Web Desk

തിരുവനന്തപുരം

May 26, 2021, 4:55 pm

മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മലിനമായ ജലം കുടിവെള്ള സ്രോതസുകളില്‍ കലരുന്നത് വഴി വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കാന്‍ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

മലിനജല സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം ഗുരുതരമാകാതെ ഭേദപ്പെടുത്താന്‍ സാധിക്കും. അതിനാല്‍ തന്നെ മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍

  • മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്ക് എന്നിവ ഉപയോഗിക്കുക.
  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
  • ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക 200 എംജി (100 എംജിയുടെ രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.
  • എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

Eng­lish sum­ma­ry: Health min­is­ter state­ment on mon­soon disease

You may also like this video: