September 26, 2022 Monday

Related news

September 22, 2022
September 20, 2022
September 17, 2022
July 5, 2022
June 19, 2022
June 9, 2022
June 3, 2022
April 4, 2022
March 28, 2022
March 24, 2022

പ്രവാസികളെ വരവേൽക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജം

Janayugom Webdesk
തിരുവനന്തപുരം:
May 6, 2020 8:29 pm

വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജം. എയർപോർട്ടിൽ വന്നിറങ്ങുന്നത് മുതൽ പരിശോധിച്ച് ആവശ്യമുള്ളവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകുന്നതിന് മതിയായ സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

എല്ലാ എയർപോർട്ടിലും വന്നിറങ്ങുന്നവർക്കായി പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പൂർണ വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. ക്യൂആർ കോഡ് വഴി ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാൻ കഴിയുകയും വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനും ഇവരെ ട്രെയ്സ് ചെയ്യാനും കഴിയും. എല്ലാവരെയും മാസ്ക് ധരിപ്പിച്ച് സിസ് സാഗ് പാറ്റേണിലാണ് വിമാനത്തിൽ ഇരുത്തുന്നത്. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയർപോർട്ടിലും തുടർന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അനൗൺസ്മെന്റ് നടത്തും. കൂടാതെ സെൽഫ് റിപ്പോർട്ട് ഫോർമാറ്റും പൂരിപ്പിച്ച് ഹെൽപ്പ് ഡെസ്കിൽ നൽകണം. 15 മുതൽ 20 പേരെയാണ് ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കുന്നത്.

എയ്റോ ബ്രിഡ്ജിൽ വച്ച് താപനില പരിശോധിക്കുകയും പനിയുണ്ടെങ്കിൽ അവരെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്യുന്നു. പനിയില്ലെങ്കിൽ അവരെ ഹെൽപ് ഡെസ്കിലേക്ക് അയയ്ക്കുന്നു. ഒരു ഹെൽപ് ഡെസ്കിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്‌സ് അല്ലെങ്കിൽ ഫീൽഡ് സ്റ്റാഫ്, സന്നദ്ധ പ്രവർത്തകൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരാണ് ഉണ്ടാകുക. ഹെൽപ് ഡെസ്കിലെ ഡോക്ടർ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ അവരേയും ഐസൊലേഷൻ ബേയിലേക്ക് മാറ്റും. രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിംഗ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകൾ അണുവിമുക്തമാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചവരെ ആർടിപിസിആർ പരിശോധന നടത്തും. ഇവരിലും രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലാക്കും.

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ എ, ബി, സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രികൾ ഉൾപ്പെടെ 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ പ്ലാൻ സിയിൽ 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷൻ കിടക്കകളും 1,679 ഐസിയു കിടക്കകളുമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ മറ്റെല്ലാം മാറ്റിവച്ച് സംസ്ഥാനത്തെ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരേ സമയം 18,000ത്തോളം കിടക്കകൾ ഒരുക്കാൻ കഴിയും. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ 462 കോവിഡ് കെയർ സെന്ററുകളിലായി 16,144 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരികയാണ്. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു വരുന്നു. ഇതുകൂടാതെ എൻഎച്ച്എം വഴി ഈ കാലയളവിൽ 3,770 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ഇതോടൊപ്പം മറ്റ് വിഭാഗം ജീവനക്കാരേയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ENGLISH SUMMARY: health sec­tor is ready for receiv­ing pravasi

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.