ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് വ്യോമ ഗതാഗതം തടസ്സപ്പെട്ടു

Web Desk
Posted on December 21, 2019, 9:41 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് കാരണം ശനിയാഴ്ച അർധരാത്രിവരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് 46 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കൂടാതെ, ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകൾ വൈകുമെന്നും അധികൃതർ അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.
വെളളിയാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകി. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഡൽഹി വിമാനത്താവള അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഡൽഹിയിൽ രാത്രി 6.6 ഡിഗ്രിയും പകൽ സമയങ്ങളിൽ 18 ഡിഗ്രിയുമാണ് ഇപ്പോഴത്തെ താപനില.