ഹൃദയാഘാതം രക്ത പരിശോധനയിലൂടെ കണ്ടു പിടിക്കാനുള്ള ഉപകരണം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തി

തിരുവനന്തപുരം: ഹൃദയാഘാതം രക്ത പരിശോധനയിലൂടെ എത്രയും വേഗം കണ്ടു പിടിക്കാനുള്ള ഉപകരണം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തി. ആശുപത്രി വികസന സമിതിയുടെ ലാബിൽ ഇനി മുതൽ ഈ ഉപകരണം വഴി അതിവേഗം രോഗം കണ്ടു പിടിക്കാനാകും. 14 മിനിട്ടിനുള്ളിൽ ഫലം ലഭിക്കും. സാധാരണ ഹൃദയാഘാതം കണ്ടു പിടിക്കാൻ ചെയ്തു വരുന്ന പരിശോധനയിൽ നാലു മണിക്കൂർ കാത്തിരുന്നാലെ ഫലം ലഭിക്കുകയുള്ളൂ.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സമയനഷ്ടമില്ലതെ ഇനി മുതൽ രോഗം കണ്ടു പിടിച്ച് ചികിത്സ നൽകാനാകും. ഏറ്റവും ആധുനികമായ പോയിന്റ് ഓഫ് കെയർ ടെക്നോളജി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
വൻകിട ആശുപത്രികളിൽ മാത്രമേ നിലവിൽ ഈ ഉപകരണം ഉപയോഗിക്കുന്നുള്ളൂ.
ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് കുറേക്കൂടി വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ കോബാസ് എച്ച് 232 എ പുതിയ ഉപകരണം എത്തിയതോടെ കഴിയും. രോഗികളുടെ ബാഹുല്യം കാരണം കൃത്യമായ സമയത്ത് പരിശോധനകൾ പൂർത്തിയാക്കി ചികിത്സ ലഭ്യമാക്കാൻ പ്രയാസപ്പെടുന്ന ഡോക്ടർമാർക്ക് ഈ ഉപകരണം ഏറെ സഹായകരമായിരിക്കും.
ചിത്രം: ഹൃദയാഘാതം കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്താനുള്ള കോ ബാസ് എച്ച് 232 എന്ന ഉപകരണം