കേരളത്തിന്റെ ആരോഗ്യ രംഗം രാജ്യത്തിന് മാതൃക മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

Web Desk
Posted on October 12, 2017, 9:19 pm

കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ രംഗത്തെ മികവ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത്. രോഗീപരിചരണം, ശുചിത്വം എന്നീ കാര്യങ്ങളിലും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. കേരളത്തിന്റെ നേട്ടങ്ങള്‍ മഹാരാഷ്ട്രയിലെ ആരോഗ്യ രംഗത്തും നടപ്പിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. രാജ്യത്തെ ആദ്യ എന്‍ എ ബി എച്ച് സര്‍ക്കാര്‍ ആശുപത്രിയായ കോഴിക്കോട് കോട്ടപ്പറമ്പിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ദീപക് സാവന്ത് സന്ദര്‍ശിച്ചു. ശിശുമരണ നിരക്ക് കുറച്ച് കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ കുറിച്ച് പഠിക്കാനുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ശിവസേനാ നേതാവ് കൂടിയായ മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ദീപക് സാവന്ത് കോഴിക്കോട്ടെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയത്. രാവിലെ പത്തരയോടെ എത്തിച്ചേര്‍ന്ന മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. ആശുപത്രിയും പരിസരവും വാര്‍ഡുമെല്ലാം മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. ഡോക്ടര്‍മാരോടും നഴ്‌സുമാരോടും വിവരങ്ങള്‍ അന്വഷിക്കുകയും ആരോഗ്യപരിചരണത്തെ കുറിച്ചും ആശുപത്രി സൗകര്യങ്ങളെ കുറിച്ചും ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.
ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ എന്ത് സംവിധാനമാണ് ഇവിടെ നടപ്പിലാക്കിയത് എന്ന് മനസിലാക്കാനാണ് കേരളത്തിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളം നല്ല ഉദാഹരണമാണ്. എല്ലാവരും ഇത് കണ്ട് പഠിക്കണം. നല്ലത് എവിടെയായാലും എല്ലാ സംസ്ഥാനങ്ങളും പാഠമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കുറഞ്ഞ ശിശുമരണ നിരക്കിനേയും മന്ത്രി പ്രകീര്‍ത്തിച്ചു. കോഴിക്കോട്ടുള്ള മറ്റ് ചില സര്‍ക്കാര്‍ ആശുപത്രികളും മന്ത്രിയും സംഘങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. കേരളത്തിലെ ആരോഗ്യ രംഗത്തെ വാനോളം പുകഴ്ത്തിയാണ് മന്ത്രി കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ നിന്നും മടങ്ങിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളം എല്ലാവര്‍ക്കും മാതൃകയാണെന്ന് മന്ത്രി പ്രതികരിച്ചു. മികച്ച സൗകര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്ന കോട്ടപ്പറമ്പ് ആശുപത്രി ജീവനക്കാരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല .കോട്ടപ്പറമ്പ് ആശുപത്രി സുപ്രണ്ട് അടക്കമുളളവരെ മഹാരാഷ്ടയിലേക്ക് ക്ഷണിച്ചാണ് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഡോക്ടര്‍ ദീപക് സാവന്ത് മടങ്ങിയത്. ഡി.എം.ഒ, വി. ജയശ്രീ ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ കെ.സി. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു.

Photo Courtesy : DNA