ഇനി ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ

Web Desk
Posted on September 03, 2019, 11:13 am

ന്യൂഡല്‍ഹി: ഇനി ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. പത്തുവര്‍ഷം വരെ ജയിലും പത്തുലക്ഷം രൂപവരെ പിഴയുമാണ് ഡോക്ടര്‍മാരെ ആശുപത്രിയില്‍ വച്ച് ആക്രമിക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.
ഡോക്ടര്‍മാര്‍ക്കെതിരെ രാജ്യത്ത് ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം തയ്യാറാക്കുന്ന ബില്ലിലാണ് പുതിയ വ്യവസ്ഥകള്‍. കഴിഞ്ഞദിവസം അസമില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ജനക്കൂട്ടം ഒരു ഡോക്ടറെ മര്‍ദ്ദിച്ചുകൊന്ന സംഭവമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ നിയമം എത്രയുംവേഗം പ്രാബല്യത്തില്‍ വരുത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. തിങ്കളാഴ്ച പുറത്തുവിട്ട കരട് ബില്ലിന്മേല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായവും തേടിയിട്ടുണ്ട്.
സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ പെരുകിയതോടെ ഐഎംഎ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.