പാവപ്പെട്ടവനും വേണ്ടേ ചികിത്സ.?

ആഷ്‌ലി മേരി തോമസ്‌
Posted on October 14, 2017, 7:36 pm

ചികിത്സ ആഡംബരമാകുന്നു

കുത്തനെ കുതിച്ചുയരുന്ന മരുന്നു വില സാധാരണക്കാരന്റെ തലയറുക്കുമ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ആരുടെ കാലാണ് പിടിക്കേണ്ടത്. ഡോക്ടറിന്റെയോ മരുന്നു വില്‍പ്പനക്കാരന്റെയോ അതോ ഉന്നതരുടെയോ…

മരുന്നുകള്‍ക്ക് ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമോ.? എന്താണ് ഉറപ്പ്. ജീവനു കൊടുക്കേണ്ട വിലയേക്കാളധികമാണ് ഇപ്പോള്‍ മരുന്നിന്. കുത്തനെ കുതിച്ചുയരുന്ന മരുന്നുവില സാധാരണക്കാരന്റെ തലയറുക്കുകയാണ്. രാജ്യത്തെ സ്വാതന്ത്ര്യം ലബ്ധിക്കു 70 വര്‍ഷത്തിനു ശേഷവും ശിശുമരണനിരക്ക് വര്‍ദ്ധിക്കുന്നതല്ലാതെ അതിനൊരു ശമനവും ഉണ്ടാകുന്നില്ല. അതു മനുഷ്യ മനസാക്ഷിയെ തന്നെ പിടിച്ചു കുലുക്കുന്നതാണ്. ഇതെല്ലാം നമ്മുടെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥയാണ് വരച്ചുകാട്ടുന്നത്. ആരോഗ്യമേഖല വളരാനായിട്ടുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ വാദപ്രതിവാദങ്ങളാണ് ഏറെയും നടക്കുന്നത്. വാഗ്ദാനങ്ങല്‍ക്കപ്പുറം മനുഷ്യ ജീവന് പ്രാധാന്യം ഉണ്ടെന്ന സാമാന്യബോധത്തിനെതിരെ ഉന്നതരുടെ മുഖം തിരിച്ചുള്ള നിലപാടുകള്‍ ഇന്ത്യുടെ ആരോഗ്യമേഖലയെ കൂപ്പുകുത്തുന്നതിന് കാരണമാകുന്നുണ്ട്.

പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ 6 കോടി ജനങ്ങള്‍ ചികിത്സയ്ക്കായി സ്വത്ത് മുഴുവന്‍ ചിലവഴിക്കുന്നു. ഇതിലൂടെ ഇവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായി തള്ളപ്പെടുകയാണ് ചെയ്യുന്നത്, 2017 ലെ ദേശീയ ആരോഗ്യനയത്തിന്റെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 40 ശതമാനത്തിനടുത്ത് രോഗികള്‍ ചികിത്സയ്ക്കുവേണ്ടി പണം കടം വാങ്ങുന്നു, ഇതവരുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. 25 ശതമാനത്തോളം ആളുകള്‍ക്ക് സ്വന്തം വസ്തുവകകള്‍ ചികിത്സയ്ക്കായി വില്‍ക്കേണ്ടിവരുന്നു. ആരോഗ്യചികിത്സാ ഒരു ആഡംബരചികിത്സയായി ഇന്ന് അധ:പതിക്കുകയാണ്.

പ്രാഥമികാരോഗ്യപരിരക്ഷയും സാധാരണക്കാരന്റെ പ്രാപ്തിക്ക് അപ്പുറത്താണ്. ജനങ്ങള്‍ക്ക് ലഭ്യമായ ദൂരത്തില്‍ ആശുപത്രികളോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ ഇല്ല എന്നുള്ളത് ഒരു ന്യൂനതയാണ്. ആരോഗ്യകേന്ദ്രങ്ങളില്‍ മിക്കവയും ഡോക്ടര്‍മാര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നുകില്‍ ഡോക്ടര്‍മാരെ പോസ്റ്റുചെയ്യില്ല അല്ലെങ്കില്‍ അവര്‍ അവരുടെ ഔദ്യോഗിക കര്‍ത്തവ്യത്തിനു പകരം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് ഇതിനു പിന്നില്‍.

രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് ആശുപത്രികളുടെ ആവിര്‍ഭാവം മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യതയെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുന്നു. അത്തരം ആശുപത്രികളില്‍ എത്രപേര്‍ക്ക് ചികിത്സാ ചിലവുകള്‍ താങ്ങാന്‍ കഴിയുമെന്നുള്ളത് ചിന്തിക്കേണ്ട വസ്തുതയാണ്. വാസ്തവത്തില്‍ രാജ്യത്ത് ആരോഗ്യപരിചരണത്തിലെ തകര്‍ച്ചയ്ക്ക് വഴിതെളിക്കുന്നത് ഇത്തരം ആശുപത്രികളിലെ വാണിജ്യവത്ക്കരണമാണ്.

പ്രശ്‌ന പരിഹാര നയതന്ത്ര തലമാണ് പ്രധാന കാരണം. ആശുപത്രികളില്‍ ആരോഗ്യ പരിചരണത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ നിക്ഷേപത്തിലേക്ക് ഒഴുകുന്നു.

പാവപ്പെട്ടവനും സാധാരണക്കാരനും ഇതൊരു ശാപമാണ്. ആശുപത്രി ചിലവുകള്‍ താങ്ങാനാവുന്നതിനപ്പുറമാണ്. ശരിയായ മരുന്നു വില നയത്തിന്റെ അഭാവം മരുന്നുവില മനുഷ്യത്വരഹിതമായി കുതിച്ചുയരുന്നതിനു കാരണമാകുന്നു. പത്തു രൂപ വിലയുള്ള മരുന്ന് വിപണിയില്‍ നൂറു രൂപയില്‍ കുറയാതെയാണ് കിട്ടുന്നത്.

നല്ല ആരോഗ്യം ദീര്‍ഘകാല ജിവിതത്തിനു വഴിതെളിക്കുന്നു. നല്ല ആരോഗ്യ സംവിധാനം നേടിക്കൊടുക്കാന്‍ രാജ്യം പരാജയപ്പെടുമ്പോള്‍ ജീവിക്കാനുള്ള അവകാശം പരോക്ഷമായി അവര്‍ക്ക് നഷ്ടപ്പെടുന്നു. അത് ജനങ്ങള്‍ക്ക് കൊടുക്കാന്‍ അത്ര പ്രയാസമുള്ള കാര്യമല്ല. ആശുപത്രികളുടെ പ്രാഥമിക ഘട്ടം മുതല്‍ മൂന്നാം ഘട്ടം വരെയുള്ള വന്‍ തോതിലുള്ള അടിസ്ഥാന സൗകര്യം രാജ്യത്തുടനീളം ഉണ്ട്. പ്രതി വര്‍ഷം പതിനായിരക്കണക്കിനു കോടി രൂപ ഗവണ്‍മെന്റ് ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുന്നുണ്ട്. പക്ഷേ ഇത് അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തുന്നില്ല. പണം ന്യായമായ രീതിയില്‍ വിനിയോഗിച്ച് ഉത്തരവാദിത്തങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍, ജനങ്ങള്‍ക്ക് താങ്ങാവുന്ന ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ഗവണ്‍മെന്റ് ആശുപത്രി അനുഗ്രഹമാണ്.