പുളിക്കല്‍ സനില്‍ രാഘവന്‍

May 03, 2021, 4:08 pm

ബിജെപിക്കുണ്ടായ കനത്ത പരാജയം; പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാകുന്നു

Janayugom Online

സംസ്ഥാന നിയമസഭയില്‍ ആകെ ഉണ്ടായിരുന്ന നേമം സീറ്റ് കൂടി നഷ്ടമായതോടെ സംസ്ഥാന ബിജെപി രാഷട്രീയത്തില്‍ വന്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും,കേന്ദ്ര മന്ത്രിയും മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ വി. മുരളീധരനും നയിക്കുന്ന ഗ്രൂപ്പ് പാര്‍ട്ടിയില്‍ പിടിമുറുക്കിയതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം സജീവമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേടാണെന്നു പാര്‍ട്ടി അണികള്‍ പരസ്യമായി പറഞ്ഞു തുടങ്ങി. നേതൃത്വത്തെ വെല്ലുവിളിച്ച് പല കോണുകളില്‍ നിന്നും രംഗത്തു വന്നു കഴിഞ്ഞു. 

സംസ്ഥാന ബിജെപിയില്‍ മുരളീധരന്‍റെയും, മറ്റൊരു മുന്‍ സംസ്ഥാന പ്രസിഡന്‍റും, ദേശീയ സെക്രട്ടറിയുമായിരുന്ന പി.കെ കൃഷ്ണദാസിന്‍രെ നേതൃത്വത്തില്‍ രണ്ടു ഗ്രൂപ്പുകള്‍ നിലനിന്നിരുന്നു. എല്‍ഡിഎഫും, മുഖ്യമന്ത്രിയും പറഞ്ഞത് പോലെ ചെയ്തു. നേമത്തും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു. ഇനി ബിജെപിയിൽ കലാപകാലമാണ്. കെ സുരേന്ദ്രന്‍ പ്രതികൂട്ടിലാണ്. ഇതിനെ ഗൗരവത്തോടെ തന്നെ ബിജെപി കേന്ദ്ര നേതൃത്വം കാണും. ബംഗാളിലും കേരളത്തിലും ബിജെപിയുടെ പ്രതീക്ഷകൾ തെറ്റി. എന്നാൽ നിയമസഭയിൽ രണ്ടു സീറ്റുണ്ടായിരുന്ന ബിജെപിയുടെ നിയമസഭാ അംഗങ്ങൾ പല മടങ്ങ് കൂടി. അവിടെ പ്രധാന പ്രതിപക്ഷവുമായി. 

എന്നാൽ കേരളത്തിൽ അക്കൗണ്ടും നഷ്ടമായി. കേരളത്തിലെ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന കെ. മുരളീധരനെ ഉടൻ മന്ത്രിസഭയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തിന്റെ മുന്പില്‍ എത്തിയിരിക്കുന്നു. സമഗ്ര അഴിച്ചു പണിയാണ് ആവശ്യപ്പെടുന്നത്. അതിനിടെ തന്നെ കാലു വാരി തോൽപ്പിച്ചതാണെന്ന ആരോപണവുമായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും രംഗത്തു വന്നു.ഇ.ശ്രീധരനെ പോലെ, ദേശീയ തലത്തിൽ അറിയപ്പെടുന്ന സ്ഥാനാർത്ഥി പാലക്കാട്ടു തോറ്റതിന്റെ കാരണം ബിജെപി അണികളേയും ഞെട്ടിച്ചിട്ടുണ്ട്. ആർഎസ്എസിന്റെയും മറ്റു സംഘപരിവാർ സംഘടനകളുടെയും അധ്വാനവും രാഷ്ട്രീയത്തിനതീതമായി ലഭിച്ച പിന്തുണയുമുണ്ടായിട്ടും സംഭവിച്ച തോൽവി ഇഴകീറി പരിശോധിക്കും. എന്നാൽ മറ്റിടത്തെല്ലാം ദയനീയ പരാജയമായിരുന്നു. തൃശൂരിൽ സുരേഷ് ഗോപി മുന്നാം സ്ഥാനത്തായി. കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു. നേമം കൈവിട്ടു. 

ഇതിനെല്ലാം കാരണം ബിജെപി നേതൃത്വത്തിന്റെ പടിപ്പുകേടാണെന്നാണ് അണികളുടെ അഭിപ്രായം. ഇതെല്ലാമാണ് അമിത് ഷായുടെ പേജിൽ പൊങ്കാലയായി മാറുന്നത്. ഇതിനൊപ്പമാണ് നേമം മണ്ഡലത്തിലെ ഏക അക്കൗണ്ടും പൂട്ടിയതോടെ മുതിർന്ന നേതാവും നേമം എംഎ‍ൽഎയുമായിരുന്ന ഒ.രാജഗോപാലിനെതിരെ പരിവാറുകാരുടെ തന്നെ ആക്രമണം. നേമത്ത് കുമ്മനം രാജശേഖരന്റെ തോൽവി രാജഗോപാൽ മൂലമാണെന്നാണ് കമന്റുകളിലെ പ്രധാന ആരോപണം. അസഭ്യവർഷവും വ്യക്തിഹത്യയും ഭീഷണികളും വരെ കമന്റുകളായുണ്ട്. പാർട്ടിയെ വഞ്ചിച്ചയാളാണെന്നും എ.കെ.ജി സെന്ററിൽ പോയിരിക്കൂ എന്നും രാജഗോപാലിനോട് ബിജെപി അനുകൂലികൾ സൈബർ ഇടത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വോട്ട് ചെയ്തവർക്ക് നന്ദിയറിയിച്ച് ഒ രാജഗോപാൽ ഫേസ്‌ബുക്ക് ഒഫീഷ്യൽ പേജിൽ പങ്കുവച്ച കുറിപ്പിന് കീഴെയാണ് ബിജെപി അനുകൂലികളുടെ അസഭ്യവർഷം.”ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി…ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.…” എന്നായിരുന്നു പോസ്റ്റ്. അതിനു താഴെയാണ് രാജഗോപാലിനെ വിമര്‍ശിക്കുന്ന കമന്‍റുകള്‍. നേമത്ത് മത്സരിക്കാൻ രാജഗോപാലിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ബിജെപി നേതൃത്വം അതിന് അനുമതി നല്‍കിയില്ല. ആർഎസ്എസ് സൈദ്ധാന്തികനായ ആർ ബാലശങ്കർ മത്സരിക്കാനെത്തിയെങ്കിലും ചെങ്ങന്നൂർ സീറ്റ് കൊടുത്തില്ല. കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ മത്സരിച്ചു. രണ്ടിടത്തും തോൽവിയായിരുന്നു ഫലം. കോന്നിയിൽ മൂന്നാം സ്ഥാനത്ത്. അതും ഏറെ പിന്നിൽ. തൃശൂരിൽ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനുമാണ്. 

രണ്ടു പേരും മികച്ച പ്രകടനം നടത്തി. തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണെങ്കിലും പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടി. മറ്റൊരിടത്തും ബിജെപിക്ക് ഒരു പ്രതീക്ഷയും ഒരു ഘട്ടത്തിലും ഉണ്ടായില്ല. കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും കാട്ടക്കടയിലും തിരുവനന്തപുരത്തും ബിജെപിക്ക് മുന്നേറാനായില്ല. അവകാശ വാദങ്ങളെല്ലാം വെറുതെയായി. എല്ലായിടത്തും എല്‍ഡിഎഫ് ജയിച്ചു കയറി. ഇതെല്ലാം കേന്ദ്ര നേതൃത്വം ഗൗരവത്തോടെ കാണും. ഇതിനൊപ്പമാണ് കേരളത്തിലെ വിമത ശബ്ദങ്ങൾ. സുരേന്ദ്രനും വി മുരളീധരനും ചേർന്ന് പാർട്ടി ഹൈജാക്ക് ചെയ്തതാണ് തോൽവിക്ക് കാരണമെന്ന വാദം ശക്തമാകും. ഇതിനെ ചെറുക്കാൻ മുരളീധര പക്ഷത്ത് കഴിയുകയുമില്ല. മുന്‍ ആര്‍എസ് എസ് പ്രചാരകനും, പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പിപി മുകുന്ദനെ പോലുള്ളവരെ മറന്നതാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന വിലയിരുത്തലും ശക്തമാണ് ബിജെപിക്ക് വോട്ട് ഷെയറിലും വലിയ കുറവുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. ലോക്‌സഭയിൽ ഇത് കൂടുകയും ചെയ്തു. 

എന്നാൽ ഇത്തവണ ഇത് 11 ശതമാനത്തിനും 12 ശതമാനത്തിനും ഇടയിലാണ്. അതായത് വലിയ കുറവ് ബിജെപിക്ക് ഉണ്ടാകുന്നു. കൊടകരയിൽ ബിജെപിയുടെ കള്ളവോട്ട് പിടിച്ചതും ചർച്ചകളിലുണ്ട്. ഇതിലും ഇനി പൊലീസിന്റെ അതിശക്തമായ ഇടപെടലുണ്ടാകും. അതും ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്. ബിജെപി നേതാക്കളിലേക്ക് അന്വേഷണം കൊണ്ടു പോകാൻ പൊലീസ് ശ്രമിച്ചാൽ അത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കും. എന്തു കൊണ്ട് നേമത്ത് തോറ്റുവെന്ന ചർച്ചകൾ ബിജെപിയെ വലിയ പ്രതിസന്ധിയിലാകും. നേമത്തെ ബിജെപിയുടെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ വാക്കുകളും ദോഷം ചെയ്തുവെന്ന വിലയിരുത്തൽ സജീവമാകും.സംസ്ഥാന നേതൃത്വത്തെ ആകെ മാറ്റാൻ സാധ്യതയുണ്ട്. സുരേഷ് ഗോപിയെ പോലുള്ളവരെ ബിജെപിയുടെ നേതൃത്വത്തിൽ സജീവമാക്കാനുള്ള ചർച്ചകൾക്കും തുടക്കമിടും. പിപി മുകുന്ദനെ പോലുള്ളവരെ നേതൃ നിരയിൽ സജീവമാക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചു. എന്നാൽ കൃഷ്ണദാസ് പക്ഷം അതിനെ അനുകൂലിച്ചില്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയപല മണ്ഡലങ്ങളിലും ഇത്തവണ ദയനീയ അവസ്ഥായാണ് ബിജെപിക്ക് ഉണ്ടായത്.

ENGLISH SUMMARY:Heavy defeat for BJP
You may also like this video