സംസ്ഥാനത്ത് കനത്ത വരള്‍ച്ചാ ഭീഷണി; മഴ മേഘങ്ങളെ കാറ്റ് കവരുന്നതായി കാലാവസ്ഥ ശാസ്ത്ര്ജ്ഞരുടെ കണ്ടെത്തല്‍

Web Desk
Posted on July 04, 2019, 12:20 pm

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മേഘങ്ങളെ കാറ്റ് കവരുന്നതായി കാലാവസ്ഥ ശാസ്ത്ര്ജ്ഞരുടെ കണ്ടെത്തല്‍. ഇത് സംസ്ഥാനത്ത് കനത്ത വരള്‍ച്ചാ ഭീഷണിക്ക് കാരണമായേക്കും. ശക്തമായ കാറ്റില്‍ മഴമേഘങ്ങള്‍ അതിര്‍ത്തി കടന്നതോടെയാണു സംസ്ഥാനത്തു മഴയൊഴിഞ്ഞത്. ദക്ഷിണേന്ത്യയില്‍ പെയ്യേണ്ട മഴ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ തിമിര്‍ത്തു പെയ്യുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ മഴയ്ക്കുള്ള സാഹചര്യം രൂപപ്പെട്ടില്ലെങ്കില്‍ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലാകും.

അറബിക്കടലില്‍ രൂപംകൊണ്ട ‘വായു’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചശേഷം കേരളതീരം വിട്ടതാണു കാലവര്‍ഷം ദുര്‍ബലമാക്കിയത്. തുടര്‍ച്ചയായി കാറ്റ് പ്രതികൂലമായതോടെ രൂപപ്പെടുന്ന മഴമേഘങ്ങള്‍ സംസ്ഥാനത്തിനു മുകളില്‍നിന്നു നീങ്ങിയതാണ് മഴയെ അകറ്റിയത്.
മഴയ്ക്കു വില്ലനാകുന്നത് എന്‍നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണിത്. പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്നതു മണ്‍സൂണിനു വഴിവയ്ക്കുന്ന കാറ്റിന്റെ ചലനത്തെയും ബാധിക്കും. ഇതുമൂലമാണത്രേ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണ്‍ കാലത്തിനു സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നാണ് കാലാവസ്ഥ ശാസത്രജ്ഞരുടെ നിഗമനം.

ഒരു വര്‍ഷം ശരാശരി മൂവായിരം മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. ശരാശരി 64.3 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ പെയ്തത് 35.85 സെന്റിമീറ്റര്‍ മാത്രം. കഴിഞ്ഞ ജൂണില്‍ 75.15 സെ.മീ മഴ ലഭിച്ചപ്പോള്‍ ഇത്തവണ പകുതി പോലുമില്ലെന്നു ചുരുക്കം. കാലവര്‍ഷം ഇത്രയും ദുര്‍ബലമാകുന്നത് 150 വര്‍ഷത്തിനിടെ ആദ്യമായാണെന്നു കണക്കുകള്‍ സാക്ഷ്യം. കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുന്നതിന്റെ ലക്ഷണമാണ് ഇപ്പോഴത്തേതെന്നാണു സൂചന.

you may also like this video