Friday
18 Oct 2019

വരള്‍ച്ചയുടെ വ്യാപ്തി ഭയാനകമാകുന്നു

By: Web Desk | Saturday 6 July 2019 11:00 PM IST


new-age editorial janayugom

രാജ്യത്ത് രൂക്ഷമായ ജലക്ഷാമമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇതിന്റെ ഭാഗമായി ദിനംപ്രതി 808 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. രാജ്യത്തെ കര്‍ഷക സമൂഹം പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഈ രൂക്ഷമായ അവസ്ഥയില്‍ നിന്നുള്ള മോചനം അഭ്യര്‍ഥിക്കുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ കര്‍ഷക സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള ഒരു കാര്യവും ഇനിയും ചെയ്തിട്ടില്ല. ഭരണവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തികച്ചും നിസാരമാണ്.

ആഗോളതാപനത്തിന്റെ കെടുതികള്‍ രാജ്യത്തെ ബാധിക്കുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളും വര്‍ള്‍ച്ചയുടെ പിടിയിലാണ്. ഇതില്‍ നിന്നുള്ള മോചനത്തിന്റെ രജതരേഖപോലും കാണാനില്ല. പടിഞ്ഞാറന്‍, തെക്കന്‍ സംസ്ഥാനങ്ങളിലാണ് വരള്‍ച്ചയും അതിന്റെ കെടുതികളും രൂക്ഷമായി തുടരുന്നത്. ഇതെല്ലാംതന്നെ രൂക്ഷമായ ജലക്ഷാമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ ജലക്ഷാമം കാര്‍ഷികോല്‍പ്പാദനത്തേയും ഭക്ഷ്യസുരക്ഷയേയും പ്രതികൂലമായി ബാധിക്കും.
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട അവസരമാണ്. ഭൂഗര്‍ഭ ജലനിരപ്പ് ഗണ്യമായി താഴുന്നു. കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലെ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ച പരിഹാര നിര്‍ദ്ദേശങ്ങള്‍ വികസിത രാജ്യങ്ങള്‍ അംഗീകരിക്കാത്തത് പ്രശ്‌നപരിഹാരം അകലെയെന്നാണ് സൂചിപ്പിക്കുന്നത്. നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലെ ഭീകരമായ മാറ്റങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പ്രളയം, വരള്‍ച്ച എന്നിവ തുടര്‍ക്കഥയാകുന്നു. നദികള്‍, തടാകങ്ങള്‍ എന്നിവയിലെ മലിനീകരണം, നഗരവല്‍ക്കരണം, ഭൂഗര്‍ഭ ജലത്തിന്റെ അമിത ഉപയോഗം, ജനസംഖ്യാ വര്‍ധന തുടങ്ങിയ കാര്യങ്ങളും ജലക്ഷാമത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ജലക്ഷാമം ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ജലവൈദ്യുത പദ്ധതികളെയാണ് ഈ രാജ്യങ്ങള്‍ വൈദ്യുതിക്കായി ആശ്രയിക്കുന്നത്.
ഇതിലൊക്കെ ഉപരിയായി മഴവെള്ളത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് രാജ്യത്ത് സംരക്ഷിക്കപ്പെടുന്നത്. ബാക്കിയുള്ളവ സമുദ്രങ്ങളില്‍ പതിക്കുന്നു. നമ്മുടെ രാജ്യത്തെ ജലവിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യത്തിന് അനുസരിച്ചുള്ള കാര്യക്ഷമതയില്ലാത്തതാണ്. ജലം ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണെന്ന കാര്യത്തെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ദിനംപ്രതി ഔദ്യോഗിക ജലവിതരണ സംവിധാനത്തിലൂടെ മാത്രം 48 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് നഷ്ടപ്പെടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാഴാക്കിക്കളയുന്ന വെള്ളം 200 ദശലക്ഷം പേര്‍ക്ക് കുടിക്കാന്‍ മതിയാവോളമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെന്നൈ നഗരത്തില്‍ രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണിത്. കുപ്പിവെള്ളത്തിന്റെ വില നാലുമടങ്ങ് വര്‍ധിച്ചു. 600 അടിയോളം ആഴമുള്ള കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നു. ഹോട്ടലുകളും ഐടി സ്ഥാപനങ്ങളും അടച്ചുപൂട്ടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ചില ഐടി കമ്പനികള്‍ നിര്‍ദ്ദേശിച്ചു. ജലത്തിനായി നെട്ടോട്ടമോടുന്ന സാധാരണ അവസ്ഥയല്ലിത്. പ്രവചിച്ചതിനേക്കാള്‍ വളരെ നേരത്തെ ഗുരുതരമായ ജലക്ഷാമം അനുഭവപ്പെടുന്നു. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 600 ദശലക്ഷം പേരാണ് ജലക്ഷാമത്തിന്റെ കെടുതിയില്‍പ്പെട്ടത്. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഓരോ വര്‍ഷവും രണ്ട് ലക്ഷം പേര്‍ മരിക്കുന്നു. ലഭ്യമാകുന്ന ജലത്തിന്റെ 70 ശതമാനവും മലിനമാണ്. എന്നാല്‍ ജലദൗര്‍ലഭ്യമുള്ള രാജ്യമല്ല ഇന്ത്യയെന്നത് പ്രധാന വസ്തുത.

ഓരോവര്‍ഷവും പ്രതിശീര്‍ഷ ജലത്തിന്റെ അളവ് ഗണ്യമായി കുറയുന്നു. 1951 ല്‍ പ്രതിശീര്‍ഷ ജലത്തിന്റെ തോത് 5177 ഘനമീറ്റര്‍ ആയിരുന്നത് ഇപ്പോള്‍ 2019ല്‍ 1720 ഘനമീറ്ററായി കുറഞ്ഞു. ഓരോ വര്‍ഷവും രാജ്യത്തെ ജലവിതാനത്തിന്റെ തോത് 0.3 മീറ്റര്‍ കുറയുന്നതായാണ് നാസയുടെ റിപ്പോര്‍ട്ട് അടിവരയിടുന്നത്. 2030 ആകുമ്പോള്‍ ഇപ്പോഴത്തെക്കാള്‍ 50 ശതമാനം കൂടുതല്‍ ജലദൗര്‍ലഭ്യത രാജ്യത്ത് അനുഭവപ്പെടുമെന്നാണ് എഡിബിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതൊക്കെ ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ജലക്ഷാമം രൂക്ഷമാക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രശ്‌നം രൂക്ഷമാകാനാണ് ഏറെ സാധ്യത. ഈ വിഷയവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ ബോധവല്‍ക്കരണം ഉണ്ടാകണം. ജലത്തിന്റെ യുക്തിസഹജമായ ഉപയോഗം സംബന്ധിച്ച ബോധവല്‍ക്കരണമാണ് നടപ്പാക്കേണ്ടത്. ജലസംഭരണികളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനും കയ്യേറ്റം തടയുന്നതിനുമുള്ള നിയമം പാസാക്കേണ്ടത് അനിവാര്യമാണ്. എത്രമാത്രം മഴവെള്ളം സമുദ്രത്തില്‍ പതിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഭൂഗര്‍ഭ ജലനിരപ്പ് ആശാവഹമായി നിലനിര്‍ത്തുന്നതിന് തടയണകള്‍ നിര്‍മ്മിക്കണം. ഇതിലൂടെ ഉപരിതല ജലവും സംരക്ഷിക്കാന്‍ കഴിയും.

ജലഉപയോഗം സംബന്ധിച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അനന്തര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ജീവന്‍ തന്നെ പ്രതിസന്ധിയിലാകുമ്പോള്‍ അതിലാകണം ശ്രദ്ധപതിപ്പിക്കേണ്ടത്. ജീവന്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദാസീനത ഭരണകൂടത്തെ ഗുരുതരമായ പ്രതിസന്ധിയിലാകും എത്തിക്കുന്നത്.