Janayugom Online
landslide malappuram janayugom

കാലവര്‍ഷം: പൊന്നാനി താലൂക്കിലെ മൂന്ന് വില്ലേജുകളില്‍ ജാഗ്രത നിര്‍ദ്ദേശം

Web Desk
Posted on August 14, 2018, 9:00 pm

മലപ്പുറം: കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പൊന്നാനി താലൂക്കിലെ മൂന്ന് വില്ലേജുകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഭാരതപ്പുഴയില്‍ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് താലൂക്കിലെ ഈഴവതുരത്തി, കാലടി, തവനൂര്‍ എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് വീടുകള്‍ വെള്ളത്തിലായ കുടുംബങ്ങള്‍ക്കായി ക്യാംപുകള്‍ തുറന്നു.
ഈഴവതുരത്തിയില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളാണ് ചമ്രവട്ടം ഇറിഗേഷന്‍ പ്രൊജക്ട് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലുള്ളത്. മുമ്പ് ക്യാംപില്‍ ഉണ്ടായിരുന്ന 14 കുടുംബങ്ങള്‍ വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് വീടുകളിലേക്ക് തിരിച്ച് പോയി.

ക്യാംപിലുള്ളവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരീയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററിലെ (ഐ.സി.എസ്.ആര്‍) കാന്റീനില്‍ ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രതികൂല കാലവസ്ഥ ഉണ്ടായാല്‍ കാലടിലെയും തവനൂരിലെയും കുടുംബങ്ങളെ മാറ്റി താമസിക്കുവാന്‍ അതളൂര്‍ എന്‍.എസ്.എസ് സ്‌കൂളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. താലൂക്കിലെ കടലോര പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. പൊന്നാനി പൗര്‍ണ്ണമി തീയേറ്ററിന് സമീപത്ത് പ്രദേശവാസികളുടെ ജീവന് ഭീഷണിയായ മരം പൊന്നാനി തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റി. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് താലൂക്കിലെ വില്ലേജ് ഓഫീസുകള്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കും.