June 1, 2023 Thursday

ഡൽഹിയിൽ അതിശൈത്യം തുടരുന്നു

Janayugom Webdesk
December 30, 2019 10:16 pm

ന്യൂഡൽഹി: അതിശൈത്യം തുടരുന്ന ഡൽഹിയിൽ തീവണ്ടി ഗതാഗതം താറുമാറായി. വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് കാരണം റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ഡൽഹിയ്ക്കു സമീപം വാഹനാപകടത്തിൽ ആറ് പേർ മരിച്ചു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കട്ടിയേറിയ മഞ്ഞ് മൂടിയതിനാൽ വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനം തടസ്സപ്പെട്ടിട്ടുണ്ട്. സിഎടി III ബി സംവിധാനമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ ലാൻഡിങ് നടത്തുന്നത്. വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മൂടൽമഞ്ഞിനെ തുടർന്ന് 30 തീവണ്ടികൾ വൈകിയോടുകയാണ്. റോഡിൽ 50 അടി അകലെയുള്ള കാഴ്ചകൾ പോലും വ്യക്തമല്ലാത്തതിനാൽ എമർജൻസി ലൈറ്റ് ഇട്ടാണ് വാഹനങ്ങൾ യാത്രചെയ്യുന്നത്. ഗ്രേറ്റർ നോയ്ഡയിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞ് ആര് പേർ മരിച്ചു. ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടാഴ്ചയോളമായി ഡൽഹിയിലും യുപി, ബിഹാർ, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകൽ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡൽഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഡൽഹിയിൽ 2.2 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച കുറഞ്ഞ താപനില. കൂടിയ താപനില 13 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില 2.4 ഡിഗ്രി വരെ താഴ്ന്നിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.