അന്വേഷണ ഏജന്‍സികളെ കേന്ദ്രം സ്വേച്ഛാപരമായി ദുരുപയോഗം ചെയ്യുന്നു: സിപിഐ

Web Desk
Posted on February 04, 2019, 10:46 pm

ന്യൂഡല്‍ഹി: ബംഗാളിലുണ്ടായിരിക്കുന്ന പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര — സംസ്ഥാന ബന്ധങ്ങള്‍ പുനര്‍ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ കക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ആദായ നികുതി വകുപ്പുകളെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ സ്വേച്ഛാപരമായി ദുരുപയോഗം ചെയ്യുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും സമാനരീതിയില്‍ ജനാധിപത്യ വിരുദ്ധമായി അതിനോട് പ്രതികരിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരും ചേര്‍ന്ന് ആഭ്യന്തരകലാപത്തിന് സമാനമായ അന്തരീക്ഷമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ശാരദ ചിട്ടി തട്ടിപ്പിലെ കുറ്റാരോപിതരെ രക്ഷിക്കുന്നതിനാണ് ബംഗാള്‍ സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാനും രാജ്യത്തിന്റെ ജനാധിപത്യസംവിധാനം സംരക്ഷിക്കാനുമുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനാണ്. വന്‍ കുംഭകോണങ്ങളിലൊന്നായ ശാരദ ചിട്ടി തട്ടിപ്പിനെ കുറിച്ച് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.