അനില്‍കുമാര്‍ ഒഞ്ചിയം

കോഴിക്കോട്

May 03, 2021, 7:03 pm

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം കോണ്‍ഗ്രസ്സില്‍ കലാപം രൂക്ഷമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം ആരോപിച്ച് വിവിധ ഗ്രൂപ്പുനേതാക്കള്‍ ഇതിനകം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. നേതൃമാറ്റം എന്ന മുറവിളി ഗ്രൂപ്പു മാനേജര്‍മാര്‍ തന്നെ ഉയര്‍ത്തുകയാണ്. കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്താല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്രയും പെട്ടന്ന് കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്നാണ് ഗ്രൂപ്പിനതീതമായി ആവശ്യം ഉയര്‍ന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നേതാക്കളും അണികളും പരസ്യമായി ഈ ആവശ്യം ഉന്നയിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കു മേല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിഷ്ഠിച്ചത് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തിയിരുന്നെന്നും ഇതെല്ലാം പരാജയത്തിന് കാരണമായിട്ടുണ്ടെന്നും ഒരുവിഭാഗം ആരോപിക്കുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ നിര്‍ദ്ദേശിച്ച അഴിച്ചുപണി നേതാക്കള്‍ അവഗണിക്കുകയായിരുന്നുവെന്നാണ് കെപിസിസി നേതൃത്വത്തിനെതിരായ മറ്റൊരു ആരോപണം. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഗ്രൂപ്പ് നേതാക്കള്‍ക്ക് വഴങ്ങിക്കൊടുത്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി രൂപീകരിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റിയെ ഹൈക്കമാന്റ് തന്നെ നോക്കുകുത്തിയാക്കി. പുതുമുഖങ്ങളുടെ പേരില്‍ നേതാക്കളുടെ അടുപ്പക്കാരെ സ്ഥാനാര്‍ത്ഥിയാക്കി തുടങ്ങിയ ആരോപണങ്ങളും നേതൃത്വത്തിനെതിരെ ഉയരുകയാണ്. ഹൈക്കമാന്റ് ഗ്രൂപ്പ് നേതാക്കള്‍ക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു. അടിത്തട്ട് ശക്തിപ്പെടുത്തുന്നതില്‍ കെപിസിസി അധ്യക്ഷന്‍ പരാജയപ്പെട്ടെന്നുതന്നെയാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. പരാജയം സംബന്ധിച്ച് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടുമെന്നാണ് അറിയുന്നത്.

മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഇതിനകം കേന്ദ്രനേതൃത്വത്തിന് ഒട്ടേറെ ഡിസിസികള്‍ കത്തയച്ചുകഴിഞ്ഞു. ഈ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും ചില ജില്ലാഘടകങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല പരാജയമായിരുന്നുവെന്നും സര്‍ക്കാരിന്റെ പല ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും യുഡിഎഫ് എതിരാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കാരണമായിട്ടുണ്ടെന്നുമാണ് ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസ് അണികള്‍ വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനംഒഴിയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ മാറ്റാന്‍ ഹൈക്കമാന്റ് തയ്യാറാവണമെന്നുമാണ് ആവശ്യം ഉയരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് വി ഡി സതീശന്റെ പേരും എ ഗ്രൂപ്പ് തിരവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരുമാണ് ഉന്നയിച്ചിരിക്കുന്നത്. പി ടി തോമസ്, പി സി വിഷ്ണുനാഥ് തുടങ്ങിയ പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസ്സില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒട്ടേറെ ഡിസിസി അധ്യക്ഷന്‍മാര്‍ ഇതിനകം രാജിക്കത്ത് നല്‍കിക്കഴിഞ്ഞു.

ENGLISH SUMMARY:Heavy defeat in Assem­bly elec­tions; Con­flict in Congress
You may also like this video