Web Desk

പത്തനംതിട്ട

July 04, 2021, 1:59 pm

കോവിഡ് മരണം; പൂർണ പട്ടിക രണ്ടു ദിവസത്തിനകം, സുതാര്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

Janayugom Online

കോവിഡ് മരണക്കണക്ക് സുതാര്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിർബന്ധമുണ്ട്. പേര് കൂടി പുറത്തു വിടണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.

ഡിസംബർ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂർണ പട്ടിക രണ്ടു ദിവസത്തിനകം പുറത്തുവിടും. സ്വകാര്യത സൂക്ഷിച്ചും കണക്കുകൾ കൃത്യമായും പ്രസിദ്ധീകരിക്കും. ഇതിനായി പുതിയ സോഫ്റ്റ് വെയർ തയാറാക്കും. ജൂൺ 16ന് ശേഷമുള്ള മുഴുവൻ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രേഖകളില്ലാത്ത കോവിഡ് മരണങ്ങൾ കൂടി എണ്ണത്തിൽ ഉൾപ്പെടുത്താനും ആവശ്യപ്പെട്ടു. വിവരങ്ങൾ ഓൺലൈൻ അപ്ഡേഷനാണ് നടത്തുന്നത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാടെന്നും വീണ ജോർജ് വ്യക്തമാക്കി.

കോവിഡ് മരണത്തിൽ ഡിഎംഒ തലത്തിൽ പരാതികൾക്ക് പരിഹാരം കണ്ടെത്തും. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കോവിഡ് മരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മാറ്റം വേണമെന്ന് അഭിപ്രായം ഉയർന്നാൽ അതു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

Eng­lish summary:Health min­is­ter on covid death data
You may also like this video: