Web Desk

ലണ്ടന്‍

July 20, 2021, 10:54 am

ബ്രിട്ടനില്‍ ഉഷ്ണതരംഗം ശക്തമാകുന്നു

Janayugom Online

അന്തരീക്ഷോഷ്മാവ് 32 ഡിഗ്രി കടന്നതോടെ ബ്രിട്ടനിലെ ജീവിതം താറുമാറാവുകയാണ്. ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ഓടിയെത്തുന്നവര്‍ തീര്‍ക്കുന്ന ഗതാഗതക്കുരുക്കുകള്‍ക്കൊപ്പം വൈദ്യൂതി തടസ്സപ്പെടാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. മാത്രമല്ല, കൂടിയ ചൂട് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാനും ഇടയുണ്ട്. അതേ സമയം രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയും ലഭിച്ചു. സസ്സെക്സിന്റെ ചില ഭാഗങ്ങളില്‍ 50 മി. മീ വരെ മഴ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം വെയില്‍സിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, തെക്കന്‍ ഇംഗ്ലണ്ട്, മദ്ധ്യ ഇംഗ്ലണ്ട് എന്നിവിടങ്ങളിലും വ്യാഴാഴ്‌ച്ച വരെ കനത്ത ചൂടായിരിക്കുമെന്ന മുന്നറിയിപ്പാണ് ഉണ്ടായിട്ടുള്ളത്. മഴയ്ക്കും മഞ്ഞുവീഴ്‌ച്ചയ്ക്കും നല്‍കുന്ന മുന്നറിയിപ്പിന് സമാനമായ രീതിയില്‍ ഉഷ്ണതരംഗത്തിനെതിരെയും മുന്നറിയിപ്പ് നല്‍കാന്‍ ആരംഭിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്നുള്ള മരണനിരക്ക് അഭൂതപൂര്‍വ്വം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു നടപടി.

കാലാവസ്ഥാ മുന്നറിയിനൊപ്പം ആരോഗ്യകാര്യങ്ങളില്‍ മുന്നറിയിപ്പുമായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും രംഗത്തെത്തി. അവശരായവര്‍, രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഏറെ കരുതലെടുക്കണം എന്നാണ് മുന്നറിയിപ്പ്. ശരീരം ആകാവുന്നിടത്തോളം തണുപ്പിച്ച്‌ സൂക്ഷിക്കണമെന്നും കഴിയുന്നതും നേരിട്ടുള്ള സൂര്യപ്രകാശം ഏല്ക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒപ്പം ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ശാരീരികമായ അവശതകള്‍ അനുഭവിക്കുന്നവര്‍, ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉള്ള്വര്‍ തുടങ്ങിയവര്‍ കൂടുതല്‍ കരുതലെടുക്കേണ്ടതുണ്ട്. അതുപോലെ കുതിച്ചുയരുന്ന ചൂടില്‍ നിന്നും രക്ഷനേടാന്‍ അധികം പേരും സമുദ്രതീരത്തേക്കും മറ്റു ജലാശയങ്ങളിലേക്കുമായിരിക്കും പോവുക. ഇവിടങ്ങളില്‍ അപകടങ്ങള്‍ ഇല്ലാതെയിരിക്കാന്‍ അതീവ ശ്രദ്ധ ആവശ്യമാണ്. താപത്തിനോടെ അതീവ സംവേദനക്ഷമതയുള്ള ചില ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊടുംചൂടില്‍ പ്രവര്‍ത്തന രഹിതമാകാനും സാധ്യതയുണ്ട്. ഇത് വൈദ്യൂതി തടസ്സത്തിനു കാരണമായേക്കാം.അതുപോലെ റോഡ്,റെയില്‍, വ്യോമയാന ഗതാഗത സംവിധാനങ്ങളിലും ചില തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

കുട്ടികള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ഇടങ്ങളില്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അവര്‍ തണലുള്ള പ്രദേശങ്ങളിലാണ് കളിക്കുന്നതെന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പാക്കണം. തൊപ്പി ധരിക്കണം, കഴിയുന്നതും കൈകള്‍ വരെ മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നു. അതേസമയം, ബീച്ചുകളിലും മറ്റും തടിച്ചുകൂടുന്നവര്‍ പരിസരമലിനീകരണം ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry : Heat wave get­ting strong in Britain

You may also like this video :