October 1, 2022 Saturday

Related news

September 19, 2022
August 2, 2022
July 23, 2022
July 2, 2022
June 30, 2022
May 27, 2022
May 10, 2022
April 7, 2022
March 18, 2022
January 25, 2022

സാമൂഹിക അകലവും സുരക്ഷാമാനദണ്ഡങ്ങളും കാറ്റിൽപറക്കുന്നു; അതീവജാഗ്രത തുടരണമെന്ന് ആരോഗ്യവിദഗ്ധർ

കോഴിക്കോട്
ഷിബു ടി ജോസഫ്
May 15, 2020 6:47 pm

കോറോണക്കാലത്തെ കർശനമായ ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങൾ സംസ്ഥാനമൊട്ടാകെ പാളിപ്പോകുന്നതായി ആരോഗ്യമേഖലയിലെ വിദഗ്ധർ ആശങ്കപ്പെടുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നപ്പോൾ ജനങ്ങൾ കൂട്ടത്തോടെ പൊതുസ്ഥലങ്ങളിൽ ഇറങ്ങാൻ തുടങ്ങിയതോടെ സർക്കാരും ആരോഗ്യസുരക്ഷാ സംവിധാനങ്ങളും കർശനമായ ആരോഗ്യസുരക്ഷാ മുന്നറിയിപ്പുകളാണ് നൽകിയിരുന്നത്. സാമൂഹിക അകലവും വ്യക്തിശുചിത്വപാലനങ്ങളും ഉറപ്പുവരുത്തി കൊറോണയുടെ സാമൂഹിക വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യസുരക്ഷാ മുന്നറിയിപ്പുകൾ നൽകിയത്.

ഇതിൽ ഏറെ പ്രധാനം പൊതുസ്ഥലങ്ങളിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണമെന്നതും മുഖംമൂടി ഉപയോഗിക്കണമെന്നതുമായിരുന്നു. എന്നാൽ ഗ്രാമങ്ങളിലും നഗരങ്ങളിലും അടക്കം ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നും പാലിക്കാൻ മിക്കവരും കൂട്ടാക്കുന്നില്ല എന്ന പരാതികൾ വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ആരോഗ്യവിദഗ്ധർ അടക്കം നിരന്തരം നൽകുന്നുണ്ടെങ്കിലും അത് നിസാരമായി കരുതുകയാണ് ഏറെപ്പേരും. ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ എത്തിയാൽ ഇത്തരം നിയന്ത്രണങ്ങളൊന്നും കാണാനാവില്ലെന്ന സ്ഥിതിയാണിപ്പോൾ.

കച്ചവട സ്ഥാപനങ്ങളിലും പാതയോരങ്ങളിലും ആളുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ കൂടിനിൽക്കുന്നത് വ്യാപകമായിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളിലും സൂപ്പർ മാർക്കറ്റുകളിലും ജനത്തിരക്ക് സാധാരണ നിലയിലായി. പണമടയ്ക്കുന്ന സ്ഥലങ്ങളിൽ ഒരു മീറ്റർ അകലം പാലിച്ച് ആളുകൾ വരിനിൽക്കുന്ന കാഴ്ച അത്യപൂർവ്വമാണ്. പൊതുസ്ഥലങ്ങളിൽ മൂക്കും വായയും മൂടുന്നതരത്തിൽ മുഖംമൂടി ധരിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. ഇത് പാലിക്കാത്തവർക്ക് പിഴയീടാക്കാനും നിയമമുണ്ട്.

മിക്കവരും തൂവാലയും മാസ്കുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും അത് മാനദണ്ഡങ്ങൾ അനുസരിച്ച് ധരിക്കുന്നവരുടെ എണ്ണം പകുതിയിൽ താഴെ മാത്രമാണ്. മിക്കവരും കഴുത്തിൽ മാസ്ക് ധരിക്കുന്ന നിലയിലാണ്. പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും കബളിപ്പിക്കുന്ന വിധത്തിൽ മാസ്ക് അണിയുന്നവരാണ് ബഹുഭൂരിപക്ഷവും. അറുപത് വയസ്സിന് മുകളിലുള്ളവരും പത്തുവയസിന് താഴെയുള്ളവരും വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുള്ളപ്പോഴും പൊതുസ്ഥലങ്ങളിൽ എത്തുക മിക്കവാറും മുതിർന്ന പൗരന്മാരാണ്. ചെറിയ കുട്ടികളെയും കൂട്ടി വാഹനങ്ങളിൽ പുറത്തിറങ്ങുന്നതും ഏറെക്കുറെ സാധാരണമായി.

കേരളത്തിൽ കൊറോണയുടെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെ സംഭവിക്കില്ല എന്നുകരുതി മുന്നോട്ടുപോകാനാവില്ലെന്ന് ആരോഗ്യപ്രവർത്തകർ കർശനമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന കാലത്ത് അതീവജാഗ്രത ആവശ്യമാണെന്നും മിക്കവരും തിരിച്ചെത്തുന്നത് കൊറോണ ബാധ അതിശക്തമായ ഇടങ്ങളിൽ നിന്നാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് നിയന്ത്രണത്തിനായി സർക്കാരും ആരോഗ്യസംവിധാനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ ഇതുവരെ കേരളീയ പൊതുസമൂഹം വലിയ പിന്തുണയും സഹകരണവുമാണ് നൽകിയിരുന്നതെന്നും തുടർന്നുള്ള നാളുകളിലും ഇതാവശ്യം തന്നെയാണെന്നും വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ആവർത്തിച്ച് വ്യക്തമാക്കുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.