ജാഗ്രതവേണം; സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ കനത്ത മഴയുണ്ടാകും

Web Desk
Posted on October 07, 2019, 6:43 pm

തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒരു ജില്ലയിലും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കൂടുതല്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുംദിവസങ്ങളിലൊന്നും സംസ്ഥാനത്തെ തീരമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പില്ല. മുന്നറിയിപ്പിലുള്ള ജില്ലകളിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.