ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾക്ക് 112.27 കോടി അനുവദിച്ചു

Web Desk

തിരുവനന്തപുരം

Posted on October 27, 2020, 10:52 pm

സംസ്ഥാനത്തെ 1,603 സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തുന്നതിന് അനുമതി. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് 112.27 കോടി രൂപ അനുവദിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളായി ഉയർത്തുന്നതിന് ആദ്യഘട്ടമായി 66.27 കോടി രൂപയും ആവശ്യമായ മരുന്നുകൾ കെഎംഎസ്‌സിഎൽ വഴി ലഭ്യമാക്കുന്നതിന് 46 കോടി രൂപയും ഉൾപ്പെടെയാണ് ഈ തുകയനുവദിച്ചത്.

സെന്ററുകളുടെ നവീകരണത്തിനായി ഏഴ് ലക്ഷം രൂപയും പ്രാഥമിക ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു ലക്ഷവും ഉൾപ്പെടെ എട്ട് ലക്ഷം രൂപയുമാണ് ഓരോ സബ് സെന്ററിനും അനുവദിച്ചിട്ടുള്ളത്. വെൽനെസ് സെന്ററുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് 1,603 മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്.

ബിഎസ്‌സി നഴ്സുമാരെയാണ് മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായി നിയമിക്കുക. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി രോഗീസൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കുന്നത്. ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകൾ, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളിൽ തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കാനാകും.

Eng­lish sum­ma­ry; health and well­ness cen­tre

You may also like this video;