മല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷയിന്മേല്‍ വാദം നാളെ

Web Desk
Posted on December 03, 2017, 9:32 pm

മുംബൈ: വിജയ് മല്യയെ കുറ്റവാളി കൈമാറ്റ കരാര്‍ വഴി വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷയിന്മേല്‍ വാദം നാളെ ആരംഭിക്കും. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയിലാണു വാദം 9000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യയെ വിട്ടുകിട്ടിയാല്‍ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്നു കോടതിയെ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയിലെ ജയിലുകള്‍ സുരക്ഷിതമല്ലെന്നുള്ള മല്യയുടെ പ്രധാന തടസ്സവാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാസംവിധാനങ്ങളിലെ മികവ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മറുവാദത്തിനു കേന്ദ്രം തയാറെടുക്കുന്നത്. ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) വഴിയായിരിക്കും ഇക്കാര്യം കോടതിയെ അറിയിക്കുക. ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയശേഷം തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ.