July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

മാര്‍ക്‌സിനോടൊപ്പം അംബേദ്ക്കറെ കൂടി ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മാനിഫെസ്‌റ്റോക്ക് രാജ്യത്തെ കമ്യൂണിസ്റ്റുകള്‍ രൂപം നല്‍കണം

By Janayugom Webdesk
December 26, 2019

മലപ്പുറം: മാര്‍ക്‌സിനോടൊപ്പം അംബേദ്ക്കറെ കൂടി ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മാനിഫെസ്‌റ്റോക്ക് രാജ്യത്തെ കമ്യൂണിസ്റ്റുകള്‍ രൂപം നല്‍കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി  ഡി രാജ പറഞ്ഞു. മലപ്പുറത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഭാരത ദര്‍ശനം കെ ദാമോദരന്‍ സ്മാരക ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്ക്കറും കമ്യൂണിസ്റ്റുകാരും തമ്മില്‍ കാര്യമായ വിയോജിപ്പുണ്ടായിരുന്നു എന്ന് ധരിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ അംബേദ്ക്കര്‍ രൂപപ്പെടുത്തിയ ഭരണഘടനപ്രകാരം ഇന്ത്യയുടെ സമ്പത്ത് നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടണം. രാജ്യത്തെ ഉല്‍പാദനോപാധികളെല്ലാം ദേശസാല്‍ക്കരിക്കണമെന്നാണ് അംബേദ്ക്കര്‍ പറഞ്ഞത്.

സോഷ്യലിസമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാര്‍ക്‌സിന്റെ വിമോചന സ്വപ്‌നങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ അംബേദ്ക്കര്‍ പങ്കിട്ടത്  രാജാ പറഞ്ഞു. ആര്‍എസ്എസ് ഇന്ത്യയുടെ ഭരണഘടനയേയും മതേതര ജനാധിപത്യത്തേയും നിരന്തരമായി വെല്ലുവെളിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം സാധാരണ ജനം ഏറ്റെടുത്ത് കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരടക്കം നിരവധി രാജ്യസ്‌നേഹികള്‍ ജീവന്‍ നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യവും പരമാധികാരവും ആര്‍എസ്എസ് പിന്‍വാതിലിലൂടെ ഇല്ലാതാക്കുകയാണ്. സ്വര്‍ഗമാകുമെന്ന് നാം സ്വപ്‌നംകണ്ട ഭാരതം ഭീതിയുടെ നാടായി മാറി കഴിഞ്ഞു. ജനങ്ങളാണ് രാജ്യമെന്നും അവരുടെ ജീവിതമാണ് ക്ഷേമ രാഷ്ട്രമെന്നും വിസ്മരിക്കുന്ന ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലേത്. ഈ നാടിനെ ബ്രിട്ടീഷ് അടിമത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നടന്ന ധീരമായ പോരാട്ടങ്ങളിലൊന്നും ഇന്ന് നാട് ഭരിക്കുന്ന ഹിന്ദുത്വ വാദികളുടെ മുന്‍ഗാമികളെ ഒരിടത്തും കണ്ടിട്ടില്ല. രാജ്യ നിര്‍മാണത്തിന്റെ എല്ലാഘട്ടങ്ങളിലും കാതലായ സംഭാവനകള്‍ നല്‍കിയവരാണ് കമ്മ്യൂണിസ്റ്റ്കാര്‍.

സാധാരണക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിത പുരോഗതി ലക്ഷ്യം വച്ച് കമ്മ്യൂണിസ്റ്റ്കാര്‍ ഉയര്‍ത്തിയ മുദ്രാ വാക്യങ്ങളാണ് ഗാന്ധിജിയും നെഹറുവും അംബേക്കറും ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി നുണകളും ഇല്ലാക്കഥകളും പ്രചരിപ്പിച്ച് നമ്മുടെ ചിന്തകളെ സംഘപരിവാര്‍ മലീമസമാക്കുകയാണ്. വിയോജിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു. ഏതിര്‍പ്പിന്റെ സ്വരമുള്ളവരെ ദേശവിരുദ്ധരും അര്‍ബന്‍ മവോയിസ്റ്റ്മാക്കുന്നു. മോദിയുടെയും അമിത്ഷായുടെയും ശരീരഭാഷ തന്നെ ധിക്കാരത്തിന്റെയും അഹഭാവത്തിന്റെയുമാണ്. ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇവര്‍ രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത് ഇന്ത്യക്ക് ഒരിക്കലും ഒരുമതരാജ്യമാകാനാവില്ല എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും മനസ്സിലാക്കാന്‍ മോദി ഷാ കൂട്ടുകെട്ട് തയ്യാറാവാണം- രാജ ഓര്‍മിപ്പിച്ചു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയവയിലൂടെ രാജ്യത്തെ മതപരമായി ഭിന്നിപിച്ചിരിക്കുകയാണ്. ജനങ്ങളുടെ മനസ്സില്‍ ഭീതി പടര്‍ന്നിരിക്കുന്നു.

ഫാസിസ്റ്റ് ഭരണത്തിന് കീഴില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്ത കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ഭാരതീയരില്‍ രൂപപ്പെട്ടുകഴിഞ്ഞു. ഈ ഭീതി ഇന്ത്യന്‍ സമൂഹത്തെ നശിപ്പിക്കുകയും ആഭ്യന്തരയുദ്ധത്തിലേക്ക് നാട് നീങ്ങുകയും ചെയ്യും. ഇത് പോരാട്ടത്തിന്റെ സമയമാണ്. കമ്മ്യൂണിസ്റ്റ്കാര്‍ ഇതിലും വലിയ പോരാട്ടങ്ങളും പ്രതിസന്ധികളും അതിജീവിച്ചവരാണ്. അതിനുമുമ്പില്‍ ബിജെപി ഭരണകൂടം ഒന്നുമല്ല. പക്ഷെ ഇന്ന് രാജ്യത്ത് നടക്കുന്ന പോരാട്ടം കമ്മ്യൂണിസ്റ്റ്കാര്‍ ഒറ്റക്ക് നടത്തണ്ട ഒന്നല്ല. ഒരു രാഷ്ട്രീയവുമില്ലാത്ത സാധാരണക്കാര്‍ പിറന്ന നാട്ടില്‍ സമാധാനത്തോടുകൂടി ജീവിക്കാന്‍ വേണ്ടിയാണ് പോര്‍മുഖത്ത് എത്തിയിരിക്കുന്നത്്. കമ്മ്യൂണിസ്റ്റ്കാര്‍ അവര്‍ക്കൊപ്പമാണ് രാജ അടിവരയിട്ടു പറഞ്ഞു.

സെമിനാര്‍ ഉദ്ഘാടന ചടങ്ങില്‍ സിപിഐ ജില്ലാ അസി. സെക്രട്ടറി അജിത് കൊളാടി സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി അധ്യക്ഷനായി, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണി, പി പി സുനീര്‍, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണ ദാസ്, ജമ്മു കാശ്മീര്‍ സിപിഐ സെക്രട്ടറി മിസ്‌റാബ്, സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പി സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.