ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: കാറപകടത്തിൽ കുഞ്ഞുങ്ങളടക്കം ആറ് മരണം

Web Desk
Posted on December 30, 2019, 9:32 am

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സംഭലില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ട നിലയിൽത്തന്നെയാണ്. റോഡിൽ പലയിടത്തും മുന്നോട്ട് അൽപം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് തീവണ്ടികളാണ് വൈകിയോടുന്നത്. കൂടാതെ രൂക്ഷമായ വായുമലിനീകരണമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്.

ശീതക്കാറ്റ് അടുത്ത മൂന്ന് ദിവസം കൂടി നീളാനാണ് സാധ്യത. 118 വർഷത്തിനിടെയുള്ള ഏറ്റവും ശൈത്യമേറിയ പകലായിരുന്നു ഡൽഹിയിൽ ശനിയാഴ്ച. ഞായറാഴ്ച രാവിലെയാകട്ടെ, താപനില 3.4 ഡിഗ്രിയായി കുറഞ്ഞു. ദിവസം മുഴുവൻ രേഖപ്പെടുത്തിയ ശരാശരി താപനില രേഖപ്പെടുത്തിയത് 2.5 ഡിഗ്രി മാത്രമാണ്. രണ്ടാഴ്ചയോളമായി ഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്റെ പിടിയിലാണ്. തുടര്‍ന്ന് ഡല്‍ഹി, യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

you may also like this video