Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

July 22, 2021, 5:38 am

മതവികാരത്തെക്കാൾ പ്രധാനം ആരോഗ്യം

Janayugom Online

പൗരന്മാരുടെ യുക്തിബോധത്തിന് പരിഗണന നൽകുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. മതവിശ്വാസത്തിനു നൽകുന്ന പരിരക്ഷയെപ്പോലെത്തന്നെ യുക്തിബോധത്തിനും നമ്മുടെ നാട്ടിലിടമുണ്ട്. ചിലപ്പോഴെങ്കിലും മതങ്ങളും രാഷ്ട്രീയ പാർട്ടികളും മറന്നുപോകുന്ന ഈ വസ്തുതയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ആശാവഹമായ ഒരു വിധിയാണ് ഈയിടെ പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായത്.

ഉത്തർപ്രദേശിലെ സര്‍ക്കാർ വോട്ടുപെട്ടി ലക്ഷ്യമാക്കി പ്രോത്സാഹിപ്പിച്ചിരുന്ന ഒരു മതാചാരത്തെയാണ് കോടതി കോവിഡിന്റെ പശ്ചാത്തലത്തിൽ തടഞ്ഞിട്ടുള്ളത്. കാവടിയുമേന്തി പഴനിയിലേക്കോ കാവുമേന്തി കൊട്ടിയൂരേക്കോ പോ­കുന്നതുപോലെയുള്ള ഒരു യാത്രയാണ് ഹിന്ദുമതവിശ്വാസികൾ ഹരിദ്വാറിലേക്കും ഗംഗോത്രിയിലേക്കും നടത്താറുള്ളത്. ഉത്തരാഖണ്ഡിലുള്ള ഈ സ്ഥലങ്ങളിലേക്ക് കാൽനടയായി പോകുന്ന തീർത്ഥാടകർ ഗംഗാജലം ശേഖരിക്കുകയും അവ പല ശിവക്ഷേത്രങ്ങളിലെത്തി അഭിഷേകം നടത്തുകയും ചെയ്യും. ഒരു വടക്കൻ ശിവാലയ ഓട്ടം.

നഗ്നത മര്യാദയ്ക്ക് മറയ്ക്കാതെയുള്ള കുംഭമേള മുതൽ കേരളത്തിലെ തീണ്ടാരിക്കാര്യം വരെയുള്ള സർവവിധ അനാചാരങ്ങളെയും വോട്ടിനു വേണ്ടി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരം ഇക്കാര്യത്തിലും അവരുടെ പൗരാണിക നിലപാട് തുടർന്നു. കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്ന് കോടതി വ്യക്തമാക്കുകയും യാത്ര അനുവദിച്ചുകൊണ്ടുള്ള തീരുമാനം പുനഃപരിശോധിക്കാൻ നിർദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.

ലോകം ഒരു അദൃശ്യ രോഗാണുവിനെ നേരിടാനും അതുവഴി മനുഷ്യരാശിയെ രക്ഷിക്കാനുമുള്ള തീവ്ര പരിശ്രമത്തിലാണ്. ആ ശ്രമത്തിൽ നമ്മളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഔത്സുക്യത്തോടെ പങ്കെടുക്കുകയുമാണ് വേണ്ടത്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. ജെറുസലേമിലും മക്കയിലും ഭക്തജന പ്രവേശനം അവിടെയുള്ള ഭരണകൂടങ്ങൾ യുക്തിപൂർവം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതൊന്നും ഇന്ത്യയിലെ മത പൗരോഹിത്യത്തിനു ബാധകമല്ല. വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാതെ പരസ്യമായും സാമൂഹികമായും പ്രകടിപ്പിച്ചെങ്കിൽ മാത്രമേ പലതരം വിലപേശലുകൾ നടക്കൂ എന്ന് അവർ കരുതുന്നു. മതാചാരങ്ങൾ പ്രകടിപ്പിക്കാനായി കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം കാറ്റിൽ പറത്താനാണവർ ശ്രമിച്ചത്.

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം പറയുമ്പോൾ മുഖ്യമന്ത്രി യുക്തിവാദികളെ പോലെ സംസാരിക്കുന്നു എന്നാണ് ഒരു മത വിദ്യാർത്ഥി സംഘടന പ്രസ്താവിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഇ എം എസ് നമ്പൂതിരിപ്പാട്, സി അച്യുതമേനോൻ, പി കെ വാസുദേവൻ നായർ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവർ ഭൗതികവാദം അംഗീകരിച്ചവരാണ്. ഐക്യകേരളത്തിന് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരായ സി കേശവനും പനമ്പിള്ളി ഗോവിന്ദമേനോനും ഈശ്വരവിശ്വാസികൾ ആയിരുന്നില്ല. പക്ഷേ ഇവരാരും ആരുടെയും മതവിശ്വാസത്തെ തടഞ്ഞിട്ടില്ല. അവരുടെ യുക്തിബോധം അതാണ്.

ബാബറിപ്പള്ളി പൊളിച്ചതിനെ ഒരു യുക്തിവാദിയും അനുകൂലിച്ചില്ല. മതത്തിനു ഒരു പ്രാധാന്യവുമില്ലാത്ത, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളല്ലാത്ത സ്ക്കാന്റിനേവിയൻ രാജ്യങ്ങളിൽ പോലും ആളില്ലാപ്പള്ളികളെ ചരിത്രസ്മാരകമെന്ന നിലയിൽ സംരക്ഷിച്ചിട്ടുണ്ട്. ബാബറിപ്പള്ളിയും അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകളും തകർത്തത് കഠിന മതവിശ്വാസികളാണ്. ഒന്ന് ശരിയും ഒന്ന് തെറ്റും ആകുന്നില്ല.

രോഗം ഈശ്വരനിശ്ചയമാണ്, അത് വന്നോട്ടേ എന്ന പ്രാകൃതചിന്തയെ അംഗീകരിക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല. ആചാരങ്ങളെന്നപേരിൽ ആൾക്കൂട്ടങ്ങളെ സംഘടിപ്പിച്ച് രോഗം പടർത്തുന്നതിന് പകരം രോഗകാല നിയന്ത്രണങ്ങൾ പാലിക്കുകയാണ് ഉചിതമായിട്ടുള്ളത്.