സ്വര്‍ക്ഷവും നരകവും

Web Desk
Posted on November 25, 2017, 5:22 pm
സിദ്ദീഖ് മുഹമ്മദ്

‘എന്തുകൊണ്ടാണു ആളുകള്‍ എളുപ്പം അന്ധവിശ്വാസങ്ങളില്‍ അകപ്പെടുന്നത്?
മതാന്ധത മുതല്‍ കാര്യലാഭത്തിനായുള്ള ചെപ്പടിവിദ്യകളിലുള്ള വിശ്വാസം വരെ വര്‍ദ്ധിച്ചു വരുന്നു.
ഒരു വശത്ത് വിദ്യാഭ്യാസവും സാങ്കേതികവിദ്യയും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
മറുവശത്ത് അന്ധവിശ്വാസവും സാംസ്‌കാരികച്യുതിയും കൂടി വരുന്നു.
എവിടെയാണു പിഴവ് സംഭവിച്ചിരിക്കുന്നത്?’
ആശങ്കയോടെ അന്വേഷി മൗലായോട് ചോദിച്ചു.
അപ്പോള്‍ മൗലാ പറഞ്ഞു:
‘അടിസ്ഥാനപരമായി അഹന്തയും സ്വാര്‍ത്ഥതയും നിറഞ്ഞ മനുഷ്യസ്വത്വം സ്‌നേഹത്തിലൂടെയും വിവേകത്തിലൂടെയുമാണു സംസ്‌കരിക്കപ്പെടുന്നത്.
അപ്പോഴാണു അവനില്‍ മനുഷ്യത്വവും കാരുണ്യവും നിറഞ്ഞുവരുന്നത്.
പിന്നെയും വളരുമ്പോഴാണു ആധ്യാത്മികതയും ജ്ഞാനവും പ്രണയവുമെല്ലാം വഴി‘യായി വന്നെത്തുന്നത്.
അവിടെ ദൈവികത പൂത്തുതളിര്‍ക്കുന്നു.’
മൗലാ തുടര്‍ന്നു പറഞ്ഞു:
‘എന്നാല്‍, അഹന്തയില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും സംസ്‌കരിക്കപ്പെടാത്ത മനുഷ്യര്‍, തന്റെ സ്വാര്‍ത്ഥ നേട്ടത്തിനായി സര്‍വ്വ വഴികളും അന്വേഷിക്കുന്നു.
അങ്ങനെയാണു അന്ധവിശ്വാസങ്ങളുടെ അടിമകളായിത്തീരുന്നത്.’
മൗലാ വിശദീകരിച്ചു:
‘വിവേകത്തിലൂടെയും തിരിച്ചറിവിലൂടെയും ആന്തരികവളര്‍ച്ച പ്രാപിക്കുമ്പോഴാണു അന്ധതയില്‍ നിന്നും മുക്തമായ ശുദ്ധമായ ദൈവികത ഹൃദയത്തെ ആശ്ലേഷിക്കുന്നത്.
എന്നാല്‍, തൊഴില്‍ മാത്രം ലക്ഷ്യമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമോ, ലാഭം മാത്രം തേടുന്ന ഉപഭോക്തൃ സാമൂഹ്യ പരിതസ്ഥിതിയോ മനുഷ്യമനസ്സിനെ ആന്തരികമായി വളര്‍ത്തുകയില്ല.
കുട്ടികളായിരിയ്ക്കുമ്പോള്‍, വകതിരിവില്ലാത്ത കുഞ്ഞുമനസ്സിനെ നന്മയിലേക്ക് നയിക്കാന്‍ മിഠായി വാങ്ങിത്തരാമെന്നും (സ്വര്‍ഗ്ഗം), തെറ്റ് കാണിക്കുമ്പോള്‍ അടി കിട്ടുമെന്നും (നരകം) പറഞ്ഞ്
വളര്‍ത്തിയെടുക്കുന്നു. ഇത് പക്വതയും ബോധവുമെത്തുമ്പോള്‍ വിവേകവും തിരിച്ചറിവും നേടി, സ്‌നേഹത്തിലും കാരുണ്യത്തിലും ദൈവികത അനുഭവിയ്ക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായാണു.
എന്നാല്‍, ജീവിതം എത്ര മുന്നേറിയിട്ടും പക്വത വരാത്ത മനസ്സുകളാണു പിന്നെയും പിന്നെയും അന്ധവിശ്വാസങ്ങളില്‍ മുങ്ങിത്താഴുന്നത്.’