറ്റ് വസന്തം മുഴുവന്‍ കൊണ്ടുപോയി.
ഇപ്പോള്‍
നീയൊരു പറച്ചി
ദുര്‍ബല, നിനക്ക് ഞാന്‍
പന്ത്രണ്ടുമക്കളെ തന്നു
അതിലൊന്ന് ബ്രാഹ്മണന്‍
ബാക്കി പതിനൊന്നും നാനാജാതികള്‍
എല്ലാജാതിക്കും അമ്മയായ
നീയായിരുന്നു ‘നവോത്ഥാന’ നായിക.

ഒരു പ്രഭാതം
ഒരു രാത്രി നിന്നില്ല
നിന്റെ മുലയ്ക്ക് കരം വേണമെന്നായിരുന്നു ഉത്തരവ്
തരില്ലന്ന് നീ.
വാക്കുകള്‍ പോര്‍വിളികള്‍
ഇരുപക്ഷത്തും മുറയ്ക്ക് നടന്നു
ഉച്ചയാകും മുന്‍പ്
മുലയറുത്ത് നാക്കിലയില്‍ വെച്ച നീ
കാളിയമ്മയെപ്പോല്‍ അട്ടഹസിച്ചു.
നിന്റെ ചിതയില്‍ ചാടി ഞാന്‍
പുരുഷസതി ആചരിച്ചു.

ചരിത്രത്തില്‍ നിന്നും
അവര്‍ കയറിവന്നു
എത്ര അകലങ്ങളിലേക്ക് കുടഞ്ഞുകളഞ്ഞാലും
തിരിച്ചുവരുന്ന നീ അവര്‍ക്കൊപ്പം നടന്നു.
സ്വാതന്ത്ര്യം വേണ്ടെന്നു പറയുന്ന ഒരുത്തിയുടെ പുരുഷനായി
ഞാന്‍ ഒറ്റപ്പെട്ടു.
ഏറ്റവും പുതിയ കാലത്ത്
നിന്റെ അറിവുകള്‍
നിന്റെ സങ്കല്പങ്ങള്‍
നിന്റെ സ്വാതന്ത്ര്യം
ഇരുമ്പുകൂട്ടില്‍ പിടഞ്ഞു.
എല്ലാം ഒന്നിലേക്കെന്നോണം
ആശയറ്റ നിന്നെ നോക്കി എന്റെ വായന നിലച്ചു.
നിന്നെ മാറ്റിനിര്‍ത്തിയവരുടെ മുന്നില്‍
ഇപ്പോള്‍ ഞാന്‍ നിശബ്ദം തകരുന്ന ശരീരം
പുതിയ മൗനി.

സകല കടലും കൂടി
കാലത്തിന് പിറകോട്ടൊഴുകി
ഇപ്പോള്‍ ഒരു മുക്കുവ കുടിയുടെ മുറ്റത്താണ് ഞാന്‍
പൊഴിഞ്ഞ ഇലകളെല്ലാം
പെറുക്കിക്കൂട്ടി അന്നാദ്യമായി
ഞാനാ ഒറ്റവരി കവിത വായിച്ചു.
‘ഹേ സ്ത്രീ…..’
ഒരു പെണ്ണിന് അഞ്ചാണുങ്ങളെന്നോണം
പുതിയ വിധി നടന്നു.
എന്തു പറയാന്‍ ‘ഹവ്വ’
ഇപ്പോള്‍ നീയൊരു ദ്രൗപതി
നിന്റെ മുന്നില്‍ ഒരു വാഴ്ച്ചക്കുവേണ്ടി യാചിക്കുന്നവരുടെ നിരയില്‍
ഒരൂഴം കാത്ത് ഞാനുമുണ്ടായിരുന്നു.

ഞാന്‍ കവിത മടക്കി..
അപ്പോള്‍
പൊഴിഞ്ഞ ഇലകളെല്ലാം പച്ചനിറങ്ങള്‍ സ്വീകരിച്ച്
വിലക്കുകളുള്ള തൊട്ടത്തിലേക്ക് പറന്നു.
അവിടെ,
എന്റെ വാരിയെല്ല്
ഊരിയെടുത്ത മുറിവില്‍
‘ഹവ്വ’ നീ ഇലച്ചാറു പുരട്ടുകയായിരുന്നു..