ആരോഗ്യത്തിന്‍റെ രുചിയൂറും ഏലക്കാചായ

Web Desk
Posted on July 27, 2018, 5:08 pm

മലയാളിയെ സംബന്ധിച്ചിടത്തോളം ചായയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമാണ്. എന്നാൽ, എന്തിനാണ് രാവിലെ ഒരു ചായകുടി എന്ന് ചോദിച്ചാൽ മിക്കവരുടെയും മറുപടി അതൊരു ശീലമല്ലേ എന്നാകും. ഈ ശീലത്തിൽ നമുക്കൊരു ചെറിയ മാറ്റം വരുത്താം. മഞ്ഞു മൂടിയ പുലർവേളകളിൽ ആവി പറക്കുന്ന ഏലക്കായിട്ട ഒരു ചായകുടി കൂടെ ആയാല്‍ അന്നത്തെ ദിവസം ഉന്മേഷത്തോടെ നമുക്ക് തുടങ്ങാം. ഇനി മുതൽ നമുക്ക് ചായകുടി ഒരു ശീലം മാത്രമല്ല, ആരോഗ്യ പ്രശനങ്ങൾക്ക് പരിഹാരം കാണുന്ന ഒരു പാനീയം കൂടെ ആകണം. ഒരു ദിവസം ഒരു ചായകുടിയെങ്കിലും ആരോഗ്യത്തിനു നല്ലതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവയയെല്ലാം പ്രതിരോധിക്കാൻ ചായക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രുചിയേറിയ ഏലക്കാ ചായയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.

ഹൃദയത്തെ സംരക്ഷിക്കാം 

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കൊരു പരിഹാരമാണ് ഒരു ഗ്ലാസ് ചായ. രക്തക്കുഴലുകള്‍ വികസിപ്പിച്ച് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയെ ഇതിലൂടെ ഒഴിവാക്കാൻ കഴിയും. ചായയിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ ഇതിനുള്ള സാധ്യത തള്ളിക്കളയുകയും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പൊണ്ണത്തടിക്കൊരു പരിഹാരം 

ഭക്ഷണ ക്രമങ്ങളാണ് മലയാളിയെ പൊണ്ണത്തടിയന്മാരാക്കി മാറ്റുന്നത്. ഇതിനൊരു ചെറിയ പരിഹാരമാണ് ഒരു ഗ്ലാസ്സ് ചായ. ദിവസം ഒന്നിൽ കൂടുതൽ ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. സോഫ്റ്റ് ഡ്രിങ്കുകൾ കുടിച്ചു ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചു വരുത്തുന്ന സമയത്ത് ഒരു ഗ്ലാസ് ചൂടന്‍ചായ കുടിച്ചു അല്പം വണ്ണം കുറക്കാം നമുക്ക്.

നിര്‍ജ്ജലീകരണത്തെ അകറ്റിനിർത്താം

കഠിനമായ ജോലികൾ ചെയ്യുന്നവരിൽ നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതൾ ഏറെയാണ്. എന്നാൽ, ഇവയ്ക്കുള്ള ഒരു പരിഹാരമാണ് ചായ. ഇതിനൊപ്പം ഏലക്കായിട്ട ചായ കൂടി ആണേൽ സംഗതി കുശാൽ. ഇത്തരത്തിലുള്ള ജോലിയിലുള്ളവർ ഇടക്കൊരു ചായ കുടിക്കുന്നത് നന്നായിരിക്കും. വ്യായാമത്തിലേർപ്പെടുന്നവർക്കും ഏലക്കാചായകൊണ്ട് ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാക്കുന്നു.

ദന്തക്ഷയത്തിനൊരു പരിഹാരം 

പ്രായഭേതമന്യേ ഏതൊരാളും നേരിടുന്നൊരു പ്രധാന പ്രശ്നം തന്നെയാണ് ദന്തക്ഷയം. പല്ലുകൾക്ക് ബലവും ആരോഗ്യവും നല്കാൻ ചായക്ക് കഴിയുന്നു. ഒപ്പം ദന്തക്ഷയം ഉണ്ടാക്കാൻ സാധ്യതയുള്ള കീടാണുക്കളെ നശിപ്പിക്കാനും ചായക്ക് കഴിയും.

ക്യാൻസറിനൊരു തിരിച്ചടി

മലയാളി ഏറ്റവും ഭയത്തോടെ കാണുന്ന ക്യാൻസറിനൊരു മറുപടി നല്കാൻ ഒരു ഗ്ലാസ് ഏലക്കാ ചായക്ക് കഴിയും. ഇതിലുള്ള ആന്‍റി ഓക്‌സിഡന്‍റ് ആണ് ക്യാന്‍സറിന്‍റെ വില്ലന്‍. ഇത് ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. മാത്രമല്ല, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നീ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചായ.

നല്ല  ദഹനത്തിന് 

ഫാസ്റ്റ്ഫുഡുകൾക്ക് അടിമയായ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ദഹനം. ദഹനപ്രശ്നങ്ങളാൽ പരക്കം പായുന്ന മലയാളിക്ക് മുന്നിലുള്ള ലളിതമായ ഒരു വഴിയാണ് ചായ. ഏലക്കായ്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള കഴിവുണ്ട്. ഈ പ്രതിസന്ധികളെ മറികടക്കാൻ ഏലക്കാ ചായയിലൂടെ നമുക്ക് കഴിയും.

എല്ലിനെ ബലപ്പെടുത്താം 

തേയ്മാനങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന നമുക്കൊരു ആശ്വാസമാണ് ഏലക്കാ ചായ. കഠിനമായി അധ്വാനിക്കുന്നവരെയാണ് ഈ പ്രശ്നങ്ങൾ അലട്ടുന്നതും. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറെ സഹായകമാണ് ഒരു ഗ്ലാസ്സ് ഏലക്കാ ചായ. ഇതിലടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് ആണ് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി പേശികള്‍ക്ക് ആരോഗ്യവും ഉറപ്പും നല്‍കുന്നതിന് സഹായിക്കുന്നു ഏലക്ക ചായ.