Web Desk

തിരുവനന്തപുരം

January 14, 2020, 6:09 pm

കുട്ടികളുടെ അപേക്ഷ കേട്ട് മന്ത്രിയമ്മ സെറിബ്രല്‍ പാള്‍സി ബാധിച്ച അശ്വിന് ചികിത്സ ഒരുക്കി

Janayugom Online

കുട്ടികളുടെ അപേക്ഷ കേട്ട് മന്ത്രിയമ്മ അശ്വിന് ചികിത്സ ഒരുക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മുതല്‍ അശ്വിന് ചികിത്സ ആരംഭിച്ചു. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട നിവാസിയായ സെറിബ്രല്‍ പാള്‍സി ബാധിച്ച ഒമ്പത് വയസുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഉദ്യമത്തിന് തുടക്കമാകുന്നത് കാണാന്‍ മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ മന്ത്രിയും നേരിട്ടെത്തി. മന്ത്രിയെ കണ്ട് നന്ദി പറയാന്‍ ബിആര്‍സിയിലെ അദ്ധ്യാപിക ശ്രീലതയും പടിഞ്ഞാറെ കല്ലട ഗവണ്‍മെന്റ് എല്‍പിഎസിലെ അശ്വിന്റെ സഹപാഠി നിളയും. നിളയെ ചേര്‍ത്ത് നിര്‍ത്തി അശ്വിന് മെച്ചപ്പെട്ട ചികിത്സ നല്‍കും എന്ന് മന്ത്രിയുടെ ഉറപ്പ്.

രണ്ടു വയസുകാരന്റെ വളര്‍ച്ച പോലുമില്ലാതെ പരസഹായമില്ലാതെ കിടക്കുന്ന അശ്വിന്‍ മധുവിനെ കുറിച്ചും ആ കുഞ്ഞിന്റെ സഹപാഠികള്‍ അവനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ജനയുഗം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പടിഞ്ഞാറെ കല്ലട ഗവണ്‍മെന്റ് എല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിള്‍ ആരോഗ്യ മന്ത്രിക്ക് നേരിട്ട് കത്തയക്കുകയായിരുന്നു. കത്ത് കിട്ടിയതോടെ മന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. സാമൂഹിക സുരക്ഷാ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. ഡയാന നേരിട്ട് കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് അശ്വിനെ വകുപ്പ് ഏറ്റെടുത്തു എന്നും എല്ലാ ചികിത്സാ സഹായവും നകൽകുമെന്നും അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് കുഞ്ഞിനെ മാതാപിതാക്കള്‍ ചികിത്സക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഒപ്പം അശ്വിനെ പഠിപ്പിക്കുന്ന ബിആര്‍സിയിലെ ടീച്ചര്‍ ശ്രീലതയും സഹപാഠി നിളയും ആശുപത്രിയിലെത്തി. മന്ത്രിയെ നേരില്‍ കണ്ട് നന്ദി പറയാനാണ് അവര്‍ എത്തിയത്.

രാവിലെ മെഡിക്കല്‍ കോളജിലെത്തി പിഎംആര്‍ വകുപ്പ് മേധാവി ഡോ. അബ്ദുള്‍ ഗഫൂറിനെയാണ് ആദ്യം കണ്ടത്. മുന്‍പ് നടത്തിയ ചികിത്സകളുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷം കുഞ്ഞിനെയും അദ്ദേഹം വിശദമായി പരിശോധിച്ചു. അതിന് ശേഷം ഡോ. സക്കറിയയെ ചികിത്സക്കായി ചുമതലപ്പെടുത്തി. ഒരു സാധാരണ കുഞ്ഞാക്കി മാറ്റാന്‍ കഴിയില്ലെന്നും ഘട്ടം ഘട്ടമായി നിലമെച്ചപ്പെടുത്തി എടുക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടയില്‍ സാമൂഹിക സുരക്ഷാ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. ഡയാനയും സംഘവും ആശുപത്രിയിലെത്തി. തൊട്ടു പിന്നാലെയാണ് മന്ത്രിയും അശ്വിനെ കാണാനായി ആശുപത്രിയില്‍ എത്തിയത്.

കുട്ടികള്‍ കത്തയച്ച വിവരവും അശ്വിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ ചികിത്സകളും നല്‍കും എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനായി. ഭിന്ന ശേഷിക്കാരായ കുട്ടികളെയും സമൂഹത്തിന്റെ ഭാഗമാണ് എന്ന നിലയിലേക്ക് പൊതുബോധത്തെ മാറ്റാനായി എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ ഐത്തോട്ടുവ തീണ്ടാത്തറ വീട്ടില്‍ മധുവിന്റെയും സുനിലയുടെയും ഇളയ കുട്ടിയാണ് അശ്വിന്‍ മധു. ഒമ്പത് വയസുണ്ടെങ്കിലും രണ്ട് വയസില്‍ താഴെ മാത്രമാണ് വളര്‍ച്ച. സെറിബ്രല്‍ പള്‍സി എന്ന രോഗമാണ്. കിടത്തിയാല്‍ ഒരേ കിടപ്പ്. എഴുന്നേല്‍ക്കുകയോ വര്‍ത്തമാനം പറയുകയോ ഇല്ല. പല ചികിത്സകള്‍ നല്‍കിയെങ്കിലും തുടര്‍ ചികിത്സകള്‍ക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയയായിരുന്നു ഈ മാതാപിതാക്കള്‍.

കൂലിപ്പണിക്കാരനാണ് മധു. കുഞ്ഞിനെ നോക്കാന്‍ എപ്പോഴും അമ്മ ഒപ്പം വേണം. മൂത്തത് ഒരു പെണ്‍കുട്ടി. അവള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. പിതാവ് ഉള്‍പ്പെടെ അഞ്ചുപേരുടെ എല്ലാ കാര്യങ്ങള്‍ക്കുമായുള്ളത് മധുവിന്റെ വരുമാനം മാത്രം. ഇതിനിടയില്‍ ആശുപത്രികളില്‍ നിത്യേന പോകുന്നതിനാല്‍ പണിക്ക് പോകാനും കഴിയാതെയായി. പല ഡോക്ടര്‍മാരെുടെയും ആശുപത്രികളുടെയും വാതില്‍ ഈ കുടുംബം കുഞ്ഞിനെ രക്ഷിക്കാനായി മുട്ടി. എന്ത് ചികിത്സ നല്‍കണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത ഈ പാവങ്ങള്‍ പിന്നീട് കുഞ്ഞി ആയുര്‍വേദ ചികിത്സ നല്‍കി. കൊല്ലം ആയുര്‍വേദ ആശുപത്രിയില്‍ മൂന്നു മാസം കൂടുമ്പോള്‍ കിടത്തി പഞ്ചകര്‍മ്മ ചികിത്സ ചെയ്യണം. ഇടവേളകളിലേക്കുള്ള മരുന്നുകള്‍ ആഴ്ച്ചയില്‍ വാങ്ങണം. പണം ഒരു പ്രശ്നമായതോടെ ചികിത്സ അവിടെയും നിന്നു. ഇപ്പോള്‍ പണിതീരാത്ത ഒരു ചെറു വീടിനുള്ളിലെ ചുവരുകളില്‍ നോക്കി തന്റെ വിധി എന്തെന്ന് പോലും അറിയാതെ കിടക്കുകയായിരുന്നു അശ്വിന്‍. ആ സമയത്താണ് സ്‌കൂളിലെ സ്പെഷ്യല്‍ അസംബ്ളിയില്‍ അശ്വിനുമായി അവന്റെ അമ്മ എത്തുന്നതും കുട്ടികള്‍ അവനെ കാണുന്നതും. അശ്വിന്റെ വിവരങ്ങള്‍ അറിഞ്ഞതോടെ അവനെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നായി കുട്ടികള്‍. ഇതിനായി ഇവര്‍ ആരോഗ്യ മന്ത്രിക്ക് കത്തെഴുതുകയായിരുന്നു.

അശ്വിന്‍ മധുവിന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ മന്ത്രിക്കെഴുതിയ കത്ത്..

‘സ്‌നേഹം നിറഞ്ഞ മന്ത്രിയമ്മേ,

ഞങ്ങള്‍ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഞങ്ങളുടെ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ അശ്വിന്‍ മധുവിന് (s/o മധു, തീണ്ടാത്തറയില്‍, ഐത്തോട്ടുവ, പടിഞ്ഞാറെ കല്ലട) എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ വര്‍ത്തമാനം പറയുവാനോ കഴിയില്ല. രണ്ടു വയസുകാരന്റെ വളര്‍ച്ച മാത്രമാണ് അവനുള്ളത്. ജനിച്ചപ്പോള്‍ താഴെ വീണത് മൂലമാണ് അവന്‍ ഇങ്ങനെയായത് എന്നും നല്ല ചികിത്സ നല്‍കിയാല്‍ അവന്‍ പഴയപടി ആകുമെന്നുമാണ് എന്റെ ടീച്ചറും അശ്വിന്റെ അമ്മയും പറയുന്നത്. പക്ഷേ മെച്ചപ്പെട്ട ചികിത്സ നല്‍കാനുള്ള കഴിവ് അവന്റെ അച്ഛനും അമ്മക്കുമില്ല. പല കുട്ടികളെയും മന്ത്രിയമ്മ നല്ല ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങള്‍ക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം.

അടുത്ത വര്‍ഷമെങ്കിലും അവനും ഞങ്ങളോടൊപ്പം ഇരുന്ന് അവന്‍ പഠിക്കണം. ഞങ്ങള്‍ക്കൊപ്പം അസംബ്ലിയില്‍ നില്‍ക്കണം. സ്‌കൂള്‍ മുറ്റത്ത് അവനും ഓടിക്കളിക്കണം. ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം. ഏറ്റവും നല്ല ചികിത്സ കിട്ടാന്‍ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം.

ഒത്തിരി ഇഷ്ടത്തോടെ

വിദ്യാര്‍ത്ഥികള്‍

മൂന്നാം ക്ലാസ്

ഗവ.എല്‍പിഎസ്

പടിഞ്ഞാറെ കല്ലട’

Eng­lish sum­ma­ry: Health min­is­ter KK Shy­la­ja give sup­port for the treat­ment of Aswin a third stan­dard student