Web Desk

March 14, 2020, 11:00 pm

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നു

Janayugom Online
ഇന്ദ്രജിത്ത് ഗുപ്തയ്ക്കൊപ്പം

പുതുപ്പള്ളി രാഘവനമ്മാവൻ മൂന്നും നാലും ദിവസങ്ങൾ കൂടുമ്പോൾ വീട്ടിൽ വരും. മിക്കവാറും പകൽ കിടന്നുറങ്ങും. എന്നെ കൈയിൽ കിട്ടിയാൽ ഖദർ ജുബ്ബയുടെയും ഗാന്ധിത്തൊപ്പിയുടെയും കാര്യം പറഞ്ഞ് എന്തെങ്കിലും ഒരു കളിയാക്കൽ ഉണ്ടാകും. പിന്നെ തർക്കത്തിൽ ഏർപ്പെടും. എന്റെ ഗാന്ധിഭക്തിയെയും കോൺഗ്രസ് രാഷ്ട്രീയത്തെയും വിമർശിക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യം കിട്ടി ഒരു കൊല്ലത്തിനിടയിൽത്തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്ന മാറ്റം ഞങ്ങളെയൊക്കെ അസ്വസ്ഥരാക്കിയിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പട്ടം താണുപിള്ള പ്രധാനമന്ത്രിയായപ്പോൾ പുന്നപ്രവയലാർ രക്തസാക്ഷികളെ വിട്ടയയ്ക്കുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അതു നടന്നില്ല. പരസ്യമായി അക്കാര്യത്തിലുള്ള തന്റെ എതിർപ്പ് പട്ടം താണുപിള്ള വ്യക്തമാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്വഭരണത്തിനും വേണ്ടി സമരം ചെയ്തിരുന്ന ഞങ്ങളെ അക്കാലത്ത് എതിർത്തിരുന്ന മിക്കവരും ഇതിനിടെ കോൺഗ്രസുകാരായി മാറിക്കഴിഞ്ഞിരുന്നു. ഇതെല്ലാം ചേർന്ന് ഞങ്ങൾക്ക് കോൺഗ്രസ് രാഷ് ട്രീയത്തോട് താല്പര്യം കുറഞ്ഞുവന്നിരുന്ന കാലമാണത്.

പുതുപ്പള്ളി അമ്മാവൻ എന്റെ കോൺഗ്രസ് രാഷ്ട്രീയത്തെ കളിയായും കാര്യമായും വിമർശിച്ചത് ഈ കാലത്താണ്. വീട്ടിൽ വന്നുതുടങ്ങിയ ആദ്യദിവസങ്ങളിൽത്തന്നെ പുതുപ്പള്ളി അമ്മാവൻ എന്നോടു പറഞ്ഞിരുന്നു, താനവിടെ വരുന്ന കാര്യം ആരോടും പറയരുതെന്ന്. മൈസൂറിലെ ചില രാഷ്ട്രീയക്കേസുകളുടെ പേരിൽ പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. പിന്നീട് ഒരു ദിവസം അദ്ദേഹം എന്നോടു തുറന്നു പറഞ്ഞു, താൻ ഒളിവിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരനാണെന്ന സത്യം. അതോടെ എനിക്ക് അദ്ദേഹത്തോട് എന്തോ കൂടുതൽ അടുപ്പം തോന്നി. അപ്പോഴേക്കും എന്റെ കോൺഗ്രസ് പക്ഷപാതം പാടേ ദുർബ്ബലമായിക്കഴിഞ്ഞിരുന്നു; ഞാനും അങ്ങനെ കമ്മ്യൂണിസ്റ്റ് ആശയഗതിയിലേക്കെത്താൻ പാകത്തിലായി. എന്റെ കവിതയുടെ കാര്യമൊക്കെ പുതുപ്പള്ളി അമ്മാവൻ അന്വേഷിക്കും. പ്രോത്സാഹജനകമായി സംസാരിക്കും. ചുറ്റുമുള്ള പാവപ്പെട്ട മനുഷ്യരുടെ ജീവിതം ശ്രദ്ധിച്ചു പഠിക്കാനാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്.

ആയിടെയായിരുന്നു എന്റെ ആദ്യത്തെ കവിതാസമാഹാരം ‘ഗ്രാമീണഗായകൻ’ പുറത്തുവന്നത്. അതിലെ കർഷകത്തൊഴിലാളികളുടെ ജീവിതദൈന്യം ആവിഷ്കരിച്ച കവിതയെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എപ്പോൾ സമയം കിട്ടിയാലും അദ്ദേഹം വായിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ കൈയിൽ പുസ്തകം കാണും. അല്ലെങ്കിൽ വീട്ടിൽ എന്റെ പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് ചിലതെടുത്ത് വായിക്കും. അക്കാലത്ത് പാർട്ടിക്കാരുടെ ഇടയിൽ ഒരു പറച്ചിലുണ്ട്. കൈയിൽ പുസ്തകവുമായി അപരിചിതരാരെങ്കിലും നടക്കുന്നതുകണ്ടാൽ അത് പുതുപ്പള്ളി രാഘവനായിരിക്കുമെന്ന് കരുതി പൊലീസുപിടിക്കുമെന്ന്. അദ്ദേഹത്തിൽ ജീവിതകാലം മുഴുവൻ അറിവിനുവേണ്ടിയുള്ള ദാഹം നിലനിന്നിരുന്നു. തീരെ വയ്യാതായപ്പോൾപ്പോലും പുസ്തകങ്ങൾ വായിക്കാൻ അദ്ദേഹം താല്പര്യപ്പെട്ടു. ആ വ്യക്തിത്വത്തിന്റെ മറ്റൊരു സവിശേഷത ചരിത്ര ബോധമായിരുന്നു.

(തിളച്ചമണ്ണിൽ കാൽനടയായി എന്ന ആത്മകഥയിൽ നിന്ന്)