23 April 2024, Tuesday

Related news

April 19, 2024
April 15, 2024
April 5, 2024
March 13, 2024
March 12, 2024
March 10, 2024
March 4, 2024
March 3, 2024
March 2, 2024
February 19, 2024

വീട്ടിലെ ഓണാഘോഷത്തിനും കരുതൽ വേണം: ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 19, 2021 7:11 pm

കോവിഡ് കാലത്തെ ഓണാഘോഷത്തില്‍ ജാഗ്രത പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെയും മൂന്നാം തരംഗത്തിന്റെയും ഭീഷണിയുള്ളതിനാല്‍ ഓണം കഴിഞ്ഞും കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. കടകളിൽ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിൾ മാസ്കോ, എൻ 95 മാസ്കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. എല്ലായിടത്തും രണ്ട് മീറ്റർ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാർക്കറ്റുകളിലും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാൻ കടക്കാരും ജാഗ്രത പുലർത്തണം.

ആരിൽ നിന്നും ആരിലേക്കും രോഗം വരാം. വീട്ടിലെ ഒരാൾക്ക് കോവിഡ് വന്നാൽ അയാളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലമായതിനാൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകൾ പരമാവധി കുറയ്ക്കണം. വീട്ടിൽ അതിഥികളെത്തിയാൽ മാസ്ക് നിർബന്ധമാക്കണം. വന്നയുടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പർശിച്ചു കൊണ്ടുള്ള സ്നേഹ പ്രകടനം ഒഴിവാക്കണം. ഇവർക്ക് വിരുന്നുകാരിൽ നിന്നും രോഗം വന്നാൽ അത് തീരാദുഃഖമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം പടരാൻ സാധ്യത കൂടുതൽ. അതിനാൽ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരിൽ നിന്നും വാക്സിൻ എടുത്തവരിൽ നിന്നുപോലും രോഗം പകരാമെന്നതിനാൽ പല കുടുംബങ്ങളിൽ നിന്നുള്ളവർ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വാക്സിന്‍ സ്വീകരിച്ചവരില്‍ ചെറുപ്പക്കാര്‍ കുറവ്

സംസ്ഥാനത്ത് 18 വയസിന് മുകളിൽ 52 ശതമാനത്തിലധികം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെങ്കിലും അതിൽ ചെറുപ്പക്കാർ കുറവാണെന്ന് മന്ത്രി. 18 നും 44 വയസിന് മുകളിലുള്ള 38 ശതമാനം പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. കുട്ടികളുടെ വാക്സിനേഷന്‍ തുടങ്ങിയിട്ടുമില്ല. വാക്സിൻ എടുത്തവരുടെ അശ്രദ്ധ കാരണം പലപ്പോഴും വീണ്ടും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ജാഗ്രത തുടരണം. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നവർ മാസ്കിട്ട് മാത്രം ഫോട്ടോയെടുക്കുക. ഡെൽറ്റ വൈറസായതിനാൽ പെട്ടന്ന് വ്യാപനമുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry: Health min­is­ter on onam cel­e­bra­tion in covid period

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.