സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹർജി തള്ളി

Web Desk
Posted on November 24, 2017, 12:40 pm

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന നാല് സിപിഐ മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിമാർക്ക് പദവിയിൽ തുടരാന്‍ അര്‍ഹതയില്ലെന്ന് കാണിച്ച് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി അഷ്റഫ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് തള്ളിയത്.

മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കാത്തത് കോടതിയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിഷയമല്ല. ഇക്കാര്യത്തിൽ ആക്ഷേപമുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം. മുഖ്യമന്ത്രിയാണ് ഇതിൽ നടപടിയെടുക്കേണ്ടത്  അല്ലാതെ കോടതിയല്ല.  യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കാത്തതിന് വേണ്ടത്ര തെളിവ് ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല.  വെറും പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹർജി, ഹൈകോടതി നിരീക്ഷിച്ചു.

കായല്‍ കൈയേറിയതിന് ആരോപണ വിധേയനായ തോമസ് ചാണ്ടി ഉടന്‍ രാജിവെക്കണമെന്നും, ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഐ മന്ത്രിമാര്‍ നവംബര്‍ 15 ലെ കാബിനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്.